Follow Us On

12

January

2025

Sunday

ക്രിസ്മസ് ദിനത്തില്‍ സ്വര്‍ഗത്തില്‍ ജനിച്ച മിഷനറി

ക്രിസ്മസ് ദിനത്തില്‍  സ്വര്‍ഗത്തില്‍ ജനിച്ച മിഷനറി

ജോസഫ് ജോസഫ്

2015 ക്രിസ്മസ് ദിനത്തിലാണ് കാന്‍സര്‍ രോഗബാധിതയായിരുന്ന മിഷേല്‍ ഡപ്പോംഗ് നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്. യുവജനങ്ങളുടെ ഇടയില്‍ പ്രവര്‍ത്തിക്കുന്ന ‘ഫോക്കസ്’ മിനിസ്ട്രിയിലൂടെ അനേകരെ ക്രിസ്തുവിന്റെ സ്‌നേഹത്തിലേക്ക് നയിച്ച മിഷേലിന് മരണസമയത്ത് കേവലം 31 വയസു മാത്രമാണുണ്ടായിരുന്നത്. മരണശേഷം മിഷേല്‍ തങ്ങളുടെ ജീവിതത്തെ എപ്രകാരമാണ് സ്വാധീനച്ചത് എന്ന് വിശദീകരിച്ചുകൊണ്ട് നൂറുകണക്കിന് കത്തുകളും ഇമെയിലുകളും മിഷേലിന്റെ മാതാപിതാക്കളായ കെന്നിനും മേരി ആന്‍ ഡപ്പോംഗിനും ലഭിക്കാന്‍ തുടങ്ങി. തങ്ങളുടെ മകളുടെ പ്രവര്‍ത്തനങ്ങള്‍ ഇത്രയേറെ ആളുകളെ സ്വാധീനച്ചിരുന്നതായി അവര്‍ ഒരിക്കലും ചിന്തിച്ചിരുന്നില്ല.

വിവാഹശേഷം ധാരാളം കുഞ്ഞുങ്ങള്‍ക്ക് ജന്മം നല്‍കണമെന്ന് ആഗ്രഹിച്ചിരുന്ന മിഷലിന് തന്റെ ഗര്‍ഭപാത്രം നീക്കംചെയ്യപ്പെടേണ്ടി വന്നത് വലിയ വേദനയായിരുന്നു. ഇന്ന് കുട്ടികളില്ലാത്ത ധാരാളം ദമ്പതികള്‍ക്ക് മിഷേലിന്റെ മാധ്യസ്ഥത്തിലൂടെ കുഞ്ഞുങ്ങളെ ലഭിക്കുമ്പോള്‍ മിഷേലിന്റെ ആഗ്രഹം മറ്റൊരു വിധത്തില്‍ സാക്ഷാത്കരിക്കപ്പെടുകയാണെന്ന് മിഷേലിന്റെ മാതാപിതാക്കള്‍ പറയുന്നു. ഇതിന്റെ തുടര്‍ച്ചയായി 2022 നവംബര്‍ ഒന്നാം തിയതി മിഷേലിന്റെ നാമകരണനടപടികള്‍ക്ക് തുടക്കം കുറിക്കുന്നതായി യുഎസിലെ ബിസ്മാര്‍ക്ക് രൂപതാധ്യക്ഷന്‍ ബിഷപ് ഡേവിഡ് കാഗന്‍ പ്രഖ്യാപിച്ചു.

ഒരു പുണ്യപ്പെട്ട കഥ
യുഎസിലെ നോര്‍ത്ത് ഡക്കോട്ട സംസ്ഥാനത്തുള്ള ഹെയ്മാര്‍ഷിലെ കര്‍ഷക കുടുംബത്തില്‍ ആറ് മക്കളില്‍ നാലാമതായാണ് മിഷേല്‍ ഡപ്പോംഗിന്റെ ജനനം. മണ്ണിനോട് ചേര്‍ന്നുള്ള കഠിനാധ്വാനത്തിന്റെയും എളിയജീവിതത്തിന്റെയും അന്തരീക്ഷം ആ കുഞ്ഞുഹൃദയത്തിലെ കത്തോലിക്കാ വിശ്വാസത്തിന്റെ വിത്തുകള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറി. പൂന്തോട്ടപരിപാലനം, കളപറിക്കല്‍, വിളവെടുപ്പ് തുടങ്ങിയ കാര്‍ഷിക ജോലികളെല്ലാം ഉത്സാഹത്തോടെ മിഷേല്‍ ചെയ്തിരുന്നു. കാര്‍ഷിക പാരമ്പര്യത്തില്‍ വളര്‍ന്നുവന്നതുകൊണ്ടാവണം ഹോര്‍ട്ടികള്‍ച്ചച്ചറാണ് മിഷേല്‍ തുടര്‍പഠനത്തിനായി തിരഞ്ഞെടുത്തത്. വാലിഡിക്‌റ്റേറിയനും സീനിയര്‍ ക്ലാസ്സിന്റെ പ്രസിഡന്റും ആയി പഠനത്തിലും പഠനേതരപ്രവര്‍ത്തനങ്ങളിലും പ്രശോഭിച്ചെങ്കിലും സമപ്രായക്കാരായ കുട്ടികളില്‍ നിന്ന് മിഷേല്‍ ഏറെ വ്യത്യസ്തയായിരുന്നു. ഇടയ്ക്കിടെ കത്തോലിക്കാ കോണ്‍ഫ്രന്‍സുകളിലും വിശുദ്ധ കുര്‍ബാനയിലും ആരാധനയിലും കുടുംബത്തോടൊപ്പം പങ്കെടുക്കുന്നതായിരുന്നു മിഷേലിന്റെ ഏറ്റവും വലിയ സന്തോഷം.

യുവജനങ്ങളുടെ ഇടയില്‍ കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഫോക്കസ് മിനിസ്ട്രിയിലും പിന്നീട് രൂപതയുടെ ഫെയ്ത്ത് ഫോര്‍മേഷന്‍ ഡയറക്ടര്‍ എന്ന നിലയിലും മിഷേല്‍ സേവനം ചെയ്തു. ഫോക്കസ് മിനിസ്ട്രിയിലെ പ്രവര്‍ത്തനത്തിലൂടെ നാല് കോളേജ് കാമ്പസുകളില്‍ വിദ്യാര്‍ത്ഥികളെ വിശ്വാസത്തിന്റെ ആഴത്തിലേക്ക് ആകര്‍ഷിക്കാന്‍ ദൈവം മിഷേലിനെ ഉപകരണമാക്കി. മിഷേല്‍ ആറ് വര്‍ഷം ഫോക്കസ് മിഷനറിയായി സേവനമനുഷ്ഠിച്ചു, തുടര്‍ന്ന് ബിസ്മാര്‍ക്ക് രൂപതയുടെ മുതിര്‍ന്നവരുടെ വിശ്വാസ രൂപീകരണത്തിന്റെ ഡയറക്ടറായും സേവനമനുഷ്ഠിച്ചു. വിശുദ്ധ പൗലോസിന്റെ ജന്മദിനമായ ജനുവരി 25-ന് തന്റെ ജന്മദിനം ആഘോഷിക്കുന്ന മിഷേല്‍ ആത്മാക്കള്‍ക്കായുള്ള ദാഹത്തിന്റെ കാര്യത്തിലും പൗലോസ്ശ്ലീഹായുമായി സമാനത പുലര്‍ത്തി.

ഫോക്കസില്‍ സേവനം ചെയ്തിരുന്ന കാലത്ത്, അനേകരുമായി വ്യക്തിപരമായ ബന്ധം പുലര്‍ത്തക്കൊണ്ട് അവരുടെ വിശ്വാസജീവിതത്തെ മിഷേല്‍ ഡുപ്പോംഗ് മാറ്റിമറിച്ചു. സൗത്ത് ഡക്കോട്ട സ്റ്റേറ്റ് യൂണിവേഴ്സിറ്റിയില്‍ മിഷനറിശുശ്രൂഷ ചെയ്യുമ്പോള്‍ മിഷേല്‍ കണ്ടുമുട്ടിയ സ്റ്റെഫാനി ആന്‍ഡേഴ്സണുമായുള്ള സൗഹൃദം അത്തരത്തിലുള്ള ഒന്നാണ്. ”കത്തോലിക്ക സംസ്‌കാരത്തെക്കുറിച്ച് മിഷേല്‍ എന്നെ ഒരുപാട് പഠിപ്പിച്ചു. യാമപ്രാര്‍ത്ഥനകളുടെ പ്രാധാന്യം എന്നെ പഠിപ്പിച്ചത് മിഷേലാണ്. എല്ലാ ദിവസവും ദിവ്യകാരുണ്യത്തിന് മുന്നില്‍ പ്രാര്‍ത്ഥിക്കാന്‍ അവള്‍ എന്നെ ക്ഷണിച്ചു, അത് ദിവ്യബലിയോടുള്ള ദാഹവും സ്‌നേഹവും ഉളവാക്കി. ക്രിസ്തുവിനുവേണ്ടിയും വിശുദ്ധിക്കുവേണ്ടിയും ആളുകളുമായി ബുദ്ധിമുട്ടുള്ള സംഭാഷണങ്ങള്‍ നടത്തുന്നതില്‍ മിഷേല്‍ വിദഗ്ധയായിരുന്നു. അതാണ് എന്നെ തീപിടിപ്പിച്ചത്…. ആരെങ്കിലും വിശുദ്ധിയുടെ ഉന്നതിയിലേക്ക് എന്നെ വിളിക്കാനും ഞാന്‍ എന്തിനുവേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടതെന്ന് പറഞ്ഞുതരാനും ഞാന്‍ ആഗ്രഹിച്ചു. മിഷേല്‍ നേരെ കയറി അത് ചെയ്തു. മിഷേല്‍ എന്തിന്റെയെങ്കിലും പ്രത്യേക മധ്യസ്ഥയവുകയാണെങ്കില്‍ അത് ബുദ്ധിമുട്ടുള്ള സംഭാഷണത്തിന്റെ മധ്യസ്ഥയായിരിക്കുമെന്ന് ഞാന്‍ കരുതുന്നു.” ആന്‍ഡേഴ്‌സണ്‍ പറഞ്ഞു.

ഡോക്ടറോട് പറഞ്ഞ മറുപടി
2014 അവസാനത്തോടെയാണ് ഉദരരോഗത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ മിഷേലിന്റെ ശരീരത്തില്‍ അണ്ഡാശയ സിസ്റ്റുകള്‍ കണ്ടെത്തിയത്. ഗൗരവമായ രോഗമാകാന്‍ സാധ്യത ഇല്ലെന്നാണ് ആദ്യം ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ മരുന്നുകള്‍ കഴിച്ചിട്ടും വേദന ശമിക്കാത്തതിനെ തുടര്‍ന്ന് രണ്ടാമത്തെ അള്‍ട്രാസൗണ്ട് സ്‌കാനിംഗ് നടത്തി. 2014 ഡിസംബര്‍ 29 നാണ് സിസ്റ്റുകള്‍ നീക്കം ചെയ്യുന്നതിനായുള്ള സര്‍ജറി ഷെഡ്യൂള്‍ ചെയ്തത്. സര്‍ജറിയുടെ സമയത്ത് ഡോക്ടര്‍മാര്‍ മിഷേലിന്റെ രോഗത്തിന്റെ ഗൗരവാവസ്ഥ ആദ്യമായി തിരിച്ചറിഞ്ഞു. വയറു മുഴുവന്‍ കാന്‍സര്‍ വ്യാപിച്ചിരിക്കുന്നു – അതും നാലാംഘട്ടം.
കാന്‍സര്‍ വ്യാപിച്ചുവെന്നും തങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞ ഡോക്ടറോട് മിഷേല്‍ തിരിച്ചു ചോദിച്ചത് ഇപ്രകാരമായിരുന്നു ‘ഡോക്ടര്‍ , ഹൗ ആര്‍ യു ഡൂയിംഗ് റ്റുഡേ?’ അനേകം കാന്‍സര്‍ രോഗികളെ പരിചരിച്ചിട്ടുള്ള ആ ഡോക്ടറിന് ലഭിച്ച വ്യത്യസ്തമായ പ്രതികരണമായിരുന്നു അത്. രണ്ട് മാസം മാത്രമായിരുന്നു ഡോക്ടര്‍മാര്‍ മിഷേലിന് ആയുസ് പ്രവചിച്ചത്.

അവളുടെ കുരിശ് ചുമക്കുന്നു
ഓരോ ചുവടും ദൈവഹിതം സ്വീകരിച്ചുകൊണ്ട് നടത്തിയ ജീവനുവേണ്ടിയുള്ള മിഷേലിന്റെ പോരാട്ടത്തിന്റെ ആരംഭമായിരുന്നു അത്. നഴ്സിംഗില്‍ ബിരുദം നേടിയ സഹോദരി റെനെ ആ യാത്രയില്‍ അവളെ അനുഗമിച്ചു. എത്ര വേദനകളിലൂടെ കടന്നുപോകേണ്ടി വന്നിട്ടും മിഷേല്‍ ആരെയും കുറ്റപ്പെടുത്തുകയോ പരാതി പറയുകയോ ചെയ്തില്ല. ‘ഞാന്‍ ഇതിലൂടെ കടന്നുപോകണമെന്ന് ദൈവം ആഗ്രഹിക്കുന്നുവെങ്കില്‍, ഇതിലൂടെ കടന്നുപോകും’ എന്നായിരുന്നു മിഷേലിന്റെ മനോഭാവം. കഷ്ടപ്പാടുകള്‍ ക്ഷമയോടെ സഹിക്കുന്നതിനൊപ്പം മറ്റുള്ളവര്‍ക്ക് വേണ്ടി തന്റെ കഷ്ടപ്പാടുകള്‍ കാഴ്ചവയ്ക്കാനും മിഷേല്‍ ആ അവസരം ഉപയോഗിച്ചു.
ന്യൂയോര്‍ക്കിലെ നോര്‍ത്ത് അമേരിക്കന്‍ രക്തസാക്ഷികളുടെ ദൈവാലയത്തില്‍ നിന്നുള്ള ഒരു തിരുശേഷിപ്പ് മെഡലാണ് മിഷേലില്‍ നിന്ന് തനിക്ക് ലഭിച്ച ഏറ്റവും വിലപ്പെട്ട സമ്മാനമെന്ന് അമ്മ മേരി ആന്‍ പങ്കുവെച്ചു. വിശ്വാസം സംരക്ഷിക്കുന്നതിനായി രക്തസാക്ഷിത്വം വരിക്കാന്‍ കര്‍ത്താവ് ആവശ്യപ്പെടുകയാണെങ്കില്‍, അതിന് തയാറാകേണ്ട സമയം വരുമെന്ന് താന്‍ വിശ്വസിക്കുന്നുതായി മിഷേല്‍ പറഞ്ഞിരുന്നു! രോഗത്തിന്റെ വേദനകള്‍ ക്ഷമയോടെ സഹിച്ചുകൊണ്ട് മിഷേല്‍ ജീവിക്കുന്ന രക്തസാക്ഷിയായി മാറി. രോഗാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന സമയത്ത് അവിടെയുള്ള ജീവനക്കാരെ മിഷേല്‍ ആശ്വസിപ്പിച്ചിരുന്നു. പലരും വ്യക്തിപരമായ പ്രശ്‌നങ്ങള്‍ മിഷേലുമായി പങ്കുവച്ച് പ്രാര്‍ത്ഥനാസഹായം തേടി. വേദനയുടെ നടുവിലും മിഷേല്‍ മറ്റുള്ളവരുടെ പ്രശ്‌നങ്ങളെക്കുറിച്ചാണ് ചിന്തിച്ചിരുന്നത്.
രോഗനിര്‍ണയത്തെ തുടര്‍ന്ന് ആദ്യം പതറിയെങ്കിലും, കഷ്ടപ്പാടുകള്‍ പാഴാക്കാതിരിക്കാന്‍ തീരുമാനിച്ച ഡപ്പോംഗ് തന്റെ വേദനകള്‍ മറ്റുള്ളവര്‍ക്കായി ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു. ഈ കാലയളവില്‍ അവളുടെ ആഴത്തിലുള്ള ആത്മീയ ജീവിതത്തില്‍ നിന്ന് കുടുംബവും സുഹൃത്തുക്കളും പ്രചോദനം ഉള്‍ക്കൊണ്ടിരുന്നു. മിഷേലുമായി സംസാരിക്കുകയോ പ്രാര്‍ത്ഥിക്കുകയോ ചെയ്തിരുന്നവര്‍ക്കെല്ലാം വലിയ സമാധാനം അനുഭവിക്കാന്‍ സാധിച്ച സമയമായിരുന്നു അത്.

സന്തോഷത്തിന്റെ മിഷനറി
അവസാനം വരെ, മിഷേല്‍ രോഗശാന്തിക്കായി പ്രാര്‍ത്ഥിച്ചു. എന്നിരുന്നാലും, തന്റെ മരണദിനം മിഷേല്‍ മുന്‍കൂട്ടി മനസിലാക്കിയിരുന്നു. മിഷേലിനെ ശുശ്രൂഷിക്കാനായി ഒരിക്കല്‍ കടന്നുവന്ന കോണ്‍ഗ്രിഗേഷന്‍ ഓഫ് തെരേസിയന്‍ കര്‍മ്മലൈറ്റ്സിലെ ഒരു സിസ്റ്ററിനോടാണ് ക്രിസ്മസ് ദിനത്തില്‍ താന്‍ മരിക്കുമെന്ന് മിഷേല്‍ വെളുപ്പെടുത്തിയത്. ഡിസംബര്‍ 25-ക്രിസ്മസ്ദിനം വൈകുന്നേരം അവളുടെ കിടക്കയ്ക്ക് ചുറ്റും കുടുംബാംഗങ്ങള്‍ ഒത്തുകൂടി, പാട്ടുപാടിയും പ്രാര്‍ത്ഥിച്ചും സ്‌നേഹം പ്രകടിപ്പിച്ചും ഒപ്പമുണ്ടായിരുന്ന കുടുംബാംഗങ്ങളെ വിട്ട് രാത്രി 11. 23-ന് മിഷേല്‍ ദൈവപിതാവിന്റെ സന്നിധിയിലേക്ക് യാത്രയായി. എപ്പോഴും പ്രസന്നത പുലര്‍ത്തിക്കൊണ്ട് ചുറ്റുമുള്ളവരിലേക്ക് സന്തോഷം പ്രസരിപ്പിച്ചിരുന്ന മിഷേലിന്റെ ചിരി തങ്ങള്‍ക്ക് മറക്കാനാവില്ലെന്ന് മിഷേലുമായി ഒരിക്കലെങ്കിലും ഇടപെവരെല്ലാവരും ഒരുപോലെ പറയുന്നു. രോഗബാധിതായി അതിതീവ്രമായ വേദനയിലൂടെ കടന്നുപോയപ്പോഴം ആ പ്രസന്നഭാവം മിഷേലിനെ വിട്ടുപോയില്ല. സന്തോഷത്തിന്റെ മിഷനറിയായ മിഷേല്‍ ഡപ്പോങ്ങിന്റെ ജീവിതകഥ വിവരിക്കുന്ന ഡോക്യുമെന്ററി ‘റേഡിയേറ്റിംഗ് ജോയ്: ദി മിഷേല്‍ ഡപ്പോംഗ് സ്റ്റോറി’ ഫോക്കസ് മിനിസ്ട്രിയുടെ നേതൃത്വത്തില്‍ പുറത്തിറക്കിയിട്ടുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?