Follow Us On

04

December

2024

Wednesday

ആലപ്പോ നഗരം ഇസ്ലാമിസ്റ്റ് റിബലുകളുടെ നിയന്ത്രണത്തില്‍; ഭയപ്പാടോടെ ക്രൈസ്തവര്‍

ആലപ്പോ നഗരം ഇസ്ലാമിസ്റ്റ് റിബലുകളുടെ നിയന്ത്രണത്തില്‍; ഭയപ്പാടോടെ ക്രൈസ്തവര്‍

ആലപ്പോ/സിറിയ: 50,000-ത്തോളം ക്രൈസ്തവര്‍ ഉള്‍പ്പെടെ ഏകദേശം 3.5 ദശലക്ഷം ആളുകള്‍ വസിക്കുന്ന സിറിയന്‍ നഗരമായ ആലപ്പോ അല്‍-ഖ്വയ്ദയുമായി ബന്ധമുള്ള ഇസ്ലാമിക്ക് റിബലുകള്‍ പിടിച്ചെടുത്തു.  എച്ച്റ്റിഎസ് എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ഹായത് താഹിര്‍ അല്‍ ഷാം എന്ന ഇസ്ലാമിക്ക് തീവ്രവാദ സംഘടനയാണ് ആലപ്പോ ഇപ്പോള്‍ നിയന്ത്രിക്കുന്നത്. ഇസ്ലാമിക് സ്റ്റേറ്റും ഐഎസുമുള്‍പ്പടെയുള്ള  ഭീകരസംഘടനകളുമായി നേരിട്ട് ബന്ധമുള്ള എച്ച്റ്റിഎസ് 2017-ല്‍ അഞ്ച് വ്യത്യസ്ത ഗ്രൂപ്പുകള്‍ ലയിച്ചതിനെ തുടര്‍ന്ന് രൂപീകരിക്കപ്പെട്ട റിബല്‍ സംഘമാണ്. ‘വിപ്ലവ തീക്ഷ്ണത’ യെക്കാള്‍ ‘ജിഹാദിസ്റ്റ് പ്രത്യയശാസ്ത്രം’  പുലര്‍ത്തുന്ന ഈ സംഘത്തിന്റെ ക്രൈസ്തവരോടുള്ള സമീപനം ആശങ്കയോടെയാണ് ലോകം വീക്ഷിക്കുന്നത്.  സിറിയന്‍ പ്രസിഡന്റ് ബാഷാര്‍ അല്‍-ആസാദിനെതിരെ പ്രവര്‍ത്തിക്കുന്ന ഗ്രൂപ്പുകളില്‍ ഏറ്റവും ഫലപ്രദവും മാരകവുമായ ഗ്രൂപ്പുകളിലൊന്നാണ് എച്ച്റ്റിഎസ് എന്നാണ്  ബിബിസി വിശേഷിപ്പിച്ചത്.

എച്ചറ്റിഎസിന്റെ അധിനിവേശത്തിന് തൊട്ടുമുന്‍പ് ആലപ്പോയിലെ നിരവധി ക്രൈസ്തവര്‍ കുര്‍ദിഷ് ഭരണപ്രദേശങ്ങളിലേക്ക് പലായനം ചെയ്തതായി റിപ്പോര്‍ട്ടുകളുണ്ട്. എച്ചറ്റിഎസ് ഏര്‍പ്പെടുത്തിയിരിക്കുന്ന കര്‍ഫ്യൂ രാത്രികാലങ്ങളില്‍ നിലനില്‍ക്കുന്നതിനാല്‍ നിലവിലെ സാഹചര്യത്തില്‍ ഇവിടെയുളള ക്രൈസ്തവര്‍ക്ക് പലായനം ചെയ്യുവാന്‍ പോലും സാധിക്കാത്ത സ്ഥിതിവിശേഷമാണുള്ളത്. കൂടാതെ ആലപ്പോയും ഡമാസ്‌കസുമായി ബന്ധിപ്പിക്കുന്ന അന്താരാഷ്ട്ര ഹൈവേയും റിബലുകള്‍ ബ്ലോക്ക് ചെയ്തിരിക്കുകയാണ്.  അതേസമയം റിബലുകളെ തുരുത്തുന്നതിനായി  റഷ്യയുടെ സഹായത്തോടെ സിറിയന്‍ സൈന്യം നടത്തിയ റോക്കറ്റ് ആക്രമണത്തില്‍ 25 പേര്‍ കൊല്ലപ്പെട്ടു.  ഫ്രാന്‍സിസ്‌കന്‍ സന്യാസ സഭയുടെ നേതൃത്വത്തിലുള്ള ടെറാ സാംഗ്ത കോളജിനും റോക്കറ്റ് ആക്രമണത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചു. ഇതാദ്യമായാണ് സിറിയയിലെ രണ്ടാമത്തെ വലിയ നഗരമായ ആലപ്പോയുടെ നിയന്ത്രണം പൂര്‍ണമായും സിറിയന്‍ ഗവണ്‍മെന്റിന് നഷ്ടമാകുന്നത്.

സിറിയയിലെ ക്രൈസ്തവരുടെ പ്രത്യാശ മൃതമായ അവസ്ഥയിലാണെന്നും ദാരിദ്ര്യവും ഭയവും അരക്ഷിതാവസ്ഥയും നിറഞ്ഞ ഇവിടെ നിന്ന് രക്ഷപെടാന്‍ മാത്രമാണ് അവര്‍ അഭിലഷിക്കുന്നതെന്നും സിറിയയിലെ അപ്പസ്‌തോലിക്ക് ന്യൂണ്‍ഷ്യോ കര്‍ദിനാള്‍ മാരിയോ സെനാരി പറഞ്ഞു. നിലവില്‍ സിവലിയന്‍ ജനതയെ അക്രമിക്കില്ലെന്ന ഉറപ്പാണ് എച്ച്റ്റിഎസ് നല്‍കിയിട്ടുള്ളതെന്നും എന്നാല്‍ ക്രൈസ്തവര്‍ ഭീതിയോടെയാണ് കഴിയുന്നതെന്നും കര്‍ദിനാള്‍ വ്യക്തമാക്കി. സിറിയന്‍ ജനസംഖ്യയുടെ 10% ക്രിസ്ത്യാനികളാണെന്ന് യുഎസ് ഗവണ്‍മെന്റ് കണക്കാക്കുമ്പോള്‍, ആഭ്യന്തരയുദ്ധത്തിന് മുമ്പ് രാജ്യത്ത് താമസിച്ചിരുന്ന 2.2 ദശലക്ഷം ക്രിസ്ത്യാനികളില്‍, ഏകദേശം 579,000 (ജനസംഖ്യയുടെ 2.8%) പേര്‍ മാത്രമാണ് രാജ്യത്ത് ഇപ്പോഴുള്ളതെന്നാണ്  ക്രൈസ്തവ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന സന്നദ്ധ സംഘടനയായ ഓപ്പണ്‍ ഡോര്‍സ് യുഎസ്എ കണക്കാക്കുന്നത്.ഏതായാലും ക്രൈസ്തവര്‍ ആ പേരില്‍ ആദ്യമായി വിളിക്കപ്പെട്ട സിറിയന്‍ മണ്ണില്‍ നിന്ന് പൂര്‍ണമായി ഉന്മൂലന ഭീഷണി നേരിടുമ്പോള്‍ അമേരിക്ക ഉള്‍പ്പടെയുള്ള വന്‍ശക്തികള്‍ എപ്രകാരം പ്രതകരിക്കുമെന്നാണ് ഏവരും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?