Follow Us On

12

May

2025

Monday

വന്യജീവി അക്രമങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാത്ത ഭരണാധികാരികള്‍ ജനാധിപത്യത്തിന് അപമാനം

വന്യജീവി  അക്രമങ്ങള്‍ക്കെതിരെ  നടപടി സ്വീകരിക്കാത്ത  ഭരണാധികാരികള്‍  ജനാധിപത്യത്തിന് അപമാനം

കൊച്ചി: വന്യജീവി അക്രമങ്ങളിലൂടെ കേരളത്തില്‍ ഓരോ ദിവസവും തുടര്‍ച്ചയായി മനുഷ്യജീവനുകളെടുത്തിട്ടും കണ്ണുതുറക്കാത്ത ഭരണാധികാരികള്‍ ജനാധിപത്യഭരണത്തിന് അപമാനമാണെന്ന് കാത്തലിക് ബിഷപ്സ് കോണ്‍ഫ്രന്‍സ് ഓഫ് ഇന്ത്യ ലെയ്റ്റി കൗണ്‍സില്‍ സെക്രട്ടറി അഡ്വ. വി. സി സെബാസ്റ്റ്യന്‍. രാജ്യത്തെ നിയമങ്ങള്‍ ജനങ്ങളുടെ സംരക്ഷണത്തിനു വേണ്ടിയാണ്. മൃഗങ്ങളെ സംരക്ഷിക്കുവാന്‍ നിയമം നിര്‍മിച്ചവര്‍ക്ക് സ്വന്തം കൂടപ്പിറപ്പുകളെ സംരക്ഷിക്കുവാന്‍ വകുപ്പുകളില്ലെന്നുള്ള വാദം ലജ്ജാകരവും ചോദ്യം ചെയ്യപ്പെടേണ്ടതുമാണ്.

മൃഗങ്ങള്‍ മനുഷ്യനെ കടിച്ച് വലിച്ചു കീറി കൊല ചെയ്യുമ്പോള്‍ ജനങ്ങള്‍ ജീവിക്കാന്‍ വേണ്ടി നിയമം കൈയിലെടുത്ത് ജനപ്രതിനിധികളെ തെരുവില്‍ തടയേണ്ട സാഹചര്യം സൃഷ്ടിക്കപ്പെടുന്നു. സ്വന്തം ജനസമൂഹത്തിന് സംരക്ഷണകവചം ഒരുക്കുന്നതില്‍ പരാജയപ്പെട്ട സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരിനെ പഴിചാരി ഒളിച്ചോട്ടം നടത്തുന്ന വിരോധാഭാസം വിലപ്പോവില്ല.

അതിരൂക്ഷമായ വന്യജീവി അക്രമം സൃഷ്ടിക്കുന്ന അരാജകത്വവും ഭീതിയും മലയോരജനജീവിതം സ്തംഭിപ്പിച്ചിരിക്കുന്നു. വനവല്‍ക്കരണത്തിനു വേണ്ടി ജനങ്ങളെ കുരുതി കൊടുക്കുന്ന വനംവകുപ്പിന് കുടപിടിക്കുന്നവരായി ജനപ്രതിനിധികള്‍ പോലും അധപതിച്ചിരിക്കുന്നത് ഇവരുടെ രാഷ്ട്രീയ ഉദ്യോഗസ്ഥ അടിമത്തത്തിന്റെ ഉദാഹരണമാണ്. മനുഷ്യജീവന് പുല്ലുവില കല്‍പ്പിക്കാതെ അതിക്രൂര മരണത്തിലേക്ക് തള്ളിവിടുന്ന ഭരണസംവിധാനങ്ങളെ കൊലപാതകക്കുറ്റം ചുമത്തി പ്രതികളാക്കി ശിക്ഷിക്കുവാന്‍ ജനകീയ കോടതികള്‍ മുന്നോട്ടുവരണമെന്നും വന്യജീവി അക്രമ കൊലപാതകങ്ങളില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും വി.സി. സെബാസ്റ്റ്യന്‍ അഭ്യര്‍ത്ഥിച്ചു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?