തിരുവനന്തപുരം: മാര്‍പാപ്പയുടേതുപോലെ ഇടയന്റെ കണ്ണുകളാണ് നമുക്കു വേണ്ടതെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്.പട്ടം സെന്റ് മേരീസ് മേജര്‍ ആര്‍ക്കി എപ്പാര്‍ക്കിയല്‍ കത്തീഡ്രല്‍ ദൈവാലയത്തില്‍ മലങ്കര കത്തോലിക്കാ സഭ നല്കിയ സ്വീകരണത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മാര്‍പാപ്പ എത്തുന്നിടത്ത് ആളുകള്‍ തിങ്ങിക്കൂടും. എന്നാല്‍ അതില്‍ ഏറ്റവും കഷ്ടതയും ബുദ്ധിമുട്ടും അനുഭവിക്കുന്നവരെ നേരില്‍ കാണുന്നതിലും ആശ്വസിപ്പിക്കുന്നതിലും മാര്‍പാപ്പ പ്രത്യേകം സന്തോഷം കണ്ടെത്തും. കോവിഡ് കാലത്ത് തന്റെ വല്യമ്മ അസുഖബാധിതയായിരുന്നപ്പോള്‍ മാര്‍പാപ്പ നല്കിയ കരുതലും സ്നേഹവും കര്‍ദിനാള്‍ മാര്‍ കൂവക്കാട്ട് അനുസ്മരിച്ചു. വേദന അനുഭവിക്കുന്നവര്‍ക്ക് പ്രത്യാശ പകര്‍ന്നു നല്കാന് സാധിക്കണമെന്ന് മാര്‍ കൂവക്കാട് പറഞ്ഞു.
മാര്‍ കൂവക്കാടിന് മലങ്കര കത്തോലിക്കാ സഭയുടെ അഭിനന്ദനങ്ങളും പ്രാര്‍ത്ഥനയും അറിയിക്കുന്നതായും മലങ്കര കത്തോലിക്കാ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ പറഞ്ഞു. ജൂബിലി വര്‍ഷത്തോടനുബന്ധിച്ചുള്ള ലോഗോയുടെ പ്രകാശനം ചടങ്ങില്‍ നടന്നു.
ബിഷപ്പുമാരായ ഡോ. ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ്, ഡോ. സാമുവേല്‍ മാര്‍ ഐറേനിയോസ്, ഡോ. ജോസഫ് മാര്‍ തോമസ്, ഡോ. വിന്‍സെന്റ് മാര്‍ പൗലോസ്, ഡോ. തോമസ് മാര്‍ കൂറിലോസ്, ഡോ. ജോസഫ് മാര്‍ തോമസ്, ഡോ. തോമസ് മാര്‍ അന്തോണിയോസ്, ഡോ. യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, ഡോ. എബ്രഹാം മാര്‍ സില്‍വാനോസ്, ഡോ. തോമസ് മാര്‍ യൗസേബിയൂസ്, ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, ഡോ. മാത്യൂസ് മാര്‍ പോളികാര്‍പ്പസ്, ഡോ. മാത്യൂസ് മാര്‍ പക്കോമിയോസ്, തിരുവനന്തപുരം മേജര്‍ അതിരൂപത വികാരി ജനറല്‍ മോണ്‍. വര്‍ക്കി ആറ്റുപുറത്ത് കോര്‍എപ്പിസ്കോപ്പ തുടങ്ങിയവര്‍ പങ്കെടുത്തു.
Leave a Comment
Your email address will not be published. Required fields are marked with *