പത്തനംതിട്ട: പത്തനംതിട്ട രൂപതയുടെ 15-ാം വാര്‍ഷികം തട്ട സെന്റ് ആന്റണീസ് മലങ്കര കത്തോലിക്കാ പള്ളിയില്‍ ആഘോഷിച്ചു. ബിഷപ് എമരിറ്റസ് യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം വിശുദ്ധ കുര്‍ബാനയ്ക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു. മാവേലിക്കര മെത്രാന്‍ ഡോ. ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ് രൂപതാ ദിന സന്ദേശം നല്‍കി.
വിവിധ മണ്ഡലങ്ങളില്‍ സ്തുത്യര്‍ഹമായ സേവനങ്ങള്‍ അനുഷ്ഠിച്ചവരെ ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയസ് ആദരിച്ചു. വികാരി ജനറല്‍ മോണ്‍. വര്‍ഗീസ് കാലായില്‍ വടക്കേതില്‍, പ്രൊക്കുറേറ്റര്‍ ഫാ. ഏബ്രഹാം മേപ്പുറത്ത്, തട്ട സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. കുര്യാക്കോസ് കൂത്ത നേത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
കോന്നി, പന്തളം, പത്തനംതിട്ട, റാന്നി – പെരുനാട് ,സീതത്തോട് എന്നീ അഞ്ച് വൈദികജില്ലകളിലായി വ്യാപിച്ചു കിടക്കുന്ന പത്തനംതിട്ട രൂപതയ്ക്ക് 100 പള്ളികള്‍ ആണുള്ളത്. അടൂര്‍ പറന്തല്‍ മാര്‍ ക്രിസോസ്റ്റം കോളജ്, അടൂര്‍ ഓള്‍ സെയിന്റ്‌സ് കോളജ്, പത്തനംതിട്ട മഡോണാ സ്‌കൂള്‍ എന്നിവ ഉള്‍പ്പെടെ മുപ്പത്തിയഞ്ചിലധികം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ രൂപതയ്ക്കുണ്ട്. അഗതികള്‍, ആലംബഹീനര്‍ എന്നിവരെ സംരക്ഷിയ്ക്കുന്ന എട്ട് ശരണാലയങ്ങള്‍ പ്രവര്‍ത്തിക്കുന്നു. രൂപതയുടെ 15-ാം വാര്‍ഷികത്തോടനുബന്ധിച്ച് രോഗികളെ പരിപാലിയ്ക്കുന്ന സാന്തോം പാലിയേറ്റീവ് കെയര്‍ സെന്ററിന്റെ പ്രവര്‍ത്തനവും ആരംഭിച്ചു.
2010 ജനുവരി 25 ന് നിലവില്‍ വന്ന പത്തനംതിട്ട രൂപതയുടെ മെത്രാന്‍ യൂഹാനോന്‍ മാര്‍ ക്രിസോസ്റ്റം, 75വയസ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് 2019 ജൂണ്‍ 7 ന് വിരമിച്ചു. ബിഷപ് ഡോ. സാമുവല്‍ മാര്‍ ഐറേനിയസ്, മാര്‍ ക്രിസോസ്റ്റത്തിനു ശേഷം രൂപതയെ നയിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *