ഇടുക്കി: ആഗോള സമര്‍പ്പിത ദിനാഘോഷത്തിന്റെ ഭാഗമായി ഇടുക്കി രൂപതയുടെ നേതൃത്വത്തില്‍ ഫെബ്രുവരി രണ്ട് ഞായറാഴ്ച വാഴത്തോപ്പില്‍ സമര്‍പ്പിത സംഗമം നടക്കും. രാവിലെ 9.15ന് പാരീഷ് ഹാളില്‍ നിന്നും ആരംഭിക്കുന്ന പ്രദക്ഷി ണത്തോടെയാണ് സമര്‍പ്പിത സംഗമം ആരംഭിക്കുന്നത്. ഇടുക്കി രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന മുഴുവന്‍ സമര്‍പ്പിതരും പങ്കെടുക്കുന്ന മഹാസംഗമം ഇടുക്കി രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും.
സഭയില്‍ ശുശ്രൂഷ ചെയ്യുന്ന സന്യസ്തര്‍ക്കുവേണ്ടി പ്രത്യേകമായി പ്രാര്‍ത്ഥിക്കാനും സമര്‍പ്പിത ദൈവവിളികളെ പ്രോത്സാഹിപ്പിക്കാനുമായി വിശുദ്ധ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ 1997 ലാണ് ആഗോള സമര്‍പ്പിത ദിനം പ്രഖ്യാപിച്ചത്. ഇതിന്റെ 28-ാമത് വാര്‍ഷികമാണ് ഈ വര്‍ഷം നടക്കുന്നത്. എല്ലാവര്‍ഷവും ഫെബ്രുവരി രണ്ടിന് നടത്തിവരുന്ന ഈ ദിനാചരണം ക്രിസ്തുജയന്തിയുടെ ജൂബിലി വര്‍ഷമായ ഈ വര്‍ഷം സവിശേഷമായ പ്രാധാന്യത്തോടെയാണ് സഭ കൊണ്ടാടുന്നത്.
ഇടുക്കി രൂപതയില്‍ ശുശ്രൂഷ ചെയ്യുന്ന 32 വ്യത്യസ്ത സന്യാസിനീ സമൂഹങ്ങളില്‍ അംഗങ്ങളായ സമര്‍പ്പിതര്‍ രണ്ടാം തീയതി ഞായറാഴ്ച വാഴത്തോപ്പ് സെന്റ് ജോര്‍ജ് കത്തീഡ്രല്‍ പള്ളിയില്‍ സംഗമിക്കും. പാരീഷ് ഹാളില്‍ നിന്നും ആരംഭിക്കുന്ന പ്രദക്ഷിണത്തില്‍ അള്‍ത്താര ബാലസംഘവും മാലാഖ വേഷധാരികളായ കുട്ടികളും സമര്‍പ്പിതര്‍ക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് വിവിധ ഭക്തസംഘടനകളുടെ പ്രതിനിധികളും അണിനിരക്കും.
തുടര്‍ന്ന് 32 സന്യാസിനി സമൂഹങ്ങളുടെയും പ്രതിനിധികള്‍ കാഴ്ച സമര്‍പ്പണം നടത്തും. തുടര്‍ന്ന് നടക്കുന്ന ആഘോഷമായ വിശുദ്ധ കുര്‍ബാനയ്ക്ക് രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ മുഖ്യകാര്‍മികത്വം വഹിക്കും. രൂപതാ വികാരി ജനറാള്‍മാരായ മോണ്‍. ജോസ് കരിവേലിക്കല്‍, മോണ്‍. ജോസ് പ്ലാച്ചിക്കല്‍, മോണ്‍. അബ്രഹാം പുറയാറ്റ് എന്നിവര്‍ സഹകാര്‍ മികരാകും. വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം സമര്‍പ്പിതരുടെ വൃതവാഗ്ദാന നവീകരണം നടത്തും.
11.30ന് പാരീഷ് ഹാളില്‍ നടക്കുന്ന പൊതുസമ്മേളനം മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. അഡ്വ. സിസ്റ്റര്‍ ജോസിയ എസ്.ഡി മുഖ്യപ്രഭാഷണം നടത്തും. ഉച്ചഭക്ഷണത്തിനുശേഷം നടക്കുന്ന സമ്മേളനത്തില്‍ ക്രിസ്തുജയന്തിയുടെ ജൂബിലി ആന്തം റിലീസ് ചെയ്യുകയും സമര്‍പ്പിതര്‍ അത് ആലപിക്കുകയും ചെയ്യും. വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ സമര്‍പ്പിതരെ രൂപതയുടെ സമര്‍പ്പിത അവാര്‍ഡുകള്‍ നല്‍കി ആദരിക്കും. വിവിധ മത്സരങ്ങളില്‍ വിജയികളായവര്‍ക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്യും.
രൂപത പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ജോര്‍ജ് കോയിക്കല്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിക്കും. നാലുമണിക്ക് നടക്കുന്ന സമാപന പ്രാര്‍ത്ഥനയോടെ പരിപാടികള്‍ അവസാനിക്കും. ഫാ. ഫ്രാന്‍സിസ് ഇടവക്കണ്ടം, ഫാ. മാത്യു അഴകനാക്കുന്നേല്‍, ഫാ. ഫിലിപ്പ് ഐക്കര, ഫാ. ജിന്‍സ് കാരയ്ക്കാട്ട്, സിസ്റ്റര്‍ പ്രദീപാ സിഎംസി, സിസ്റ്റര്‍ ലിറ്റി ഉപ്പുമാക്കല്‍ എസ്എബിഎസ്, സിസ്റ്റര്‍ റോസ്ലിന്‍ എഫ്‌സിസി, സിസ്റ്റര്‍ ടെസ്ലിന്‍ എസ്.എച്ച്, എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
ഇടുക്കി രൂപതാ സമര്‍പ്പിത അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു
ആഗോള സമര്‍പ്പിത ദിനാചരണത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ ശ്രദ്ധേയമായ സംഭാവനകള്‍ നല്‍കിയ സമര്‍പ്പിതര്‍ക്കായുള്ള അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ആതുര ശുശ്രൂഷ മേഖലയില്‍ ഹൈറേഞ്ചില്‍ സ്തുത്യര്‍ഹമായ സേവനം കാഴ്ചവച്ച സിസ്റ്റര്‍ ജ്യോതിസ് സിഎസ്എന്‍, അജപാലന ശുശ്രൂഷയില്‍ തനതായ സംഭാവനകള്‍ നല്‍കിയ സിസ്റ്റര്‍ മേബിള്‍ സിഎംസി, മിഷന്‍ പ്രവര്‍ത്തനങ്ങളില്‍ തീക്ഷ്ണമായ ശുശ്രൂഷ നിര്‍വഹിക്കുന്ന സിസ്റ്റര്‍ റെജി പന്തലാനി എസ്എ ബിഎസ്, ഹോമിയോ ചികിത്സ വഴി ആയിരങ്ങള്‍ക്ക് ആശ്വാസം പകരുന്ന ഡോ.സിസ്റ്റര്‍ ഡെനി മരിയ എസ്.എച്ച്, സാമൂഹിക പ്രവര്‍ത്തനങ്ങളില്‍ വലിയ സംഭാവനകള്‍ നല്‍കിയ സിസ്റ്റര്‍ ലീജ എസ്.ഡി, എന്നിവര്‍ക്ക് പുരസ്‌കാരങ്ങള്‍ ലഭിക്കും.
പാലിയേറ്റീവ് കെയര്‍ ഉള്‍പ്പെടെയുള്ള സ്‌നേഹ സാന്ത്വന ശുശ്രൂഷള്‍കൊണ്ട് ശ്രദ്ധേയമായ എഫ്‌സിസി അനാവിം സെന്റര്‍ മുരിക്കാശേരി, അനാഥരാക്കപ്പെട്ട അമ്മമാരെ ശുശ്രൂഷിക്കുന്ന ദൈവദാന്‍ സെന്റര്‍ തങ്കമണി എന്നീ സ്ഥാപനങ്ങളെയും അവാര്‍ഡിന് തിരഞ്ഞെടുത്തു. ഇടുക്കി രൂപതാ സമര്‍പ്പിത സംഗമത്തില്‍ രൂപതാ മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും.
Leave a Comment
Your email address will not be published. Required fields are marked with *