Follow Us On

01

July

2025

Tuesday

ജയിലിനുള്ളില്‍ വിശുദ്ധ വാതില്‍ തുറന്നു; വത്തിക്കാനില്‍ പിറന്നത് പുതുചരിത്രം

ജയിലിനുള്ളില്‍ വിശുദ്ധ വാതില്‍ തുറന്നു; വത്തിക്കാനില്‍ പിറന്നത് പുതുചരിത്രം

വത്തിക്കാന്‍ സിറ്റി: റോമിലെ ഏറ്റവും വലിയ ജയിലായ റെബിബിയില്‍ തടവുകാരും ജയില്‍ ഗാര്‍ഡുകളും ഒരുമിച്ച് ‘സൈലന്റ് നൈറ്റ്’ പാടി പരസ്പരം സമാധാനം ആശംസിച്ചപ്പോള്‍ ഒരു പുതുചരിത്രം അവിടെ പിറക്കുകയായിരുന്നു.

വിശുദ്ധ സ്റ്റീഫന്റെ തിരുനാള്‍ദിനത്തില്‍ റെബിബിയ ജയില്‍ കോംപ്ലക്സില്‍ മാര്‍പ്പാപ്പ അര്‍പ്പിച്ച ദിവ്യബലി മധ്യേയായിരുന്നു ഈ അപൂര്‍വമായ കാഴ്ച. നേരത്തെ 2025 ജൂബിലിവര്‍ഷത്തിന്റെ ഭാഗമായി ജയിലില്‍ വിശുദ്ധ വാതില്‍ തുറന്നുകൊണ്ട് പാപ്പ ഇപ്രകാരം പറഞ്ഞു, ‘സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ ക്രിസ്മസിന്  ജൂബിലി വര്‍ഷത്തിന്റെ ആദ്യവിശുദ്ധ വാതില്‍ തുറന്നു. രണ്ടാമത്തേത് ഇവിടെ, ഒരു ജയിലില്‍ ആയിരിക്കണമെന്ന് ആഗ്രഹിച്ചു. ഇവിടെയും അകത്തും പുറത്തും, നമ്മുടെ ഹൃദയത്തിന്റെ വാതിലുകള്‍ തുറന്നിടാനും മനസിലാക്കാനുമുള്ള സാധ്യതകള്‍ ഉണ്ടാവണം.  പ്രതീക്ഷ നിരാശ ഇല്ലാതാക്കും’

ജയില്‍ ചാപ്പലിന്റെ വെങ്കല വിശുദ്ധ വാതിലില്‍ ആറ് തവണ മുട്ടിക്കൊണ്ടാണ്  പാപ്പ ജയിലിലെ വിശുദ്ധ വാതില്‍ തുറന്നത്. മറുവശത്ത്  ജയിലധികാരികളും തടവുകാരുമടങ്ങുന്ന സംഘം പാപ്പയെ സ്വീകരിച്ചു. റോമിലെ നാല് പ്രധാന ബസിലിക്കകളില്‍ തുറന്നിരിക്കുന്ന വിശുദ്ധ വാതിലുകളെല്ലാം റോം സന്ദര്‍ശിക്കുന്ന ജൂബിലി തീര്‍ത്ഥാടകര്‍ക്ക് കടക്കാമെങ്കിലും ജയിലില്‍ തുറന്നിരിക്കുന്ന ഈ അഞ്ചാമത്തെ വിശുദ്ധ വാതിലില്‍ കൂടെ തടവുകാര്‍ക്കും ജീവനക്കാര്‍ക്കും മാത്രമേ പ്രവേശിക്കാന്‍ സാധിക്കുകയുള്ളൂ. ജയിലിനെ ‘വേദനയുടെയും പ്രതീക്ഷയുടെയും കത്തീഡ്രല്‍’ എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വിശേഷിപ്പിച്ചത്. ‘
പ്രതീക്ഷ നഷ്ടപ്പെടരുതെന്നും പ്രതീക്ഷയുടെ നങ്കൂരം മുറുകെ പിടിക്കാനും ഫ്രാന്‍സിസ് മാര്‍പാപ്പ ദിവ്യബലിമധ്യേ നടത്തിയ പ്രഭാഷണത്തില്‍ ഉദ്‌ബോധിപ്പിച്ചു. കുര്‍ബാനയുടെ അവസാനത്തില്‍, സന്നിഹിതരായിരുന്ന എല്ലാ തടവുകാരെയും പാപ്പ വ്യക്തിപരമായി അഭിവാദ്യം ചെയ്തു.

ജയിലില്‍ ഒരു വിശുദ്ധ വാതില്‍ തുറക്കാനുള്ള ആഗ്രഹം ‘പ്രതീക്ഷ നിരാശപ്പെടുത്തുന്നില്ല’ എന്ന പേപ്പല്‍ ഡിക്രിയിലാണ് ഫ്രാന്‍സിസ് മാര്‍പാപ്പ വെളിപ്പെടുത്തിയത്.  ജൂബിലി വര്‍ഷത്തില്‍ തടവുകാര്‍ക്ക്’മാപ്പോ പൊതുമാപ്പോ നല്‍കാനും സമൂഹത്തില്‍ അവരെ പുനരധിവസിപ്പിക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്‌കരിക്കാനും പാപ്പയുടെ ഡിക്രിയില്‍ ആഹ്വാനം ചെയ്യുന്നു. ‘സ്വാതന്ത്ര്യം നഷ്ടപ്പെട്ട തടവുകാരെക്കുറിച്ച് ഞാന്‍ ഓര്‍ക്കുന്നു, തടവിന്റെ കാഠിന്യവും നിയന്ത്രണങ്ങളും, സ്‌നേഹരാഹിത്യവും,  അവരുടെ വ്യക്തിത്വത്തെ ബഹുമാനിക്ക അവസ്ഥയും ” പേപ്പല്‍ ഡിക്രിയിലൂടെ അനുസ്മരിച്ച ഫ്രാന്‍സിസ് മാര്‍പാപ്പ  താന്‍ എല്ലാ ദിവസവും ജയിലില്‍ കഴിയുന്നവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുണ്ടെന്ന് റെബീബിയ ജയിലില്‍ നടത്തിയ പ്രഭാഷണത്തില്‍ വ്യക്തമാക്കി.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?