Follow Us On

07

January

2025

Tuesday

ബാസ്‌കറ്റ്‌ബോള്‍ കളിക്കിടെ പരിക്കേറ്റ സെമിനാരി വിദ്യാര്‍ത്ഥിക്ക് അത്ഭുതസൗഖ്യം പിയര്‍ ജിയോര്‍ജിയോ ഫ്രാസാറ്റിയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിലേക്ക് നയിച്ച അത്ഭുതം

ബാസ്‌കറ്റ്‌ബോള്‍ കളിക്കിടെ പരിക്കേറ്റ സെമിനാരി വിദ്യാര്‍ത്ഥിക്ക് അത്ഭുതസൗഖ്യം പിയര്‍ ജിയോര്‍ജിയോ ഫ്രാസാറ്റിയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിലേക്ക് നയിച്ച അത്ഭുതം

ലോസ് ആഞ്ചലസ്/യുഎസ്എ: ബാസ്‌കറ്റ്‌ബോള്‍ കളിക്കുന്നതിനിടെ പരിക്കേറ്റതിനെ തുടര്‍ന്ന് നടത്തിയ എംആര്‍ഐ സ്‌കാനിലാണ്  ലോസ് അഞ്ചലസ് രൂപതക്ക് വേണ്ടി പരിശീലനം നേടുകയായിരുന്ന ആ സെമിനാരി വിദ്യാര്‍ത്ഥിയുടെ ആക്കിലസ് ടെന്റണ് സാരമായ പരിക്കേറ്റതായി വ്യക്തമായത്. തുടര്‍ന്ന് ഒര്‍ത്തോപീഡിക്ക് സര്‍ജനെ  കാണാന്‍ ആ സെമിനാരി വിദ്യാര്‍ത്ഥി അപ്പോയിന്റ്‌മെന്റ് എടുത്തു.

ഇതിനിടെയാണ്  കായികവിനോദങ്ങളിലും പര്‍വതാരോഹണത്തിലുമെല്ലാം വലിയ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്ന ഇറ്റാലിയന്‍ സ്വദേശിയായ വാഴ്ത്തപ്പെട്ട പിയര്‍ ജിയോര്‍ജിയോ ഫ്രാസാറ്റിയോടുള്ള നൊവേന പ്രാര്‍ത്ഥന ഈ സെമിനാരി വിദ്യാര്‍ത്ഥി ആരംഭിച്ചത്. നൊവേന പ്രാര്‍ത്ഥന പൂര്‍ത്തിയാകുന്നതിന് മുമ്പുള്ള ഒരു ദിവസം വളരെ വേദനയോടെ നൊവേന ചൊല്ലുന്നതിനിടയില്‍ ദുഃഖം നിമിത്തം അദ്ദേഹത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകി. ഈ സമയം കാലിന്റെ പരിക്കേറ്റ ഭാഗത്ത് വലിയ ചൂട് അദ്ദേഹത്തിന് അനുഭവപ്പെട്ടു. തുടര്‍ന്ന് ഒരാഴ്ചക്ക് ശേഷമാണ്  ഓര്‍ത്തോപീഡിക്ക് സര്‍ജനെ  കാണാന്‍ അദ്ദേഹത്തിന് സാധിച്ചത്.

പഴയ എംആര്‍ഐ സ്‌കാന്‍ റിപ്പോര്‍ട്ടും ഇപ്പോഴത്തെ അവസ്ഥയും പരിശോധിച്ച ശേഷം ആ സര്‍ജന്‍ ഇപ്രകാരം പറഞ്ഞു, ”സ്വര്‍ഗത്തില്‍ താങ്കളെ വലിയ ഇഷ്ടമുള്ള ആരോ ഉണ്ടല്ലേല്ലോ. ” യാതൊരു ചികിത്സയും കൂടാതെ  തന്നെ ബാസ്‌കറ്റ്‌ബോള്‍ കളി പുനരാരംഭിക്കാനും 2023 ജൂണ്‍ മാസത്തില്‍ വൈദികനായി അഭിഷിക്തനായ ഈ സെമിനാരി വിദ്യാര്‍ത്ഥിക്ക് സാധിച്ചു. തുടര്‍ന്ന് രൂപതാ തലത്തില്‍ നടത്തിയ അന്വേഷണത്തിലും വത്തിക്കാന്റെ വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്ട്രിയുടെ മെഡിക്കല്‍ ബോര്‍ഡും മറ്റ് ദൈവശാസ്ത്രജ്ഞരും നടത്തിയ അന്വേഷണത്തിലും  വാഴ്ത്തപ്പെട്ട  പിയര്‍ ജിയോര്‍ജിയോ ഫ്രാസാറ്റിയുടെ മാധ്യസ്ഥത്തില്‍ നടന്ന ഈ അത്ഭുതം സ്ഥിരീകരിക്കുകയായിരുന്നു. ഫ്രാന്‍സിസ് മാര്‍പാപ്പ ഔദ്യോഗികമായി ഈ അത്ഭുതത്തിന് അംഗീകാരം നല്‍കിയതോടെ 2025 ജൂബിലി വര്‍ഷം ഓഗസ്റ്റ് മൂന്നിന് നടക്കുന്ന  പിയര്‍ ജിയോര്‍ജിയോ ഫ്രാസാറ്റിയുടെ വിശുദ്ധപദവി പ്രഖ്യാപനത്തിന് ആവശ്യമായ അത്ഭുതമായി ഇത് മാറി.

പ്രശസ്ത ഇറ്റാലിയന്‍ ദിനപത്രമായ ‘ലാ സ്റ്റാമ്പ’-യുടെ സ്ഥാപകന്റെ മകനാണ് വാഴ്ത്തപ്പെട്ട പിയര്‍ ജിയോര്‍ജിയോ ഫ്രാസാറ്റി. സമ്പന്ന കുടുംബത്തില്‍ ജനിച്ച അദ്ദേഹം ദരിദ്രരെയും ആലംബഹീനരെയും രോഗികളെയും പരിചരിക്കുന്നതില്‍ ചെറുപ്പം മുതലേ താല്‍പ്പര്യം പ്രകടിപ്പിച്ചിരുന്നു. വിന്‍സെന്റിപോള്‍ സൊസൈറ്റിയില്‍ അംഗമായി ശുശ്രൂഷകള്‍ ചെയ്യുന്നതിനിടയില്‍ തന്നെ പര്‍വതാരോഹണത്തിനും മറ്റ് കായികവിനോദങ്ങള്‍ക്കും അദ്ദേഹം സമയം കണ്ടെത്തി.  അദ്ദേഹം നടത്തിയ അവസാനപര്‍വതാരോഹണത്തിന്റെ ഫോട്ടോയില്‍  ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു ‘വേഴ്‌സോ എല്‍ ആള്‍ട്ടോ’ – ഉയരങ്ങളിലേക്ക് എന്നര്‍ത്ഥം. ക്രിസ്തുവിനോടൊപ്പമുള്ള നിത്യജീവിതത്തിനായി പരിശ്രമിക്കുന്നതിന്റെ സൂചന കൂടെ നല്‍കുന്ന ആ വാക്യം അദ്ദേഹത്തിന്റെ മാധ്യസ്ഥം തേടി പ്രാര്‍ത്ഥിക്കുന്നവരുടെ പ്രിയപ്പെട്ട ആപ്തവാക്യമായി മാറി. 1925 ജൂലൈ നാലിന്  24- ാമത്തെ വയസിലാണ് ഫ്രാസാറ്റി പോളിയോ ബാധിച്ച് മരണമടയുന്നത്. രോഗികളെ ശുശ്രൂഷിക്കുന്നതിനിടയിലാണ് അദ്ദേഹത്തിന് ഈ രോഗബാധയുണ്ടായതെന്ന് പിന്നീട് സ്ഥിരീകരിച്ചു. 1990-ല്‍ വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പിയര്‍ ജിയോര്‍ജിയോ ഫ്രാസാറ്റിയെവാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?