Follow Us On

22

January

2025

Wednesday

സ്വര്‍ഗസ്ഥനായ പിതാവേ സംസ്‌കൃത സംഗീത ആല്‍ബം മാര്‍പാപ്പ പ്രകാശനം ചെയ്തു

സ്വര്‍ഗസ്ഥനായ പിതാവേ സംസ്‌കൃത സംഗീത ആല്‍ബം മാര്‍പാപ്പ പ്രകാശനം ചെയ്തു
വത്തിക്കാന്‍ സിറ്റി: സ്വര്‍ഗസ്ഥനായ പിതാവേ എന്ന വിശ്വവിഖ്യാത പ്രാര്‍ത്ഥനയെ പുരാതന ഭാരതീയ ഭാഷയായ സംസ്‌കൃതത്തിന്റെയും കര്‍ണാട്ടിക് സംഗീതത്തിന്റെയും അകമ്പടിയോടെയുള്ള സംഗീത ആല്‍ബം ‘സര്‍വ്വേശ’ വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനം ചെയ്തു. പത്മവിഭൂഷണ്‍ ഡോ. കെ. ജെ. യേശുദാസ് ഉള്‍പ്പെടെയുള്ളവര്‍ ആലപിച്ചതാണ് ഈ അന്തര്‍ദേശീയ സംഗീത ആല്‍ബം.
പ്രശസ്ത കര്‍ണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ. ഡോ. പോള്‍ പൂവത്തിങ്കല്‍ സിഎംഐ സംഗീത സംവിധാനവും നിര്‍മാണവും നിര്‍വഹിച്ചിരിക്കുന്ന സംഗീത ആല്‍ബമാണ് ‘സര്‍വ്വേശ.’ ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജും ചേര്‍ന്നു സമര്‍പ്പിച്ച ഫലകത്തില്‍ ഒപ്പുവച്ചുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രകാശനകര്‍മം നിര്‍വഹിച്ചത്. 100 വൈദികരും 100 കന്യാസ്ത്രീമാരും ചേര്‍ന്നാണ് ഈ അന്തര്‍ദ്ദേശീയ സംഗീത ശില്പം ആലപിച്ചിരിക്കുന്നത്.
‘ക്രിസ്തു ഭാഗവതം’ എന്ന പുസ്തകത്തില്‍നിന്ന് എടുത്ത ‘അസ്മാകം താത സര്‍വ്വേശ'(സ്വര്‍ഗസ്ഥനായ പിതാവേ) എന്ന വരികള്‍ക്ക് ഭാരതീയ സംഗീതത്തിലെ സ്വരസങ്കല്പവും, സാങ്കേതികത നിറഞ്ഞ പശ്ചാത്യസംഗീതത്തിലെ ബഹുസ്വരതയും കൂടിച്ചേരുന്നു എന്നൊരു പ്രത്യേകയുമുണ്ട്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജിലെ മുന്‍ സംസ്‌കൃത പ്രഫസറും സംസ്‌കൃത പണ്ഡിതനുമായിരുന്ന പ്രഫ. പി.സി ദേവസ്യയുടെ കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ കൃതിയാണ് ‘ക്രിസ്തു ഭാഗവതം.’
ഈ സംഗീത ആല്‍ബത്തിന്റെ ഓര്‍ക്കസ്ട്രേഷന്‍ നിര്‍വഹിച്ചിരിക്കുന്നത് പ്രസിദ്ധ വയലിനിസ്റ്റും ദക്ഷിണേന്ത്യയിലേക്കു ലഭിച്ച ഗ്രാമി അവാര്‍ഡുകളില്‍ നിറസാന്നിധ്യവുമായിരുന്ന മനോജ് ജോര്‍ജ് ആണ്.
സംഗീത ശില്പത്തിന്റെ ഒന്നാം ഭാഗത്തിന്റെ റെക്കോര്‍ഡിങ് ജൂണ്‍ മാസത്തില്‍ തൃശൂര്‍ ചേതന സ്റ്റുഡിയോയിലും രണ്ടാം ഭാഗ റെക്കോര്‍ഡിംഗ് ജൂലൈയില്‍ എറണാകുളത്തെ സിഎസി  സ്റ്റുഡിയോയിലും 100 വൈദികരെയും 100 സിസ്റ്റേഴ്‌സിനെയും അണിനിരത്തി റെക്കോര്‍ഡ് ചെയ്തു. ഇളംകുളത്തുള്ള ലിറ്റില്‍ ഫ്‌ളവര്‍ ദൈവാലയത്തില്‍വച്ച് അന്ന് ഉച്ചകഴിഞ്ഞ് അതിന്റെ വീഡിയോയും ചിത്രീകരിച്ചു.
മികച്ച റെക്കോര്‍ഡിംഗ് എഞ്ചിനീയര്‍മാരായ സജി ആര്‍. നായര്‍, കൃഷ്ണചന്ദ്രന്‍, നിഖില്‍ എന്നിവരാണ് ഇതിന്റെ ഓഡിയോ റെക്കോര്‍ഡിംഗ് നിര്‍വഹിച്ചിരിക്കുന്നത്. എറണാകുളം, എളംകുളം ലിറ്റില്‍ ഫ്‌ലവര്‍ ദൈവാലയത്തില്‍ നടന്ന ദൃശ്യാവിഷ്‌കാരം നിര്‍വഹിച്ചത് അഭിലാഷ് വളാഞ്ചേരിയും സംഘവുമായിരുന്നു.
മൂന്നാംഭാഗ റെക്കോര്‍ഡിംഗ് (വെസ്റ്റേണ്‍ ഓര്‍ക്കസ്ട്ര) അമേരിക്കയിലെ ലോസാഞ്ചലസിലെ പ്രസിദ്ധമായ വില്ലജ് സ്റ്റുഡിയോയില്‍ ഓഗസ്റ്റ് മാസത്തിലായിരുന്നു. അമേരിക്കയിലെ പ്രശസ്തരായ 25 പേരാണ് ഓര്‍ക്കസ്ട്ര ചെയ്തത്. അന്താരാഷ്ട്ര തലത്തിലുള്ള ആല്‍ബമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെയാണ് ലോസാഞ്ചലസില്‍ റിക്കോര്‍ഡിംഗ് നടത്തിയത്.
തന്റെ സംഗീത ജീവിതത്തിലെ ഏറ്റവും വലിയ സംഗീത ആവിഷ്‌കാരമായാണ് ഫാ. പൂവത്തിങ്കല്‍ ‘സര്‍വ്വേശ’ ആല്‍ബത്തെ വിലയിരുത്തുന്നത്. 100 വൈദികരും 100 സിസ്റ്റേഴ്‌സും ഒന്നിക്കുന്ന ഒരു ആല്‍ബം ആദ്യമായിട്ടായിരിക്കുമെന്ന് അദ്ദേഹം പറയുന്നു. ദൈവത്തിന്റെ സ്വന്തം പദ്ധതിയെന്നാണ് ഫാ. പോള്‍ പൂവത്തിങ്കല്‍ വിശേഷിപ്പിക്കുന്നത്.  പിതാവായ ദൈവത്തിന് തന്റെ സംഗീത ജീവിതത്തില്‍ കൊടുക്കാവുന്ന ഏറ്റവും വലിയ ഉപഹാരമായിട്ടാണ് ഫാ. പൂവത്തിങ്കല്‍ ഇതിനെ കാണുന്നത്.
രൂപത്തിലും ഭാവത്തിലും ഭക്തിസാന്ദ്രതയും നവീനത്വവും തുളുമ്പുന്ന ഈ സംഗീത ശില്പം ആസ്വാദകരെ ദിവ്യഅനുഭൂതിയുടെ പുത്തന്‍ലോകത്തേക്കു നയിക്കുമെന്നതില്‍ സംശയമില്ല.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?