വത്തിക്കാന്‍ സിറ്റി: മറിയം ‘ദൈവകൃപയുടെ’ മാസ്റ്റര്‍പീസും ‘വചനം ശ്രവിച്ചുകൊണ്ട്’ അനുകരിക്കാനുള്ള മാതൃകയുമാണെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. ജനറല്‍ ഓഡിയന്‍സിനോടനുബന്ധിച്ച് ‘യേശുക്രിസ്തു നമ്മുടെ പ്രത്യാശ’ എന്ന വിഷയത്തെക്കുറിച്ച് നടത്തിവരുന്ന മതബോധനപരമ്പരയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
സമാധാനം നിന്നോടുകൂടെ എന്ന പരമ്പരാഗത ആശംസക്ക് പകരം മറിയത്തിന് സ്തുതിയുടെ ആശംസയാണ് ഗബ്രിയേല്‍ ദൈവദൂതന്‍ നല്‍കുന്നത്. രക്ഷാകരചരിത്രത്തിന് പ്രിയപ്പെട്ട ഒരു വാക്കാണിത്. കാരണം മിശിഹായുടെ വരവ് പ്രഖ്യാപിക്കുവാന്‍ പ്രവാചകന്മാര്‍ ഈ വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. (സെഫ. 3:14; ജോയേല്‍ 2:21 – 23, സക്കറിയ 9:9). കേട്ടിട്ടില്ലാത്ത രൂപവും ഉള്ളടക്കവുമടങ്ങിയ ആ സന്ദേശം മറിയത്തിന്റെ ഹൃദയത്തില്‍ പ്രകമ്പനങ്ങള്‍ സൃഷ്ടിച്ചു.
സ്വര്‍ഗീയ കൃപയാല്‍ നിറഞ്ഞവള്‍ എന്നര്‍ത്ഥം വരുന്ന സ്‌നേഹത്തിന്റെ പേരാണ് ഈ അസാധാരണമായ അഭിവാദനത്തിന്റെ മറ്റൊരു വശം. മറിയം ദൈവകൃപനിറഞ്ഞവളാണ്. അതിനര്‍ത്ഥം ഇതിനോടകം ‘ദൈവത്തിന്റെ സ്‌നേഹം മറിയത്തില്‍ കുടികൊള്ളുന്നുണ്ടെന്നും ആ കൃപ അവളുടെ ഹൃദയത്തില്‍ ഒരുതരത്തില്‍ ആലേഖനം ചെയ്യപ്പെട്ടിട്ടുണ്ട് എന്നുമാണ്. ഉടനെ തന്നെ ‘ഭയപ്പെടേണ്ട’ എന്ന് ഉറപ്പ് മറിയത്തിന് നല്‍കുന്നു. പ്രധാനപ്പെട്ട ചുമതലകള്‍ ഏല്‍പ്പിക്കപ്പെടുന്ന എല്ലാവര്‍ക്കും’അബ്രഹാം, ഇസഹാക്ക്, മോശ’ എന്നിവര്‍ക്കെല്ലാം ദൈവം നല്‍കുന്ന ഉറപ്പാണിത്. ‘ഭയപ്പെടേണ്ട, മുന്നോട്ട് പോവുക’ എന്ന ഉറപ്പ് ദൈവം നമുക്കും നല്‍കുന്നുണ്ടെന്ന് മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു.
Leave a Comment
Your email address will not be published. Required fields are marked with *