Follow Us On

21

June

2025

Saturday

യേശുവിനെയും ക്രിസ്തീയ വിശ്വാസത്തെയും അവഹേളിച്ചു; എംഎല്‍എയ്‌ക്കെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്

യേശുവിനെയും ക്രിസ്തീയ വിശ്വാസത്തെയും അവഹേളിച്ചു; എംഎല്‍എയ്‌ക്കെതിരെ കേസ് എടുക്കാന്‍ കോടതി ഉത്തരവ്
റായ്പൂര്‍: യേശുവിനെയും ക്രിസ്തീയ വിശ്വാസത്തെയും അവഹേളിച്ചു പ്രസംഗിച്ച ബിജെപി വനിതാ എംഎല്‍എ രായ മുനി ഭഗത്തിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. ഛത്തീസ്ഗഡിലെ ജാഷ്പൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് എംഎല്‍എക്ക് എതിരെ കേസെടുക്കാന്‍ പോലീസിന് നിര്‍ദേശം നല്‍കിയത്. നാളെ കോടതിയില്‍ നേരിട്ടു ഹാജരാകാന്‍ പ്രതിക്ക് കോടതി സമന്‍സും അയച്ചു. കഴിഞ്ഞ സെപ്റ്റര്‍ ഒന്നിന് ദേഖ്‌നി ഗ്രാമത്തില്‍ വച്ചായിരുന്നു അവഹേളനപരമായ പ്രസംഗം നടത്തിയത്.
”യേശുവിനെ കുരിശില്‍ തറയ്ക്കുകയായിരുന്നു. തന്നെ തറച്ച ആണികള്‍പ്പോലും മാറ്റാന്‍ കഴിയാത്ത ക്രിസ്തുവിന് എങ്ങനെയാണ് നിങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സാധിക്കുന്നത്?  യേശു കുരിശില്‍ മരിച്ചു. ആളുകള്‍ പറയുന്നു യേശു ഉയിര്‍ത്തെഴുന്നേറ്റു എന്ന്. മരിച്ച ഒരാള്‍ക്ക് എങ്ങനെ ജീവന്‍ ലഭിക്കും?” എന്നായിരുന്നു എംഎല്‍എ പ്രസംഗത്തില്‍ ചോദിച്ചത്. സോഷ്യല്‍ മീഡിയകള്‍ വഴി ഈ പ്രസംഗം വ്യാപകമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഛത്തീസ്ഗഡ് ക്രിസ്ത്യന്‍ ഫോറം പോലീസില്‍ പരാതി നല്‍കിയെങ്കിലും ഭരണകക്ഷി എംഎല്‍എക്ക് എതിരെ പോലീസ് കേസെടുത്തില്ല. തുടര്‍ന്ന് ജില്ലാ പോലീസ് സൂപ്രണ്ടിന് പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ തയാറായില്ല. ക്രൈസ്തവര്‍ മനുഷ്യച്ചങ്ങല അടക്കമുള്ള പ്രതിഷേധ സമരങ്ങള്‍ നടത്തിയെങ്കിലും  പോലീസ് ഒരു നടപടിയും സ്വീകരിച്ചില്ല.
 ഇതോടെ ഹെര്‍മന്‍ കുജൂര്‍ എന്നയാള്‍ അഭിഭാഷകനായ വിഷ്ണു കുല്‍ദീപ് മുഖേന കോടതിയെ സമീപിക്കുകയായിരുന്നു. എംഎല്‍എയുടെ പ്രസംഗം വര്‍ഗീയ സ്വഭാവത്തോടെയുള്ളതാണെന്ന് കോടതി നിരീക്ഷിച്ചു. സമുദായങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാക്കണമെന്ന ലക്ഷ്യത്തോടെയാണ് എംഎല്‍എ പ്രസംഗിച്ചതെന്നാണ് വീഡിയോ ദൃശ്യങ്ങളില്‍നിന്നു മനസിലാകുന്നതെന്നും കോടതി ഉത്തരവില്‍ പറയുന്നു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?