Follow Us On

06

February

2025

Thursday

യൂറോപ്യന്‍ യൂണിയന്റെ വിവേചനത്തിന് ചുട്ട മറുപടി; പീഡനത്തിന് ഇരയായ 20 ലക്ഷത്തിലധികം ക്രൈസ്തവര്‍ക്ക് സഹായമെത്തിച്ച് ഹംഗറി

യൂറോപ്യന്‍ യൂണിയന്റെ  വിവേചനത്തിന് ചുട്ട മറുപടി; പീഡനത്തിന് ഇരയായ 20 ലക്ഷത്തിലധികം ക്രൈസ്തവര്‍ക്ക് സഹായമെത്തിച്ച് ഹംഗറി

ബുഡാപെസ്റ്റ്/ ഹംഗറി: വിശ്വാസത്തിന്റെ പേരില്‍ പീഡനം അനുഭവിക്കുന്ന 20 ലക്ഷത്തിലധികം ക്രൈസ്തവരെ ഹംഗേറിയന്‍ ഗവണ്‍മെന്റ് സഹായിച്ചതായി പീഡിത ക്രൈസ്തവരെ സഹായിക്കുന്നതിന് മേല്‍നോട്ടം വഹിക്കുന്ന ഹംഗേറിയന്‍ സ്റ്റേറ്റ് സെക്രട്ടറി ട്രിസ്റ്റാന്‍ അസ്‌ബേജ്. യഹൂദവിരുദ്ധ പ്രവര്‍ത്തനങ്ങളായ ‘ആന്റിസെമിറ്റിസത്തെ’ നേരിടുന്നതിനും മുസ്ലീം മതസ്ഥര്‍ക്ക് എതിരായ ‘ഇസ്ലാമോഫോബിയയെ’ നേരിടുന്നതിനും പ്രത്യേകം കോര്‍ഡിനേറ്റര്‍മാരെ നിയമിച്ചപ്പോഴും  ലോകമെമ്പാടും ഏറ്റവുമധികം പീഡനം അനുഭവിക്കുന്ന ക്രൈസ്തവ സമൂഹത്തിന് ആശ്വാസമെത്തിക്കുന്ന പദ്ധതികള്‍ നടപ്പാക്കാന്‍ വിസമ്മതിച്ച യൂറോപ്യന്‍ യൂണിയനുള്ള മറുപടി കൂടിയാണ് യൂറോപ്യന്‍ യൂണിയനില്‍ അംഗമായ ഹംഗറി ക്രൈസ്തവര്‍ക്കായി നീട്ടിയ ഈ സഹായഹസ്തം.

2017-ല്‍ ആരംഭിച്ച ഹംഗറി ഹെല്‍പ്സ് പ്രോഗ്രാമിലൂടെയാണ് സഹായം നല്‍കിയതെന്ന് ഹംഗറിയുടെ വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് സെക്രട്ടറിയായ ട്രിസ്റ്റന്‍ അസ്‌ബെജ് വ്യക്തമാക്കി. യുഎസില്‍ നടത്തിയ സന്ദര്‍ശനത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.  ചിക്കാഗോയിലും മറ്റ് മധ്യ പടിഞ്ഞാറന്‍ പ്രദേശങ്ങളിലും നടത്തിയ സന്ദര്‍ശനത്തിനിടെ കിഴക്കന്‍ യൂറോപ്പില്‍ നിന്നുള്ള വിവിധ ക്രൈസ്തവ ഗ്രൂപ്പുകളിലെ നേതാക്കളുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി.  നിനവേ സമതലത്തില്‍ ഒരു കല്‍ദായ കത്തോലിക്കാ  പ്രദേശം പുനര്‍നിര്‍മിക്കുന്നതിനുള്ള ഹംഗറിയുടെ പിന്തുണക്ക്  ഇറാഖില്‍ നിന്നുള്ള കല്‍ദായ കത്തോലിക്ക പ്രതിനിധികള്‍ നന്ദി പ്രകടിപ്പിച്ചു.യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഹംഗേറിയേന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബനും തമ്മിലുള്ള അടുത്ത ബന്ധത്തിന്റെ വെളിച്ചത്തില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തമാക്കാന്‍ ഹംഗേറിയന്‍ അമേരിക്കക്കാരെ പ്രേരിപ്പിക്കാനും അസ്‌ബെജ് തന്റെ യുഎസ് സന്ദര്‍ശനം ഉപയോഗിച്ചു.

ക്രൈസ്തവരുടെ ദുരവസ്ഥയെക്കുറിച്ച് പരസ്യമായി ആശങ്കപ്രകടിപ്പിക്കുന്ന രാജ്യമെന്ന നിലയില്‍ യൂറോപ്യന്‍ യൂണിയനില്‍ വേറിട്ട് നില്‍ക്കുന്ന രാജ്യമാണ് ഹംഗറി. പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബന്റെ നേതൃത്വത്തിലുള്ള ഫിഡെസ് പാര്‍ട്ടി, ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പീപ്പിള്‍സ് പാര്‍ട്ടിയുമായി (കെഡിഎന്‍പി) ചേര്‍ന്നുണ്ടാക്കിയ സഖ്യമാണ് ഹംഗറി ഭരിക്കുന്നത്. ഫിഡെസ് ക്രൈസ്തവ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുകയും ക്രൈസ്തവ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണെങ്കില്‍ കെഡിഎന്‍പി കൂടുതല്‍ ശക്തമായ ക്രൈസ്തവ നിലപാടുകള്‍ സ്വീകരിക്കുന്ന, ക്രൈസ്തവ നൈതികതയുടെ  അടിസ്ഥാനത്തില്‍ സ്വയം നിര്‍വചിക്കുന്ന,  പ്രോ ലൈഫ് നിലപാടുള്ള, പരമ്പരാഗത കുടുംബ മൂല്യങ്ങള്‍ക്ക് ഊന്നല്‍ നല്‍കുന്ന പാര്‍ട്ടിയാണ്.

‘രാഷ്ട്രത്തെ സംരക്ഷിക്കുന്നതില്‍ ക്രിസ്തുമതത്തിന്റെ പങ്ക്’ അംഗീകരിക്കുന്ന ഹംഗറയില്‍ കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി സാമ്പത്തിക സഹായങ്ങളും നല്‍കുന്നുണ്ട്. നാലോ അതിലധികമോ കുട്ടികളുള്ള അമ്മമാര്‍ക്കുള്ള ആദായനികുതി ഇളവാണ് ഏറ്റവും ശ്രദ്ധേയമായ ഒന്ന്. ഇത്തരം പദ്ധതികളിലൂടെ ജനനനിരക്കില്‍ കാര്യമായ പുരോഗതി കൈവരിച്ച ചുരുക്കം ചില പാശ്ചാത്യ രാജ്യങ്ങളില്‍ ഒന്നായ ഹംഗറി 2021-ല്‍ 25 വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന ജനനനിരക്ക് കൈവരിച്ചിരുന്നു.

അതേസമയം തന്നെ ഹംഗറിയുടെ  കുടിയേറ്റ വിരുദ്ധ നിലപാട് യൂറോപ്യന്‍ യൂണിയനുമായുള്ള കടുത്ത ഏറ്റുമുട്ടലിലേക്ക് നയിച്ചു. 2024 ജൂണില്‍, യൂറോപ്യന്‍ കോടതി യൂറോപ്യന്‍ യൂണിയന്റെ കുടിയേറ്റ നയത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചതിന് ഹംഗറിക്ക് ഭീമമായ പിഴ ചുമത്തിയിരുന്നു. യൂറോപ്യന്‍ യൂണിയനിലെ ഉദ്യോഗസ്ഥരുടെ സാമ്പത്തിക ബ്ലാക്ക്‌മെയിലിംഗിന് വഴങ്ങില്ലെന്ന് പ്രഖ്യാപിച്ചുകൊണ്ടാണ് പ്രധാനമന്ത്രി ഓര്‍ബന്‍ ഈ ഉത്തരവിനോട്പ്രതികരിച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?