Follow Us On

13

March

2025

Thursday

പേരക്കുട്ടിക്ക് സമ്മാനം; ബൈബിള്‍ കൈയെഴുത്തുപ്രതി

പേരക്കുട്ടിക്ക് സമ്മാനം;  ബൈബിള്‍ കൈയെഴുത്തുപ്രതി

ചങ്ങനാശേരി: ഭാരതത്തിന്റെ ലൂര്‍ദ് എന്നറിയപ്പെടുന്ന മാമ്മൂട് ലൂര്‍ദ് മാതാ പള്ളി മുന്‍ ദൈവാലയ ശുശ്രൂഷിയായ ചാക്കോ ജോബ് ചേന്നംമറ്റം (തങ്കച്ചന്‍) മൂന്ന് ഭാഷകളില്‍ സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതി ദൈവാനുഗ്രഹത്തിന് ഒരു മികച്ച വഴി കണ്ടെത്തിയിരിക്കുകയാണ്.
നാലു വര്‍ഷം മുമ്പ് ആരംഭിച്ചതാണ് ഈ ഉദ്യമം. ഒരുവര്‍ഷവും എട്ടുമാസവുമെടുത്താണ് മലയാളത്തില്‍ സമ്പൂര്‍ണ ബൈബിള്‍ പകര്‍ത്തിയെഴുതിയത്. തുടര്‍ന്ന് ഒരുവര്‍ഷവും ആറുമാസവുമെടുത്ത് ഇംഗ്ലീഷ് ഭാഷയിലും സമ്പൂര്‍ണബൈബിള്‍ പകര്‍ത്തിയെഴുതി. ഇപ്പോള്‍ ഹിന്ദി ഭാഷയിലെ ബൈബിള്‍ പകര്‍ത്തി എഴുതിക്കൊണ്ടിരിക്കുന്നു. ഇതിനുശേഷം തമിഴ് ഭാഷയിലും എഴുതാന്‍ തയ്യാറായിക്കഴിഞ്ഞു. 74 വയസുള്ള ഇദ്ദേഹം സ്വകാര്യ സ്ഥാപനത്തിലെ ജോലിയില്‍നിന്ന് വിരമിച്ചശേഷം 13 വര്‍ഷം കപ്യാരായി സേവനം ചെയ്തു. ഇന്നും പള്ളിക്കാര്യങ്ങളില്‍ സജീവമാണ്.

24 വര്‍ഷംമുമ്പ് ഭാര്യ മരിച്ചു പോയ ഇദ്ദേഹത്തിന് രണ്ടു മക്കളാണ്. കാനഡിയില്‍ ജീവിക്കുന്ന മകന്റെ കുട്ടികള്‍ക്ക് ജന്മദിന സമ്മാനമായി ഇംഗ്ലീഷ് കൈയെഴുത്തു പ്രതി കൊടുക്കണമെന്നാണ് ഈ വല്യപ്പച്ചന്റെ ആഗ്രഹം. എന്നാല്‍ ഇപ്പോള്‍ രൂപതാതലത്തിലെ മത്സരത്തില്‍ പ്രദര്‍ശിപ്പിക്കാന്‍ വച്ചിരിക്കുകയാണിത്. നാട്ടിലുള്ള രണ്ടാമത്തെ മകനും കുടുംബവും പിതാവിന്റെ ഈ ഉദ്യമത്തിന് വലിയ പിന്തുണയാണ് നല്‍കുന്നത്.
പകര്‍ത്തിയെഴുതിയ സമ്പൂര്‍ണ ബൈബിളുകള്‍ ദൈവാലയത്തില്‍ സര്‍വത്തിന്റെയും ഉടമയായ ഈശോയുടെ സന്നിധിയില്‍ സമര്‍പ്പിക്കാന്‍ ഇടവകാംഗങ്ങളും വൈദികരും വളരെ സന്തോഷപൂര്‍വം സഹകരിച്ചത് ഇദ്ദേഹം ഇന്നും നന്ദിയോടെ ഓര്‍ക്കുന്നു. മറ്റുള്ളവര്‍ക്കുവേണ്ടി ത്യാഗമെടുത്ത് മധ്യസ്ഥ പ്രാര്‍ത്ഥന നടത്താന്‍ ഇദ്ദേഹം എന്നും തയ്യാറാണ്.

പൗവ്വത്തില്‍ പിതാവിനെയും തറയില്‍ പിതാവിനെയും കാണിച്ച് ഈ കൈയെഴുത്തു പ്രതി ആശീര്‍വദിക്കാന്‍ സാധിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഇടവകാംഗമാണ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് കൂവക്കാട്. 2004 ല്‍ ഇദ്ദേഹം കപ്യാരായി സേവനം ചെയ്യുന്ന സമയത്താണ് മാര്‍ കൂവക്കാട് പട്ടം സ്വീകരിക്കുന്നത്. അന്നുമുതലുള്ള നല്ല ബന്ധത്തിന്റെ ഫലമായി കര്‍ദ്ദിനാള്‍ ഈ ബൈബിള്‍ പ്രതി കാണുകയും ആശീര്‍വദിക്കുകയും ചെയ്തിട്ടുണ്ട്.
തന്റെ കഴിവല്ല എല്ലാം പരിശുദ്ധ കന്യാകാമറിയത്തിന്റെ അനുഗ്രഹമാണെന്ന് ചാക്കോ ജോബ് സാക്ഷ്യപ്പെടുത്തുന്നു. ആയുസും ആരോഗ്യവും നല്‍കിയ ദൈവത്തിനു നന്ദിപറയുന്ന ഇദ്ദേഹത്തിന് ഇനിയും വചനമെഴുതി ശിഷ്ടകാലം ജീവിക്കാനാണ് ആഗ്രഹിക്കുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?