ജിതിന്‍ ജോസഫ്
പൂച്ചയെ ചാക്കില്‍ കെട്ടി കളയാന്‍ കൊണ്ടുപോയ ഒരു കഥ ഇങ്ങനെയാണ്, ചാക്കില്‍ കെട്ടി ദൂരെ എവിടെയോ കളഞ്ഞ പൂച്ച തിരിച്ചെത്തിയിട്ടും കളയാന്‍ പോയ ആള്‍ തിരിച്ചെത്തിയില്ല. ഇന്ന് പലരുടെ സ്ഥിതിയും ഇതിന് വിപരീതമല്ല. എടുക്കുന്ന തീരുമാനങ്ങളും തിരുത്തിക്കുറിക്കലുകളും എല്ലാം ഏറെക്കുറെ ഇതിനു സമാനം തന്നെ. അവയൊന്നും ദീര്‍ഘകാലം നിലനില്‍ക്കുന്നില്ല, എല്ലാം ക്ഷണികമാണ്. പൂച്ച തന്നെ വേണ്ടിവരും ചിലപ്പോള്‍ തിരിച്ച് വീട്ടിലേക്കുള്ള വഴി കാണിച്ചു തരുവാന്‍. മനുഷ്യന്റെ ചായ്‌വ് അത് ആദ്യം മുതല്‍ക്കേ തിന്മയിലേക്കാണ്. എത്ര തല്ലി ഓടിച്ചാലും ഒഴിഞ്ഞു മാറിയാലും ആത്മബോധം ഇല്ലെങ്കില്‍ അവ വീണ്ടും നമ്മെ തേടിയെത്തും.
ജിംനേഷ്യങ്ങളില്‍ നടത്തിയ സര്‍വ്വേയുടെ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ മെമ്പര്‍ഷിപ്പും വരുമാനവും കിട്ടുന്നത് ഡിസംബര്‍, ജനുവരി മാസങ്ങളിലാണ്. ഒരു വര്‍ഷം അവസാനിക്കുമ്പോഴും പുതിയ വര്‍ഷം ആരംഭിക്കുമ്പോഴും. പുതിയ തീരുമാനങ്ങളുടെയും പുതിയ തുടക്കത്തിന്റെയും ഭാഗമായിട്ട് മാത്രം ചെയ്യുന്നവയാണ് ഇവയില്‍ പലതും. എന്നാല്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളോടെ ഇവയില്‍ പകുതിയിലേറെയും ആളുകള്‍ അവരുടെ പരിശ്രമം പാതിവഴിയില്‍ ഉപേക്ഷിക്കുന്നതായി കാണുന്നു.
ചില തീരുമാനങ്ങള്‍ കഠിനാധ്വാനം ഇല്ലെങ്കില്‍ അവ പാതിവഴിയില്‍ ഉപേക്ഷിക്കപ്പെടും. പലപ്പോഴും മാറ്റങ്ങള്‍ക്ക് നാം പരിശ്രമിക്കുമെങ്കിലും അതിന് സാധിക്കാതെ പോകുന്നതിന്റെ കാരണം ഇതാണ്. കര്‍ത്താവ് അരുളിച്ചെയ്യുന്നതുപോലെ, ഭവനം പണിയുമ്പോള്‍ പണിതു തീര്‍ക്കുവാന്‍ ഉള്ള മുടക്കുമുതല്‍ കയ്യില്‍ കരുതാത്തവരെപ്പോലെയാണ് പലരും. പാതിവഴിയില്‍ ഉപേക്ഷിക്കുക എന്നത് പരാജയപ്പെടുക എന്നതിന് തുല്യമാണ്.
വിജയത്തിലേക്കുള്ള വഴി കഠിനവും പ്രയാസവും ആണ്. എളുപ്പവഴികളോ കുറുക്കുവഴികളോ ഒന്നുമില്ല നേര്‍വഴികള്‍ മാത്രം. അങ്ങനെ നേര്‍വഴിയിലൂടെ സമ്പാദിക്കുന്നവ മാത്രമേ നിലനില്‍ക്കുകയുള്ളൂ. മനുഷ്യജീവിതം അവന്റെ ചുറ്റുപാടുകളിലും വ്യക്തിബന്ധങ്ങളിലും ജീവിതചര്യങ്ങളിലും കെട്ടുപിണഞ്ഞു കിടക്കുന്നു. ആത്മവിശ്വാസവും ദീര്‍ഘവീക്ഷണവും ഉള്ളവര്‍ ജീവിത സാഹചര്യങ്ങളെ കോര്‍ത്തിണക്കി കൊണ്ടുപോകുന്നു. അല്ലാത്തവര്‍ ജീവിതത്തിന്റെ പ്രതികൂല സാഹചര്യങ്ങളില്‍ അകപ്പെട്ടു പോകുന്നു. വ്യക്തിബന്ധങ്ങള്‍ തകരുന്നു, ജീവിതം താളം തെറ്റുന്നു, താറുമാറാകുന്നു.
ജീവിതത്തില്‍ നല്ല ശൈലികള്‍ ദീര്‍ഘകാലം നിലനില്‍ക്കണമെങ്കില്‍ അത് സമയമെടുത്ത് സ്വായത്തമാക്കണം. എന്നാല്‍ ഏതെങ്കിലും ഒരു ദുഃശീലത്തില്‍ അറിയാതെ കുടുങ്ങിപ്പോയാല്‍, ചെറുതായൊന്ന് തുടങ്ങിവച്ചാല്‍ അധികസമയം ഒന്നും വേണ്ടി വരില്ല അതിന് അടിമയായിത്തീരാന്‍. അങ്ങനെയാണ് പലരും വലയില്‍ അകപ്പെട്ടു പോകുന്നത്. അവ കുരുക്കുവലകളായി മാറുന്നു. അത് മൊബൈല്‍ ഫോണ്‍, മദ്യം, മയക്കുമരുന്ന്, അനാരോഗ്യകരമായ ബന്ധങ്ങള്‍, എന്തുമാവട്ടെ. പലപ്പോഴും നിര്‍ബന്ധിതമായും അല്ലാതെയും തുടങ്ങിവയ്ക്കുന്നു. പിന്നീട് ഒരു തിരിച്ചുവരവ് ആഗ്രഹിക്കുമ്പോള്‍ വളരെ പ്രയാസകരവുമാണ്. ഓര്‍ക്കുക ശ്രമം, പരിശ്രമം, പിന്നെയാണ് വിശ്രമം ഇടയില്‍ പരാജയപ്പെട്ടേക്കാം, വീണ്ടും എഴുന്നേല്‍ക്കുക, മുന്നോട്ടുപോകുക. മുന്നോട്ടുപോയേ മതിയാവൂ. ചെറിയ ചെറിയ കാര്യങ്ങളില്‍ തട്ടിത്തടഞ്ഞ് സമയം പാഴാക്കുവാന്‍ നേരമില്ല. നടന്നു നീങ്ങുന്ന വഴികളിലും മുന്‍പും പിമ്പുമായി അനേകം പേര്‍ കുറ്റം പറയുകയും പരിഹസിക്കുകയും അവഗണിക്കുകയും ചെയ്‌തേക്കാം. അവയ്‌ക്കെല്ലാത്തിനും മറുപടി കൊടുക്കാന്‍ തുനിഞ്ഞാല്‍ ഒരിക്കലും ഒരിടത്തും എത്തിച്ചേരുകയില്ല. മനഃസാക്ഷിയെ റൂട്ട് മാപ്പായി സ്വീകരിച്ച് നമുക്ക് മുന്നോട്ട് പോകാം.
ഒരു കൂട്ടം പ്രാവുകളുടെ കഥ ഇങ്ങനെയാണ്. ഗോതമ്പുമണികള്‍ നിലത്ത് വിതറി വലവിരിച്ച് ഒരു വേടന്‍ ഇര പിടിക്കുവാനായി കാത്തിരുന്നു. ഇതൊന്നും അറിയാതെ ഗോതമ്പുമണികള്‍ കണ്ട് പറന്നെത്തിയ ഒരുകൂട്ടം പ്രാവുകള്‍ മറ്റൊന്നും നോക്കാതെ ഗോതമ്പുമണികള്‍ തിന്നാന്‍ ആരംഭിച്ചു. വേടന്‍ വലയറിഞ്ഞു ഒന്നുപോലും നഷ്ടപ്പെട്ടില്ല, എല്ലാം വേടന്റെ വലയിലായി. എന്നാല്‍ പ്രാവുകള്‍ എല്ലാം വില്‍ക്കുവാനോ കറിവെക്കുവാനോ കഴിയാത്ത വിധം ചെറുതായതിനാല്‍ അതിനെയെല്ലാം വലയ്ക്കുള്ളില്‍ ആക്കി രണ്ടാഴ്ചകാലം തീറ്റ കൊടുത്തു വലുതാക്കാന്‍ വേടന്‍ തീരുമാനിച്ചു. നാലുനേരവും മുടക്കം കൂടാതെ ഗോതമ്പും വെള്ളവും കിട്ടുന്നതിനാല്‍ എല്ലാ പ്രാവുകളും ആവശ്യാനുസരണം തിന്നു കൊഴുക്കുവാന്‍ ആരംഭിച്ചു. ബുദ്ധിമാനായ ഒരു പ്രാവ് ഇത് നമുക്കുള്ള കെണിയാണെന്ന് മറ്റുള്ളവരോട് പറഞ്ഞെങ്കിലും ഫലമുണ്ടായില്ല. ആ പ്രാവ് പട്ടിണി കിടക്കാന്‍ ആരംഭിച്ചു. ഒരാഴ്ച കൊണ്ട് പട്ടിണി കിടന്ന് മെലിഞ്ഞ ആ പ്രാവ് വലക്കുള്ളിലൂടെ പുറത്തു കടന്ന് രക്ഷപ്പെട്ടു. മറ്റു പ്രാവുകളുടെ കാര്യം പറയേണ്ടതില്ലല്ലോ.
ഇതുപോലെയാണ് നാം അറിയാതെ വിളയെല്ലാം കള കയറി നശിക്കുന്നത്. ഇത്തിള്‍ക്കണ്ണികള്‍പോലെ നമ്മെ ചുറ്റി വളരുന്ന, നമ്മെ കാര്‍ന്നുതിന്നുന്ന മേഖലകളെ, വ്യക്തികളെ, സൗഹൃദങ്ങളെ തിരിച്ചറിഞ്ഞ് മുന്നോട്ടുപോകാന്‍ സാധിക്കണം. സൗഹൃദത്തിന്റെ, സാഹോദര്യത്തിന്റെ നല്ല വലകള്‍ നെയ്ത് കൂട്ടാം. നമ്മെ സ്‌നേഹിക്കുന്ന, ചേര്‍ത്തുനിര്‍ത്തുന്ന നമ്മെ വളരുവാന്‍ സഹായിക്കുന്ന ഒരു കൂട്ടം ആളുകളുടെ സ്‌നേഹ വലയങ്ങളില്‍ നമുക്ക് ഉള്‍പ്പെടാം.
സ്വാഭാവിക ജീവിതത്തില്‍ ഇന്നത്തെ തലമുറയ്ക്ക് ആനന്ദം കണ്ടെത്താന്‍ കഴിയാതെ പോകുമ്പോള്‍ അവര്‍ സാങ്കല്‍പ്പിക ജീവിതത്തിലേക്കും അമാനുഷിക ജീവിതത്തിലേക്കും ആകര്‍ഷിക്കപ്പെടുന്നു. ഇത് ആള്‍ദൈവങ്ങളുടെ കാലഘട്ടമാണ്. ഇത് സൂപ്പര്‍ ഹീറോകളുടെ കാലഘട്ടമാണ്. എന്നെ അനുഗമിക്കുക ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കാം എന്ന് പറഞ്ഞവനാകട്ടെ നമ്മുടെ സൂപ്പര്‍ ഹീറോ. നമുക്ക് അവന്റെ വലയിലകപ്പെടാം, അവന്റെ വലയിലെ കണ്ണികള്‍ ആകാം. അവന്റെ കണ്ണില്‍ പെടാത്തതായി ഒന്നുമില്ല, അവന്റെ വലയില്‍ പെടാത്തവരായി ആരുമില്ല, അവന്റെ വല പൊട്ടുകയില്ല.. ആ വല ആരും ഭേദിക്കുകയില്ല, നമുക്ക് അവനില്‍ അഭയം പ്രാപിക്കാം.
Leave a Comment
Your email address will not be published. Required fields are marked with *