ഫാ. ജിന്‍സണ്‍ ജോസഫ് മാണി മുകളേല്‍ CMF
പരസ്പര സംസാരം അന്യമാവുന്ന ഒരു കാലഘട്ടത്തിലാണ് ഇന്ന് നമ്മള്‍ ജീവിക്കുന്നത്. യാത്രയില്‍ പരിസരം വീക്ഷിക്കുകയാണെങ്കില്‍ ആളുകള്‍ക്ക് ഫോണും മടുത്തു എന്ന് കാണാന്‍ സാധിക്കും. ഒരു മെട്രോ ട്രെയിനിലോ ബസിലോ രാവിലെ ഫോണില്‍ നോക്കുന്ന ആളുകളുടെ എണ്ണത്തില്‍ ഒരു കുറവ് വന്നോ സ്വയം നിരീക്ഷിച്ച് പഠിക്കുക. എന്തുകൊണ്ടാണ് മിക്കവര്‍ക്കും ഫോണ്‍ മടുത്തത്? അത് കാലത്തിന്റെ അനിവാര്യതയാണ്. എല്ലാം ഞൊടിയിടയില്‍ സംഭവിക്കുമ്പോള്‍ മനുഷ്യര്‍ക്ക് മടുപ്പുതോന്നും. ഇനി മടുപ്പ് തോന്നിയില്ലെങ്കില്‍ തോന്നട്ടെ. ഇന്ന് ഉച്ചയ്ക്ക് വന്ന ലേഖനം നിങ്ങള്‍ വായിക്കുന്നത് എപ്പോഴായിരിക്കും? വാട്‌സപ്പിനും ഇന്‍സ്റ്റയ്ക്കും പഴയ വശീകരണ ശക്തിയില്ല!
വെറുതേ ഇരിപ്പ് എന്ന കല
ഇന്ന് പൊതുവേ ഇല്ലാത്തത് സംസാരം ആണ്. മിക്ക ആളുകള്‍ക്കും ആവശ്യത്തില്‍ കൂടുതല്‍ തിരക്കാണ്. തിരക്ക് ഒരു ചുഴിയാണ്. ആ ചുഴിയില്‍പ്പെട്ടാല്‍ രക്ഷപ്പെടാന്‍ ബുദ്ധിമുട്ടാണ്. കിഷ്‌കിണ്ഡകാണ്ഡം സിനിമയിലെ നായികയെപ്പോലെ എല്ലാ തിരക്കും മാറ്റിവെച്ച് വെറുതെയിരിക്കാന്‍ ആഗ്രഹിക്കുന്ന മനസ് നമുക്ക് ആവശ്യമല്ലേ?
സജി വാളിപ്ലാക്കലച്ചന്‍ പറഞ്ഞ സംഭവമാണ്. അച്ചന്റെ ചെറുപ്പത്തില്‍ സ്‌കൂളില്‍ പോകുമ്പോള്‍ കണ്ട ഒരു കാഴ്ച. സ്‌കൂളില്‍ പോകാന്‍ ഇറങ്ങുമ്പോള്‍ എന്റെ വല്യപ്പച്ചനും അച്ചന്റെ അപ്പച്ചനും കൂടി വര്‍ത്തമാനം പറഞ്ഞുകൊണ്ടിരിക്കുന്നുണ്ടാകും. സ്‌കൂളില്‍നിന്ന് തിരിയെ വരുമ്പോഴും അവര്‍ സംസാരം തുടര്‍ന്നു കൊണ്ടേയിരിക്കും. എന്തായിരിക്കും അവര്‍ സംസാരിച്ചിരിക്കുക? ഹൃദയം ഒന്നാകുമ്പോള്‍ സംസാരിക്കാന്‍ അനേകം കാര്യങ്ങള്‍ ഒരു കാലത്ത് നമുക്ക് ഉണ്ടായിരുന്നു. പരസ്പരം മിണ്ടാന്‍ കലുങ്കുകളും ആറ്റിന്‍ തീരങ്ങളും തോടും പല വീടുകളിലെ അമ്മമാര്‍ ഒന്നിച്ചിരുന്ന അടുക്കളകളും ഉണ്ടായിരുന്നു. ഇന്ന് സംസാരത്തിന് അനവധി ഉപാധികള്‍ ഉണ്ട്. എന്നാല്‍ സംഭാഷണങ്ങള്‍ കൂടിയോ, കുറഞ്ഞോ?
ഗേറ്റ് കടന്ന്…
ഒരു സമര്‍പ്പിത ഭവനം നാട്ടില്‍ വരുന്ന സമയത്ത് വളരെ ചെറിയ തുടക്കം ആയിരിക്കും അതിന്റേത്. ഏവരും കടന്നുവരുന്ന ഒരു ഭവനം. എന്നാല്‍ ആ ഭവനം പുതുക്കിപ്പണിത് കൂറ്റന്‍ ഗേറ്റും വച്ചു കഴിയുമ്പോള്‍ ആളുകള്‍ അപ്രത്യക്ഷരാവുന്നു. ഇത് സമര്‍പ്പിത ഭവനങ്ങളില്‍ മാത്രമല്ല. എല്ലാ ബംഗ്ലാവുകളിലും ഇതേ കഥ ആവര്‍ത്തിക്കുന്നു. അതെന്താ അങ്ങനെ എന്നു ചോദിക്കുമ്പോള്‍ എല്ലാവരും പറയുന്ന ഒറ്റ ഉത്തരം മാത്രം. പേടിക്കാതെ എങ്ങനെ ഈ നാട്ടില്‍ ജീവിക്കും? കൈ കാണിച്ചാല്‍ ഓട്ടോയും ബസും മാത്രം നിര്‍ത്തും. വേറെ ആരെങ്കിലും നിര്‍ത്തുമോ? പേടിയാ സാറെ….
വെറുതെ സംസാരിച്ചിരിക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹമുണ്ട്. പക്ഷേ ഈ പണിയൊക്കെ ആര് ചെയ്യും? ഇതായിരിക്കും നമ്മുടെ മനസില്‍ വരുന്ന ചോദ്യം. തിരക്ക് ഒരു മിഥ്യയാണ്. നാളെ പരീക്ഷ ഉണ്ടെങ്കില്‍ എല്ലാ തിരക്കിനിടയ്ക്കും പത്തു മണിക്കൂര്‍ നമുക്ക് പഠിക്കാന്‍ കിട്ടും. ഇതുപോലെ നല്ല ബന്ധങ്ങള്‍ നിലനിര്‍ത്താന്‍ ആഗ്രഹം ഉണ്ടെങ്കില്‍, ഉള്ളുതുറന്നു സംസാരിക്കാന്‍ മോഹം ഉണ്ടെങ്കില്‍ അവിടെ വഴി തെളിയും.
തെറ്റിദ്ധാരണകള്‍
സുഖം കൂടുന്തോറും മനുഷ്യന്റെ ദുഃഖം കൂടുന്നു എന്നതാണ് ഇന്നത്തെ ചിത്രം. ഇന്‍സ്റ്റയില്‍ അപരന്റെ സ്റ്റാറ്റസിന്റെ സൗന്ദര്യം കണ്ട് എന്റെ ജീവിതത്തിന് ഇത്ര തിളക്കം ഇല്ലല്ലോ എന്ന് ചിന്തിക്കുന്ന മനുഷ്യന്‍. വാങ്ങി കൂട്ടാനും മോടിപിടിപ്പിക്കാനും ഉള്ള നെട്ടോട്ടങ്ങള്‍. ഉള്ള് ദുഃഖം കൊണ്ട് നിറയുന്നു. അപരനെ തോല്പിക്കുമ്പോള്‍ ഉള്ള സന്തോഷമാണ് ഈ ഭൂമിയിലെ ഉത്തമമായ സന്തോഷം എന്ന് നമ്മള്‍ തെറ്റിദ്ധരിക്കുന്നു. തോല്പിക്കാനുള്ള മനസ് മാറ്റിവെച്ച് കൂടെയുള്ളവരെ കൈപിടിച്ച് ഉയര്‍ത്താനുള്ള പോരാട്ടമാണ് നമുക്കാവശ്യം. അതിന് ആദ്യം വേണ്ടത് സംസാരം ആണ്. പരസ്പരം മിഴികളില്‍ നോക്കി ചിരിയോടെ നമുക്ക് വീണ്ടും മിണ്ടിത്തുടങ്ങാം.. വെറുതെ !
Leave a Comment
Your email address will not be published. Required fields are marked with *