Follow Us On

06

March

2025

Thursday

ഇറാഖില്‍ രണ്ട് വധഭീഷണികളെ അതിജീവിച്ചതായി വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

ഇറാഖില്‍ രണ്ട് വധഭീഷണികളെ അതിജീവിച്ചതായി വെളിപ്പെടുത്തി ഫ്രാന്‍സിസ് മാര്‍പാപ്പ

ബാഗ്ദാദ്: 2021 മാര്‍ച്ചില്‍ ഇറാഖ് സന്ദര്‍ശനത്തിനിടെ മൊസൂള്‍ നഗരത്തില്‍ വെച്ച്  വധശ്രമത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടതായുളള വെളിപ്പെടുത്തലുമായി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പുതിയ പുസ്തകം. 2025 ജനുവരി 14-ന് പ്രസിദ്ധീകരിക്കാനിരിക്കുന്ന ‘പ്രത്യാശ’ എന്ന തലക്കെട്ടുള്ള പുതിയ പുസ്തകത്തിലാണ് ഇറാഖ് യാത്രയ്ക്കിടെ   ജീവന് ഭീഷണി നേരിട്ടതിന്റെ വിശദാംശങ്ങള്‍ പാപ്പ വെളുപ്പെടുത്തിയത്.

ഒരു യുവതി ചാവേറായി മൊസൂളിലേക്ക് പോയിട്ടുണ്ടെന്നും കൂടാതെ അതേ ലക്ഷ്യത്തോടെ ഒരു ട്രക്ക് പുറപ്പെട്ടിട്ടുണ്ടെന്നും പാപ്പ ബാഗ്ദാദില്‍ ഇറങ്ങിയ ഉടന്‍ തന്നെ  ബ്രിട്ടീഷ് ഇന്റലിജന്‍സ് ഏജന്‍സി വത്തിക്കാന്‍ സെക്യൂരിറ്റിക്ക് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. എന്നാല്‍ ഈ ഭീഷണികള്‍ വകവെക്കാതെ  പ്ലാന്‍ ചെയ്തതു പോലെ മുന്നോട്ട് പോകാനായിരുന്നു പാപ്പയുടെ തീരുമാനം.

ഭീകരവാദം നിമിത്തം നശിപ്പിക്കപ്പെട്ട ദേശത്തേക്ക് അപ്പോസ്‌തോലിക സന്ദര്‍ശനം നടത്തരുതെന്ന്  പലരും ഉപദേശിച്ചതായി പാപ്പ പറഞ്ഞുവെന്ന് പുസ്തകത്തില്‍ നിന്നുള്ള ഉദ്ധരണികള്‍ പങ്കുവെച്ച ഇറ്റാലിയന്‍ പത്രമായ കൊറിയര്‍ ഡെല്ല സെറ റിപ്പോര്‍ട്ട് ചെയ്തു. ”എന്നാല്‍ എന്തുവിലകൊടുത്തും ഇറാഖിലേക്ക് പോകാന്‍ ഞാന്‍ ആഗ്രഹിച്ചു.  അത് ചെയ്യണമെന്ന് എനിക്ക് തോന്നി,” എന്ന് ഫ്രാന്‍സിസ് പാപ്പ പറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

യഹൂദരും ക്രിസ്ത്യാനികളും മുസ്ലീങ്ങളും അവരുടെ വംശപരമ്പര കണ്ടെത്തുന്ന ‘നമ്മുടെ പൂര്‍വികനായ അബ്രഹാമിനെ’ സന്ദര്‍ശിക്കാനും കാണാനും തനിക്ക് ബാധ്യതയുണ്ടെന്ന് പാപ്പ പറഞ്ഞു. ഇറാഖി ജനതയെ നിരാശപ്പെടുത്താന്‍ താന്‍ ആഗ്രഹിക്കുന്നില്ലെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു. ഇരുപത് വര്‍ഷം മുമ്പ്, അന്നത്തെ ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈന്‍ അനുമതി നിരസിച്ചതിനാല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പയ്ക്ക് ഇറാഖ് സന്ദര്‍ശിക്കാന്‍ കഴിഞ്ഞിരുന്നില്ല.

മൊസൂള്‍ നഗരം, പുസ്തകത്തില്‍ വിവരിച്ചിരിക്കുന്നതുപോലെ, ‘മാര്‍പ്പാപ്പയുടെ ഹൃദയത്തിലെ മുറിവ്’ ആയി മാറി.  നൂറ്റാണ്ടുകളുടെ പാരമ്പര്യത്തിന്റെയും നാഗരികതയുടെയും മുനയൊടിച്ച ഐഎസിന്റെ മൂന്നുവര്‍ഷത്തെ ഭരണകാലത്ത് നാശക്കൂമ്പാരമായ മൊസൂള്‍ ‘വെറുപ്പിന്റെ എക്‌സ്-റേ ചിത്രം’ പോലെ തനിക്ക് അനുഭവപ്പെട്ടതായി പാപ്പ പറയുന്നു. തന്നെ വീട്ടിലേക്ക് സ്വാഗതം ചെയ്യാനുള്ള  ഗ്രാന്‍ഡ് ആയത്തുള്ള അലി അല്‍-സിസ്താനിയുടെ തീരുമാനം ഏതൊരു വാക്കുകളേയും പ്രഖ്യാപനങ്ങളേയും പ്രമാണങ്ങളേയുംകാള്‍ വാചാലമെന്നും പാപ്പ പുസ്തകത്തില്‍ വിശേഷിപ്പിക്കുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?