സിസ്റ്റര്‍ ജോവാന്‍ ചുങ്കപ്പുര
ദൈനംദിന ജീവിതത്തില്‍ നേരിടുന്ന സംഘര്‍ഷങ്ങളെ കൈകാര്യം ചെയ്യുന്നതിനുള്ള കഴിവും, വ്യക്തിബന്ധങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതും പെരുമാറ്റരീതികളും മാനസിക ആരോഗ്യത്തില്‍ പ്രധാന ഘടകമാണ്. മാനസിക ആരോഗ്യമെന്നാല്‍ ഒരു വ്യക്തിക്ക് തന്റെ വൈകാരിക, ബൗദ്ധിക, സാമൂഹിക, ആധ്യാത്മിക തലത്തിലുള്ള ആരോഗ്യമാണ്. ഒരു വ്യക്തിയുടെ ചിന്ത, വികാരം, പെരുമാറ്റവുമാണ് മാനസിക ആരോഗ്യക്ഷേമത്തെ നിര്‍ണയിക്കുന്നത്.
മാസികാരോഗ്യം പ്രധാനപ്പെട്ടത്
ഓരോ വ്യക്തിയും ശാരീരിക ആരോഗ്യത്തിന് എത്രമാത്രം പ്രാധാന്യം നല്‍കുന്നുവോ അത്രമാത്രം പ്രാധാന്യം മാനസിക ആരോഗ്യസംരക്ഷണത്തിനും നല്‍കേണ്ടതുണ്ട്. എന്നാല്‍ വളരെ വേദനാജനകമായ ഒന്നാണ് ശാരീരിക രോഗങ്ങളെപ്പറ്റി ആവശ്യത്തിലേറെ അറിവുള്ള ഈ സമൂഹത്തില്‍ മാനസിക ആരോഗ്യം എന്നു കേള്‍ക്കുമ്പോള്‍ വളരെ അവജ്ഞയാണ്. നമ്മുടെ സമൂഹത്തില്‍ വളരെയേറെ തെറ്റിദ്ധാരണയുള്ള മേഖലയാണ് മാനസിക ആരോഗ്യം. ഒരു മാനസിക ആരോഗ്യ വിദഗ്ധന്റെ സേവനം സ്വീകരിക്കുന്ന വ്യക്തിക്ക് ഭ്രാന്താണ് എന്ന മിഥ്യയായ കാഴ്ചപ്പാടാണ് ആധുനിക സമൂഹത്തില്‍ ഇന്നും നിലനില്‍ക്കുന്നത്. ആയതിനാല്‍ ശരിയായ രീതിയില്‍ മാനസിക ആരോഗ്യത്തിന് ശ്രദ്ധ നല്‍കുകയോ പ്രാധാന്യം നല്‍കുകയോ ചെയ്യുന്നില്ല. തല്‍ഫലമായി മാനസികവും ശാരീരികവുമായ വിപത്തുകള്‍ അനുഭവിക്കേണ്ടി വരികയും വലിയ വില കൊടുക്കേണ്ട അവസ്ഥയിലേക്ക് പലരും എത്തിച്ചേരുകയും ചെയ്യുന്നു.
മാനസിക ആരോഗ്യം നിലനിര്‍ത്തണമെങ്കില്‍ ശൈശവം മുതല്‍ വാര്‍ധക്യംവരെയുള്ള ജീവിതത്തിലെ ഓരോ കാലഘട്ടവും ശരിയായ രീതിയില്‍ പരിചരിക്കുകയും പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് അനിവാര്യമാണ്. മാനസിക ആരോഗ്യം ജീവിതശൈലിയെയും ഒരു വ്യക്തി വളര്‍ത്തപ്പെട്ട ജീവിതസാഹചര്യവും ജനിതക പാരമ്പര്യങ്ങളെ ആശ്രയിച്ചും ഓരോരുത്തരും തന്റെ ജീവിതയാത്രയില്‍ ഏതെങ്കിലും ഒരു കാലഘട്ടത്തില്‍ അതായത് കുട്ടിക്കാലത്തോ യൗവനത്തിലോ വാര്‍ധക്യത്തിലോ അനുഭവിച്ച സമ്മര്‍ദങ്ങളുടെയും മുറിവുകളുടെയും ഫലമായും നിലകൊള്ളുന്നു. മാനസികാരോഗ്യം ശാരീരിക ആരോഗ്യത്തെയും ശാരീരിക ആരോഗ്യം മാനസിക ആരോഗ്യത്തെയും സാരമായി ബാധിച്ചേക്കാം.
ടെന്‍ഷന്‍ ഒരു വില്ലന്‍
ജീവിതത്തിലെ പല കാര്യങ്ങളോടുള്ള ടെന്‍ഷന്‍ ആരോഗ്യകരമായി കാണുന്നുവെങ്കിലും നിരന്തരമായ ടെന്‍ഷന്‍ ഉളവാക്കുന്ന തൊഴില്‍മേഖലകളും ജീവിതസാഹചര്യങ്ങളും അമിതമായ ഉത്ക്കണ്ഠയ്ക്ക് കാരണമാകുകയും തുടര്‍ന്ന് മറ്റു മാനസികമായ ബുദ്ധിമുട്ടുകളിലേക്കും മാനസിക അസുഖങ്ങളിലേക്കും നയിക്കുകയും ചെയ്യും. ഉറക്കക്കുറവില്‍നിന്നു തുടങ്ങി, അമിതമായ ക്ഷീണം, നിരന്തരമുള്ള തലവേദന, പേശികളിലും സന്ധികളിലും മറ്റും നീര്, വീക്കം, വിട്ടുമാറാത്ത വേദന, ദഹനക്കുറവ് തുടങ്ങിയ മറ്റു പല ശാരീരിക അസ്വസ്ഥകള്‍ക്കും കാരണമായേക്കാം. ഈ സാഹചര്യങ്ങളില്‍ ഓരോ വ്യക്തിക്കും സ്വയവും തന്റെ കുടുംബത്തിലും ആയിരിക്കുന്ന തൊഴില്‍മേഖലയിലും വേണ്ടവിധത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും തന്റെ മുന്നിലെ സാഹചര്യങ്ങളെ തരണം ചെയ്യുവാനും ബന്ധങ്ങളെ ശരിയായ രീതിയില്‍ ഊഷ്മളതയോടെ നിലനിര്‍ത്തുവാനും കഴിയാതെ വരുന്നു.
ആയതിനാല്‍ മാനസിക ആരോഗ്യത്തെക്കുറിച്ച് ശരിയായ അവബോധം സൃഷ്ടിക്കാനും ഇത്തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളെ നേരത്തെ തിരിച്ചറിഞ്ഞ് ശരിയായ രീതിയില്‍ ചികിത്സ നേടുവാനും കഴിയണം. മാനസിക പ്രശ്‌നങ്ങളെ വേണ്ടവിധത്തില്‍ സമീപിക്കുന്നതിനായി സമൂഹത്തിലെ ഏറ്റവും സാധാരണക്കാരന്‍ മുതല്‍ എല്ലാവരിലും അവബോധം വളര്‍ത്തുകയും മാനസിക ആരോഗ്യം പരിപോഷിക്കുന്നതിനായി പ്രവര്‍ത്തിക്കുവാന്‍ പ്രാപ്തരാക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്.
മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി
ആയതിനാല്‍ ആരോഗ്യത്തെ പ്രചരിപ്പിച്ചുകൊണ്ട് വ്യക്തിപരമായും കുടുംബപരമായും സാമൂഹികമായും മാനസിക അസ്വസ്ഥതകളെയും അസുഖങ്ങളെയും സംബോധന ചെയ്യുകയും ആ പ്രശ്‌നത്തില്‍ പരിപൂര്‍ണ ശ്രദ്ധ കേന്ദ്രീകരിക്കുകയും ശരിയായ രീതിയില്‍ പ്രതികരിക്കുന്നതിനുമായിട്ടാണ് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതിയുടെ (സിബിസിഐ) ഹെല്‍ത്ത് വിഭാഗത്തിന്റെ കീഴില്‍ മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രിയും സിഎംഎച്ച്എം (കാത്തലിക് മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രി) എന്ന സംഘടനയും ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്തത്. ഇതിന്റെ ഭാഗമായി ആദ്യഘട്ടത്തില്‍ ബംഗളൂരു നിര്‍ജരിയില്‍വച്ച് ഒരു അഖിലേന്ത്യ കോണ്‍ഫ്രന്‍സ് നടത്തുകയും അതില്‍ നൂറിലധികം ആളുകള്‍ പങ്കെടുക്കുകയും ചെയ്തിരുന്നു.
ഈ സംഘടനയുടെ പ്രധാന ഉദ്ദേശ്യവും ദൗത്യവും വ്യക്തികളെ പരിശീലനം നല്‍കി സമൂഹത്തിലെ താഴേക്കിടയില്‍ ഇറങ്ങിച്ചെന്ന് സേവനം ചെയ്യുന്നതിന് പ്രാപ്തമാക്കുകയാണ്. ഓരോ കമ്യൂണിറ്റികളിലും ഇടവകകളിലും ആശുപത്രികളിലും മറ്റു സ്ഥാപനങ്ങളിലും മാനസിക ആരോഗ്യപരിപോഷണത്തിന്റെ ആവശ്യകത പ്രചരിപ്പിക്കുന്നു. അതോടൊപ്പം മാനസിക പ്രശ്‌നത്തിലൂടെ കടന്നുപോകുന്നവര്‍ക്കും അവരുടെ കുടുംബത്തിനും കൈതാങ്ങല്‍ നല്‍കുകയുമാണ്. ഉദാഹരണമായി, ഒരു ആത്മഹത്യ നടന്ന കുടുംബത്തെ സമൂഹത്തില്‍ ഒറ്റപ്പെടുത്തിനിര്‍ത്താതെ, ആശ്വസിപ്പിക്കുകയും അവര്‍ക്കായി പ്രാര്‍ത്ഥിക്കുകയും അവര്‍ക്കുണ്ടായ നാണക്കേടില്‍നിന്നും കുറ്റബോധത്തില്‍നിന്നും പുറത്തുവന്ന് ജീവിതത്തെ മുന്നോട്ട് തരണം ചെയ്യുന്നതിനായി പ്രചോദനം നല്‍കുകയും ചെയ്യുന്നു. മാനസിക പ്രശ്‌നങ്ങളുമായി മുന്നോട്ടുപോകുന്ന കുടുംബങ്ങളെ കണ്ടെത്തുകയും, വിവാഹമോചിതരായവര്‍ക്ക് കൈത്താങ്ങ് നല്‍കി ജീവിതത്തിലെ വെല്ലുവിളികളെ അതിജീവിക്കാനുള്ള കരുത്താര്‍ജിച്ചുകൊണ്ട് മാനസികാരോഗ്യത്തെ ഏതു സാഹചര്യത്തിലും സന്തുലിതാവസ്ഥയില്‍ കൊണ്ടുപോകുന്നതിന് പ്രാപ്തമാക്കുക എന്നതാണ് പ്രധാനമായി ലക്ഷ്യമിടുന്നത്.
ലക്ഷ്യം നല്ല സമറിയാക്കാര്‍
ജനിതക കാരണങ്ങളാലും ജോലിയില്ലായ്മ, ജീവിതത്തിലെ സങ്കീര്‍ണ സാഹചര്യങ്ങളെ നേരിടുവാനും കഴിയാതെ മാനസിക ആരോഗ്യത്തിന് വ്യതിയാനം സംഭവിക്കുകയും മദ്യപാനത്താലും മയക്കുമരുന്നിന്റെ ഉപയോഗം മൂലവും മാനസിക രോഗത്തിന് അടിമയാവുകയും ചെയ്യുന്നവരുണ്ട്. സമൂഹത്തില്‍ ഇത്തരത്തിലുള്ള മാനസിക പ്രശ്‌നങ്ങളെക്കുറിച്ചുള്ള തെറ്റിദ്ധാരണകളും കുറ്റപ്പെടുത്തുന്ന രീതികളും മാറ്റി രോഗത്തെക്കുറിച്ചും രോഗം വരാതെ ചെറുത്തുനില്‍ക്കുന്നതിനുള്ള അവബോധം നല്‍കണം. തൊഴില്‍ നഷ്ടപ്പെട്ടവര്‍, പ്രിയപ്പെട്ടവരുടെ മരണത്തിലൂടെ കടന്നുപോയവര്‍, കടഭാരത്താല്‍ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചുകൊണ്ട് മാനസിക പിരിമുറുക്കത്തിലൂടെ കടന്നുപോകുന്നവരും മാനസിക രോഗത്തിന് ഇരയായി മാറുവാന്‍ സാധ്യതയുണ്ട്. ഇത്തരത്തിലുള്ള ജീവിതപ്രശ്‌നങ്ങളെ ചെറുത്തുനിര്‍ത്തുവാനും വൈകാരികമായും സാമൂഹികമായും ആധ്യാത്മികമായും കൈത്താങ്ങല്‍ നല്‍കി സ്വയം സ്‌നേഹിക്കുവാനും ദൈവികസ്‌നേഹത്തില്‍നിന്നും അകന്നു എന്ന തിരിച്ചറിവിലേക്ക് എത്തിച്ചുകൊണ്ട് ഇവരില്‍ ഈശോയെ കണ്ടുകൊണ്ടും നല്ല സമറിയാക്കാരനെപ്പോലെ ഈശോയുടെ സ്‌നേഹത്തില്‍ നിറഞ്ഞുനിന്നുകൊണ്ട് അപരനെ സ്‌നേഹിക്കുവാനും കരുതുവാനും മാനസികമായി ബലപ്പെടുത്തുവാനുമായി രൂപംകൊണ്ടിരിക്കുന്ന സംഘടനയാണിത്.
ഇപ്പോള്‍ അഖിലേന്ത്യ തലത്തില്‍ പല റീജിയനുകളിലായി പ്രവര്‍ത്തനം ആരംഭിച്ചുകഴിഞ്ഞു. ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയിലിന്റെ നേതൃത്വത്തില്‍ ഫാ. സന്തോഷ് ഡിയസ് സിബിസിഐ ഹെല്‍ത്ത് കമ്മീഷന്‍ നാഷണല്‍ സെക്രട്ടറിയായും ഫാ. ഷിന്റോ കുഴിഞ്ഞാലിയില്‍ ഒസിഡി നാഷണല്‍ ചെയര്‍പേഴ്‌സനായും സിസ്റ്റര്‍ ഡോ. ജോവാന്‍ ചുങ്കപ്പുര എംഎംഎസ് നാഷണല്‍ സെക്രട്ടറിയായും സിസ്റ്റര്‍ ഡോ. ഷാരോണ്‍ എസ്.ടി സൈക്യാസ്ട്രിസ്റ്റായും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നു. ബംഗളൂരു സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളജിലെ മാനസിക വിഭാഗം മേധാവി ഡോ. ജോണ്‍സണ്‍ പ്രദീപും ഈ ശുശ്രൂഷയുടെ ഭാഗമാണ്. ഒറ്റയ്ക്കാകുന്നവരെ ചേര്‍ത്തുപിടിക്കാനും മാനസിക പ്രയാസങ്ങളിലൂടെ കടന്നുപോകുന്നവരെ ആശ്വസിപ്പിക്കുന്നതിനുമായി മെന്റല്‍ ഹെല്‍ത്ത് മിനിസ്ട്രിയുടെ ശു്രശൂഷകര്‍ എല്ലാ രൂപതകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. ആര്‍ക്കും ഏതു സമയത്തും അവരെ സമീപിക്കാം. ഇനി ഒരു ആത്മഹത്യയും സംഭവിക്കാതിരിക്കട്ടെ. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 6238031295, 09366873107.
Leave a Comment
Your email address will not be published. Required fields are marked with *