Follow Us On

26

February

2025

Wednesday

തല്ലുമാല

തല്ലുമാല

ഫാ. മാത്യു ആശാരിപറമ്പില്‍

എനിക്ക് പരിചയമുള്ള ഒരു ഹൈസ്‌കൂളില്‍ ക്രിസ്മസ് ആഘോഷത്തിനിടെ ഒരുപറ്റം കുട്ടികള്‍ മറ്റൊരു ഗ്രൂപ്പിനെ ആവേശത്തോടെ തല്ലി; ആകസ്മികമായി സംഭവിച്ച അലോസരത്തിന്റെ വിസ്‌ഫോടനമായിരുന്നില്ല അത്. മറിച്ച് പ്ലാന്‍ ചെയ്ത്, സംഘംചേര്‍ന്ന് തല്ലിത്തീര്‍ക്കുകയായിരുന്നു. സിനിമയില്‍ കാണുന്ന കൂട്ടത്തല്ല്! അധ്യാപകരും മാതാപിതാക്കളും ഇടപെട്ട് പ്രശ്‌നം ചര്‍ച്ച ചെയ്തപ്പോഴാണ് മനസിലായത് ഇതു മുമ്പു സംഭവിച്ച ഓണത്തല്ലിന്റെ പകരംവീട്ടലായിരുന്നുവെന്ന്. ഇത് ഒരു സ്ഥാപനത്തിന്റെമാത്രം കഥയല്ല. കേരളത്തില്‍, മുഴുവന്‍ പടര്‍ന്നുപിടിക്കുന്ന ഈ ‘തല്ലുമാല’യെ നാം ഗൗരവമായി അപഗ്രഥിക്കണം. രാഷ്ട്രീയ വൈരാഗ്യത്താലും മതവ്യത്യാസത്താലും കലഹങ്ങളും ആക്രമണങ്ങളും ചരിത്രത്തില്‍ സംഭവിച്ചിട്ടുണ്ട്. ഒരുപാട് രാഷ്ട്രീയ കൊലപാതകങ്ങളുടെയും പകപോക്കലിന്റെയും കഥകള്‍ പിറന്ന കണ്ണൂരിനുപോലും ഈ ‘തല്ലുമാല’ അരോചകവും വേദനാജനകവുമായി മാറുന്നു. മലയാളിയുടെ മാറുന്ന ശൈലിയുടെ ഈ പുഴുക്കുത്തുകള്‍ കോവിഡിനെക്കാള്‍ മാരകമാണ്. ഈ തല്ലുകളൊന്നും ഗൗരവമായ കാര്യങ്ങള്‍ക്കുവേണ്ടിയല്ല, ഉന്നതമായ കാര്യങ്ങള്‍ നേടിയെടുക്കുവാനുമല്ല. മറിച്ച് നിസാരമായ വാശികളുടെയും വാക്കുതര്‍ക്കങ്ങളുടെയും തല്ലിത്തീര്‍ക്കലാണ്. പ്രസക്തമല്ലാത്ത ചെറുകാര്യങ്ങള്‍ക്കുവേണ്ടി തല്ലിത്തീര്‍ക്കാന്‍, കൊന്നുതീര്‍ക്കുവാന്‍ ശ്രമിക്കുന്ന യാദവവംശത്തിന്റെ അവതാരങ്ങളായി പുതിയ തലമുറ മാറുകയാണോ?

ചായക്കടയില്‍ സംസാരമധ്യേ ഉണ്ടായ ചെറുതര്‍ക്കം കത്തിക്കുത്തില്‍ കലാശിച്ചത് നാം പത്രത്തില്‍ വായിക്കുന്നു! ഇത്തിരി സ്ഥലത്തിന്റെ അതിര്‍ത്തി തര്‍ക്കത്തില്‍ കൊല്ലപ്പെട്ട സഹോദരന്മാരുടെ കഥയും നാം വായിച്ചു. പ്രണയത്തകര്‍ച്ചയില്‍ കമിതാവിനെ ആസിഡ് ഒഴിച്ച് വികൃതമാക്കിയതും തേച്ചിട്ടുപോയതിന് കൊന്ന് പകരം വീട്ടിയതുമെല്ലാം ഓരോ ദിവസവും നാം കാണുന്നു. കാമ്പസിലെ, ഹോസ്റ്റലിലെ ചെറുതര്‍ക്കങ്ങള്‍ നഗരവീഥികളിലെ കൂട്ടത്തല്ലായി വളരുന്നു. സ്‌നേഹപ്പൂക്കള്‍ വിളയുന്ന കുടുംബത്തില്‍പോലും മാതാപിതാക്കളെ കൊല്ലുന്ന അസുരവിത്തുകള്‍ ജനിക്കുന്നു.
ദുരഭിമാനത്തിന്റെ പേരില്‍ എതിരാളിയെ ഗൂഢമായി കൊന്നുതീര്‍ക്കുന്ന പദ്ധതികള്‍ ആവിഷ്‌കരിക്കുന്നു. അതായത് കലഹവും ആക്രമണവും കൊലപാതകവും സാധാരണ ജീവിതത്തിന്റെ നിറക്കൂട്ടുകളായി മാറുന്നത് ഭയത്തോടെ ഞാന്‍ ശ്രദ്ധിക്കുന്നു.
പരസ്പരം അങ്കംവെട്ടി ചാകാന്‍ വിധിക്കപ്പെട്ട ചേകവരുടെ കഥ പറയുന്ന ‘വടക്കന്‍ വീരഗാഥ’ വീണ്ടും തിയേറ്ററുകളില്‍ എത്തുന്ന ഈ ദിനങ്ങളില്‍ അങ്കക്കലിയുടെ അവഭ്രംശത്തെ നാം തിരിച്ചറിയണം, പ്രതിരോധിക്കണം.

ഒരു കാലത്ത് കലഹവും ചീത്തവിളിയും ആക്രമണങ്ങളും കൊലപാതകങ്ങളും തിന്മയായും ഹീനകൃത്യമായും എല്ലാവരും മുദ്രകുത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അതൊക്കെ ഹീറോപരിവേഷത്തിന്റെ ആടയാഭരണങ്ങളായി ചിത്രീകരിക്കപ്പെടുന്നു എന്നതാണ് ഏറ്റവും വലിയ ദുരന്തം. ആക്രമണങ്ങളും കൊലപാതകങ്ങളും പാപമായി പ്രഖ്യാപിച്ച നന്മയുടെ കാലഘട്ടത്തില്‍നിന്ന്, വഴിമാറി നടന്ന് ഇന്ന് അതൊക്കെ ഫാഷനായി മാറുന്ന ഈ ഭാവമാറ്റം ഭയാനകമാണ്. നവസിനിമകള്‍ ഉയര്‍ത്തുന്ന ആവേശവും ആശയവിസ്‌ഫോടനവും ഇതിനെ ത്വരിതപ്പെടുത്തുന്നു. ഇത്തരം ആക്രമണ, കലാപസ്വഭാവങ്ങള്‍ തെറ്റാണെന്ന് ആരും ചിന്തിക്കുന്നില്ല, പറയുന്നുമില്ല. കലഹവും കോപവും അടിച്ചമര്‍ത്തലുകളും തിരിച്ചടികളും തികച്ചും സ്വാഭാവികമാണെന്ന മിഥ്യാബോധം മനസുകളിലേക്ക് സന്നിവേശിപ്പിക്കുകയാണ്. ഒന്നും തെറ്റല്ല എന്നുമാത്രമല്ല, ഇതാണ് ശരിയായ ശൈലിയെന്ന് വീമ്പിളക്കുന്ന ഈ മനംമാറ്റത്തെ നമ്മുടെ സംസ്‌കാരത്തിന്റെ നാശത്തിന്റെ തുടക്കമായിട്ടാണ് ഞാന്‍ ഗണിക്കുന്നത്.

ഈ ദിനങ്ങളിലെ ഏറ്റവും വൈകാരിക അപക്വത, അസഹിഷ്ണുതയാണെന്ന് തോന്നുന്നു. നിഷേധിക്കപ്പെടുന്നതും നഷ്ടമാകുന്നതും ഉള്‍ക്കൊള്ളുവാന്‍ ആര്‍ക്കും സാധിക്കുന്നില്ല. സ്വന്തം ഇഷ്ടങ്ങളുടെയും രുചികളുടെയും പൂര്‍ത്തീകരണം മാത്രമാണ് സുന്ദരമെന്ന് ഇവര്‍ ശഠിക്കുന്നു. അപ്രീതികരമായ ഒരു സ്വരം, ഒരു വാക്ക്, ഒരു നോക്ക് ഇതൊന്നും ഉള്‍ക്കൊള്ളാനാവാത്ത അസഹിഷ്ണുത മനസുകളെ കീഴടക്കുന്നു. ഇഷ്ടമില്ലാത്തവയുടെ ഇഷ്ടപ്പെടലില്‍ അവര്‍ അസ്വസ്തരും അക്രമകാരികളുമായി മാറുന്നു.

മൊബൈലില്‍ ചിത്രം കണ്ടുകൊണ്ടിരുന്ന കുട്ടിയുടെ കൈയില്‍നിന്ന് മൊബൈല്‍ വാങ്ങിവച്ചതിന് സ്വന്തം പപ്പയെ രണ്ടു വയസുകാരി ഇടിക്കുന്നതും തുപ്പുന്നതും ‘പട്ടി’ എന്നൊക്കെ വിളിക്കുന്നതും ഒരു വീട്ടില്‍ ഞാന്‍ കണ്ടു. ഞെട്ടിത്തരിച്ച് നില്‍ക്കുമ്പോള്‍ ഇതൊക്കെ നിസാരബഹളമല്ലേ എന്ന മട്ടില്‍ മാതാപിതാക്കള്‍ ആശ്വസിക്കുന്നു! പഠനത്തിന് തടസമാകുന്നതിനാല്‍ മൊബൈല്‍ കൊടുക്കാതിരുന്ന പിതാവിനെ കത്തികൊണ്ട് കുത്തി മുറിവേല്‍പിച്ച സംഭവം നമ്മുടെ അയല്‍പക്കത്താണ്. നിഷേധാത്മകമായ ഒന്നിനോടും പൊരുത്തപ്പെടുവാന്‍ പുതിയ തലമുറക്ക് സാധിക്കുന്നില്ല.
യാത്രാവഴിയില്‍ ഒരു വണ്ടി ഇത്തിരി ‘ഉരുട്ടിക്കളിക്കുമ്പോള്‍’ ചുറ്റിലും ഉയരുന്ന നീണ്ട ഹോണടികള്‍ ഇന്നത്തെ അസഹിഷ്ണുതയുടെ ശീല്‍ക്കാരമാണ്. വായ്‌നാറ്റംമൂലം വിവാഹമോചനം തേടുന്നവരും ശൗചാലയമില്ലാത്തതിനാല്‍ ഭര്‍ത്താവിന്റെ വീട് ഉപേക്ഷിക്കുന്നവരും ആദര്‍ശ മാതൃകയായി എനിക്ക് തോന്നുന്നില്ല. നവവധുവിന് ഇത്തിരി നിറം കുറഞ്ഞതിന്റെ പേരില്‍ മൊഴിചൊല്ലിയ കഥ നാം കേട്ടത് ഈ 2025-ല്‍ തന്നെയാണ്. ഒരു ചെറുവഴക്ക് പറഞ്ഞതിന്റെ പേരില്‍, തിരുത്തുവാന്‍ ശ്രമിച്ചതിന്റെ പേരില്‍ പുറത്തുവന്നാല്‍ അധ്യാപകനെ കൊന്നുകളയുമെന്ന ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ നമ്മെ ഞെട്ടിപ്പിക്കുന്നില്ലേ?

ആരും പൊറുക്കുവാനും ക്ഷമിക്കുവാനും സമാധാനത്തോടെ സഹവര്‍ത്തിക്കുവാനും താല്‍പര്യപ്പെടുന്നില്ല. ഈ വികാരവിസ്‌ഫോടനത്തിന്റെ അലയടികളല്ലേ സമൂഹത്തില്‍ നാം കാണുന്നത്. പൊതുയോഗത്തിലും പൊതുസമൂഹത്തിലും ഭീഷണി മുഴക്കുകയും കടന്നാക്രമിക്കുകയും ചെയ്യുന്നു. എങ്ങോട്ടാണ് നാം ചരിക്കുന്നതെന്ന് ഒരു നിമിഷം നിന്ന് ചിന്തിക്കുമോ. 2 തിമോത്തി രണ്ടാം അധ്യായം 23 മുതലുള്ള വചനങ്ങള്‍ ആത്മീയതയില്‍ ചരിക്കുന്നവര്‍ മനഃപാഠമാക്കണം. ”കര്‍ത്താവിന്റെ ദാസന്‍ കലഹപ്രിയനാകരുത്. മൂഢവും ബാലിശവുമായ വാദപ്രതിവാദത്തില്‍ ഏര്‍പ്പെടരുത്.”
”ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ എന്റെ നുകം വഹിക്കുകയും എന്നില്‍നിന്ന് പഠിക്കുകയും ചെയ്യുവിന്‍” (മത്തായി 11:29) എന്ന സന്ദേശംമാത്രം പഠിക്കാത്തവരായി ക്രിസ്തീയ മക്കളും മാറുകയാണോ! സഹനത്തിനും ക്ഷമയ്ക്കും വിട്ടുവീഴ്ചയ്ക്കും പരാജയത്തിനും കുരിശുമരണത്തിനും നിത്യമായ പ്രസക്തിയുണ്ടെന്ന് പ്രഖ്യാപിക്കുന്ന സുവിശേഷമൂല്യത്തെ തമസ്‌ക്കരിക്കുവാനുള്ള ഈ കാലഘട്ടത്തിന്റെ ആക്രോശങ്ങളെ നാം പ്രതിരോധിക്കണം.
തല്ലിത്തീര്‍ക്കേണ്ടതല്ല ഈ ജീവിതം! താലോലിച്ചും തലോടിയും ഊഷ്മളവും ആര്‍ദ്രവുമാക്കി നമ്മുടെ ബന്ധങ്ങളെ നാം പുനരര്‍പ്പിക്കണം. തല്ലിയും കൊന്നും ആരും ജയിച്ചിട്ടില്ല. ദുരന്തത്തില്‍നിന്ന് കണ്ണീര്‍ക്കയങ്ങളിലേക്ക് അവര്‍ താഴ്ന്നുപോകുകയാണ്. സഹിഷ്ണുതയുടെയും സഹവാസത്തിന്റെയും കുളിര്‍കാറ്റിനായി മനസിന്റെ ജാലകങ്ങള്‍ നമുക്ക് തുറക്കാം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?