Follow Us On

09

January

2025

Thursday

ക്രൈസ്തവ പീഡനം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റിനോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ട് ക്രൈസ്തവ നേതാക്കള്‍

ക്രൈസ്തവ പീഡനം അവസാനിപ്പിക്കണമെന്ന് പ്രസിഡന്റിനോടും പ്രധാനമന്ത്രിയോടും ആവശ്യപ്പെട്ട് ക്രൈസ്തവ നേതാക്കള്‍

ന്യൂഡല്‍ഹി: ഇന്ത്യയില്‍ വര്‍ധിച്ചുവരുന്ന ക്രൈസ്തവ പീഡനം അവസാനിപ്പിക്കുന്നതിന് ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ഇന്ത്യന്‍ പ്രസിഡന്റിനോടും പ്രധാനമന്ത്രിയോടും ക്രൈസ്തവനേതാക്കള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിക്കും പ്രസിഡന്റിനും നല്‍കിയ അഭ്യര്‍ത്ഥനയില്‍ 400-ല്‍ അധികം ക്രൈസ്തവ നേതാക്കളും ആക്ടിവിസ്റ്റുകളും അഭിഭാഷകരും ഒപ്പിട്ടു.

ക്രിസ്മസ് കാലത്ത് മാത്രം 14 അക്രമസംഭവങ്ങളാണ് ക്രൈസ്തവര്‍ക്കെതിരെ അരങ്ങേറിയതെന്ന് റിലീജിയസ് ലിബര്‍ട്ടി കമ്മീഷന്‍ ഓഫ് ദ ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ്പ് ഓഫ് ഇന്ത്യ, യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം തുടങ്ങിയവരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നു. ഓരോ വര്‍ഷവും ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ വര്‍ധിച്ചുവരികയാണ്.
യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം എല്ലാ ക്രൈസ്തവവിഭാഗങ്ങളെയും ഉള്‍ക്കൊള്ളുന്ന സംഘനടയാണ്. ക്രൈസ്തവരുടെ അവകാശങ്ങള്‍ക്കുവേണ്ടി നിലകൊള്ളുകയാണ് അവരുടെ ലക്ഷ്യം.

ക്രൈസ്തവ പീഡനം അവസാനിപ്പിക്കുന്നതിന് സത്വര നടപടികള്‍ കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് ക്രൈസ്തവ നേതാക്കള്‍ പ്രധാനമന്ത്രിക്കും പ്രസിഡന്റിനും അയച്ച ഇ-മെയിലില്‍ 30 ഓളം ക്രൈസ്തവ ഗ്രൂപ്പുകള്‍ ഒപ്പുവച്ചിട്ടുണ്ട്. ആള്‍ക്കുട്ടം അക്രമം അഴിച്ചുവിട്ട് ക്രൈസ്തവ സമൂഹത്തെ ഭീഷണിപ്പെടുത്തുകയാണെന്നും അത് രാജ്യത്തിന്റെ പ്രതിച്ഛായ തകര്‍ക്കുകയാണെന്നും അവര്‍ സൂചിപ്പിച്ചു.

ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ അംഗം എ.സി. മൈക്കിള്‍, സുപ്രീം കോടതി അഭിഭാഷക സിസ്റ്റര്‍ മേരി സ്‌കറിയ, യു.സി.എഫ് പ്രസിഡന്റ് മൈക്കല്‍ വില്യംസ് എന്നിവര്‍ നിവേദത്തില്‍ ഒപ്പുവെച്ചവരില്‍ ഉള്‍പ്പെടുന്നു. കത്തില്‍ പ്രധാനമായും സൂചിപ്പിക്കുന്നത് മതപരിവര്‍ത്തനനിയമത്തിന്റെ ദുരുപയോഗം, മതസ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റം, ദളിത് ക്രൈസ്തവരെ ഷെഡ്യൂള്‍ഡ് കാസ്റ്റ് പരിഗണനയില്‍ നിന്ന് ഒഴിവാക്കുന്നത് തുടങ്ങിയ കാര്യങ്ങള്‍ ആണെന്ന് ഇവാഞ്ചലിക്കല്‍ ഫെല്ലോഷിപ് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി റവ. വിജയേഷ് ലാല്‍ യുകാന്‍ പറഞ്ഞു.

രാജ്യത്തെ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ വിദ്വേഷ പ്രസംഗമാണ് സാധാരണക്കാരെ ക്രൈസ്തവര്‍ക്കെതിരെ അക്രമത്തിന് പ്രേരിപ്പിക്കുന്നത്. ജനക്കൂട്ടം ക്രിസ്മസ് പ്രര്‍ത്ഥനകളും കരോളുകളും അക്രമിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബൈബിള്‍ വില്‍ക്കുന്നതിനുപോലും അനുവദിക്കുന്നില്ല. ബൈബിള്‍ വി ല്‍ക്കുവാന്‍ ശ്രമിക്കുന്നവര്‍ മര്‍ദിക്കപ്പെടുന്നുവെന്നും അത് ഭരണഘടന നല്‍കുന്ന അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നും അദ്ദേഹം പറയുന്നു. എല്ലാ മതങ്ങള്‍ക്കും ഭരണഘടന നല്‍കുന്ന തുല്യപരിഗണനയുടെ നഗ്നമായ ലംഘനമാണതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

മണിപ്പൂരില്‍ സമാധാനം വളര്‍ത്തുന്നതിന് ദൃശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു. അക്രമികള്‍ക്കെതിരെ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കണമെന്നും മതസ്വാതന്ത്ര്യം സംരക്ഷിക്കണമെന്നും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?