Follow Us On

11

February

2025

Tuesday

വത്തിക്കാന്‍ ചത്വരം ‘കൈയ്യടക്കി’ സായുധസേന; വിശുദ്ധ വാതിലില്‍ കൂടെ കടന്നത് 30,000 ത്തോളം സൈനികര്‍

വത്തിക്കാന്‍ ചത്വരം ‘കൈയ്യടക്കി’ സായുധസേന; വിശുദ്ധ വാതിലില്‍ കൂടെ കടന്നത് 30,000 ത്തോളം സൈനികര്‍

വത്തിക്കാന്‍ സിറ്റി: 2025 ജൂബിലിവര്‍ഷത്തിന്റെ ഭാഗമായി ലോകമെമ്പാടുമുള്ള 30,000 ത്തോളം വരുന്ന സായുധസേനാംഗങ്ങളും  പോലീസുകാരും സുരക്ഷാ ഉദ്യോഗസ്ഥറും അഗ്നിശമനസേനാംഗങ്ങളും  രണ്ട് ദിവസങ്ങളിലായി വത്തിക്കാനില്‍ നടന്ന സായുധസേനാംഗങ്ങളുടെ ജൂബിയാഘോഷത്തില്‍ പങ്കുചേര്‍ന്നു. ജൂബിലി ആഘോഷത്തിന്റെ കേന്ദ്രമായിരുന്ന ജൂബിലി ദിവ്യബലി മധ്യേ പിതാവായ ദൈവത്തിന്റെ സ്‌നേഹത്തിന്റെ ധൈര്യശാലികളായ സാക്ഷികളായിരിക്കുവാന്‍ സായുധസേനാംഗങ്ങളെ ഫ്രാന്‍സിസ് മാര്‍പാപ്പ ക്ഷണിച്ചു. അനാരോഗ്യം മൂലം ശ്വാസതടസം നേരിട്ടതിനെ തുടര്‍ന്ന് മാസ്റ്റര്‍ ഓഫ് സെര്‍മണീസ്  ആര്‍ച്ചുബിഷപ് ഡീഗോ റാവെല്ലിയാണ് പാപ്പയുടെ സന്ദേശം തുടര്‍ന്ന് വായിച്ചത്.

സായുധ സേനകളുടെയും പോലീസിന്റെയും സുരക്ഷാ ഉദ്യോഗസ്ഥരുടെയും ജൂബിലി ആഘോഷിക്കുമ്പോള്‍ പ്രത്യാശയുടെ സന്ദേശം ഇന്ന് നമ്മോടൊപ്പമുണ്ടെന്ന് പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. രാഷ്ട്രങ്ങളെ സംരക്ഷിക്കുക, സുരക്ഷ നിലനിര്‍ത്തുക, നിയമസാധുതയും നീതിയും ഉയര്‍ത്തിപ്പിടിക്കുക എന്ന ഉന്നതദൗത്യം ഏല്‍പ്പിക്കപ്പെട്ടരിക്കുന്നവരാണ് സായുധസേനാംഗങ്ങളും മറ്റ് സുരക്ഷാഉദ്യോഗസ്ഥരും. ക്രമസമാധാനം നിലനിര്‍ത്താന്‍ ഇവര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ നന്മയ്ക്ക് എല്ലാറ്റിനെയും ജയിക്കാന്‍ കഴിയുമെന്ന് നമ്മെ പഠിപ്പിക്കുന്നതായി പാപ്പ പറഞ്ഞു.

സുരക്ഷാ ഉദ്യോഗസ്ഥരുടെ ചാപ്ലൈന്‍മാരായി പ്രവര്‍ത്തിക്കുന്നവരുടെ ഉത്തരവാദിത്വം, ചരിത്രത്തില്‍ നിര്‍ഭാഗ്യവശാല്‍ ചില സമയങ്ങളില്‍ സംഭവിച്ചതുപോലെ – വികൃതമായ യുദ്ധങ്ങളെ അനുഗ്രഹിക്കുക എന്നതല്ല, മറിച്ച് ക്രിസ്തുവിന്റെ സാന്നിധ്യമായി നിങ്ങളുടെ കൂടെയായിരിക്കുക എന്നതാണെന്ന് പാപ്പ പറഞ്ഞു. ധാര്‍മികവും ആത്മീയവുമായ പിന്തുണയുടെ സ്രോതസ്സ് എന്ന നിലയില്‍ ചാപ്ലെയ്ന്‍മാര്‍, ‘ഓരോ ചുവടിലും നിങ്ങളെ അനുഗമിക്കുകയും സുവിശേഷത്തിന്റെ വെളിച്ചത്തിലും പൊതുനന്മയുടെ അന്വേഷണത്തിലും നിങ്ങളുടെ ദൗത്യം നിര്‍വഹിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.’

അപകടസാധ്യതകള്‍ പരിഗണിക്കാതെ സായുധസേനാംഗങ്ങള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പാപ്പ നന്ദി പ്രകടിപ്പിച്ചു. ജീവനെ പ്രോത്സാഹിപ്പിക്കുന്നതിനും, ജീവന്‍ രക്ഷിക്കുന്നതിനും, അനേകം ജീവിതങ്ങളെ നിരന്തരം സംരക്ഷിക്കുന്നതിനും സുരക്ഷാ ഉദ്യോഗസ്ഥര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാപ്പ അനുസ്മരിച്ചു. അവസാനമായി, വിദ്വേഷം വളര്‍ത്തുകയും ലോകത്തെ ശത്രുക്കളും  മിത്രങ്ങളുമാക്കി വിഭജിക്കുകയും ചെയ്യുന്ന വിഷലിപ്തമായ പ്രചരണങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കാന്‍ മാര്‍പാപ്പ സുരക്ഷാസേനാംഗങ്ങളെ ആഹ്വാനം ചെയ്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?