അന്തോണി വര്‍ഗീസ്
1480-ല്‍ ഒട്ടോമന്‍ സൈന്യത്തിന്റെ ആക്രമണത്തിന് വിധേയരായ ഒട്രാന്റോയിലെ ക്രൈസ്തവവിശ്വാസികള്‍ തുര്‍ക്കികള്‍ക്ക് കീഴടങ്ങിയിരുന്നെങ്കില്‍ ഇറ്റലിയുടെ ചരിത്രം വേറൊന്നാകുമായിരുന്നു. ഏതൊരു ക്രൈസ്തവ വിശ്വാസിയെയും ത്രസിപ്പിക്കുന്ന ഒട്രാന്റോ രക്തസാക്ഷികളുടെ അസാധാരണമായ വിശ്വാസത്തിന്റെയും ധീരതയുടെയും ചരിത്രത്തിലൂടെ…
ക്രിസ്തുവിശ്വാസം ഉപേക്ഷിച്ച് ഇസ്ലാംമത വിശ്വാസം സ്വീകരിക്കാന്‍ വിസമ്മതിച്ചതിന്റെ പേരില്‍ ഇറ്റലിയിലെ ഒട്രാന്റോയില്‍വച്ച്1480-ല്‍ ഒട്ടോമന്‍ സൈന്യം ക്രൂരമായി കൊലപ്പെടുത്തിയ വിശ്വാസികളുടെ സംഘമാണ് ഒട്രാന്റോ രക്തസാക്ഷികള്‍. ഒരു തയ്യല്‍ക്കാരനായിരുന്ന അന്റോണിയോ പ്രിമാല്‍ഡോയോടൊപ്പം രക്തസാക്ഷികളായവരില്‍ സാധാരണക്കാരായ മത്സ്യത്തൊഴിലാളികള്‍, കരകൗശല വിദഗ്ധര്‍, ഇടയന്മാര്‍, കര്‍ഷകര്‍, കുടുംബസ്ഥര്‍, യുവാക്കള്‍ മുതല്‍ വൈദികരും ആര്‍ച്ചുബിഷപ്പും വരെയുള്ള സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ഉള്‍പ്പെടുന്നു.
ഉപരോധവും ആക്രമണവും
6000-ത്തോളം നിവാസികളുള്ള ഇറ്റലിയിലെ ചെറുപട്ടണമായിരുന്നു ഒട്രാന്റോ. 1480-ല്‍, ഒട്ടോമന്‍ സൈന്യാധിപനായ ഗെഡിക് അഹമ്മദ് പാഷയുടെ നേതൃത്വത്തിലുമുള്ള തുര്‍ക്കി സൈന്യം അല്‍ബേനിയന്‍ തുറമുഖത്തിന് സമീപമുള്ള ഇറ്റാലിയന്‍ നഗരമായ ഒട്രാന്റോയിലെത്തി ഉപരോധം ഏര്‍പ്പെടുത്തി. 150 കപ്പലുകളിലായി എത്തിയത് 18,000-ത്തോളംവരുന്ന തുര്‍ക്കി സൈന്യമാണ്. 15 ദിവസം നീണ്ടുനിന്ന ഉപരോധം ആരംഭിച്ചയുടനെ, നഗരവാസികളോട് കീഴടങ്ങാനും ക്രിസ്തുവിശ്വാസം ഉപേക്ഷിച്ച് ഇസ്ലാം മതവിശ്വാസത്തിലേക്ക് മാറാനും അവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഒരു കാരണവശാലും ക്രിസ്തുവിനെ ഉപേക്ഷിക്കില്ലെന്നും മറ്റൊരു വിശ്വാസം സ്വീകരിക്കാന്‍ തയ്യറാല്ല എന്നുമായിരുന്നു നഗരവാസികളുടെ തീരുമാനം. തുടര്‍ന്ന് ഒട്ടോമന്‍ സൈന്യം ഓഗസ്റ്റ് 12-ന് നഗരം ആക്രമിച്ചു. കത്തീഡ്രലില്‍ ആര്‍ച്ചുബിഷപ് സ്റ്റെഫാനോ അഗ്രിക്കോള പെന്‍ഡിനെല്ലിയുടെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചുകൊണ്ടിരിക്കേ തുര്‍ക്കിപ്പട ദൈവാലയത്തിലേക്ക് കുതിച്ചെത്തി. ദിവ്യബലിയില്‍ പങ്കെടുത്തിരുന്ന ഒര്‍ട്രാന്റോ നിവാസികളെ ഭീക്ഷണിപ്പെടുത്തി, കിസ്തുവിനെ തള്ളിപ്പറഞ്ഞ് ഇസ്ലാമിലേക്ക് പരിവര്‍ത്തനം ചെയ്യണമെന്ന് ആക്രോശിച്ചു. എന്നാല്‍ വിശ്വാസികള്‍ യേശുവിലുള്ള വിശ്വാസം ഉച്ചത്തില്‍ ഏറ്റുപറയുകയും സൈന്യത്തിന്റെ ആവശ്യം തള്ളിക്കളയുകയും ചെയ്തതോടെ ആര്‍ച്ചുബിഷപ് പെന്‍ഡിനെല്ലിയെ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്ന അള്‍ത്താരക്കു മുമ്പില്‍ വച്ചുതന്നെ ശിരച്ഛേദം ചെയ്തു. ദിവ്യബലിയില്‍ പങ്കുചേര്‍ന്നിരുന്ന വൈദികരുള്‍പ്പെടെ എല്ലാ പുരുഷന്‍മാരെയും അവര്‍ നിഷ്‌കരുണം വാളിനിരയാക്കി. കത്തീഡ്രല്‍ അശുദ്ധമാക്കിയ ശേഷം, സ്ത്രീകളെയും കുട്ടികളെയും അടിമകളായി കൊണ്ടുപോകുകയും ചെയ്തു.
വിശ്വാസത്യാഗത്തെക്കാള്‍ മരണം
അവശേഷിച്ച നഗരവാസികളോടും ക്രിസ്തുവിലുള്ള വിശ്വാസം ഉപേക്ഷിച്ചുകൊണ്ട് ഇസ്ലാം മതവിശ്വാസം സ്വീകരിക്കുവാന്‍ അവര്‍ ഉത്തരവിട്ടു. ‘വിശ്വാസത്യാഗത്തേക്കാള്‍ മരണം’ എന്ന് പ്രഖ്യാപിച്ച 800 ഓളം പേരുടെ പ്രതിനിധിയായ അന്റോണിയോ പ്രിമാല്‍ഡോ എന്ന സാധാരണക്കാരനായ തയ്യല്‍ക്കാരന്‍ യുവാവ് ദൃഢവിശ്വാസത്തോടും ധീരതയോടുംകൂടി അവരോട് പറഞ്ഞു: ‘ഞങ്ങള്‍ യേശുക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചവരാണ്. അവനെ തള്ളിപ്പറഞ്ഞ് വിശ്വാസം ഉപേക്ഷിച്ചു മുസ്ലീങ്ങളാകുന്നതിനുപകരം ആയിരം തവണ മരിക്കാനാണ് ഞങ്ങള്‍ ഇഷ്ടപ്പെടുന്നത്.’ ഈ മറുപടിയില്‍ അലോസരം തോന്നിയെങ്കിലും ഒട്രാന്റോ നിവാസികള്‍ക്ക് മതംമാറാനുള്ള അവസരം ഒരിക്കല്‍കൂടി അനുവദിച്ചുകൊണ്ട് കമാന്‍ഡര്‍ അഹമ്മദ് പാഷ പറഞ്ഞു: ”ക്രിസ്തുവിനെ ഉപേക്ഷിച്ച് മുസ്ലീങ്ങളായല്‍ നിങ്ങള്‍ക്കും നിങ്ങളുടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും സ്വാതന്ത്ര്യം നല്‍കാമെന്ന് ഞാന്‍ വാഗ്ദാനം ചെയ്യുന്നു.”
ആരാച്ചാരുടെ മാനസന്തരം
എന്നാല്‍, അന്റോണിയോ പ്രിമാല്‍ഡോ കൂടെയുള്ളവരെ വിശ്വാസത്തില്‍ ഉറപ്പിച്ചുകൊണ്ട് ഉറക്കെ പറഞ്ഞു: ”നമ്മുടെ ആത്മാക്കളെ രക്ഷിക്കാന്‍ പോരാടേണ്ട സമയമാണിത്. യേശു നമുക്കുവേണ്ടി കുരിശില്‍ മരിച്ചതിനാല്‍ നാം അവനുവേണ്ടി മരിക്കുന്നത് ഉചിതമാണ്. നമുക്ക് വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുകയും സ്ഥിരതയുള്ളവരാകുകയും ചെയ്യാം; ഈ ഭൗമിക മരണത്തോടെ നിത്യജീവനും രക്തസാക്ഷിത്വത്തിന്റെ മഹത്വവും കര്‍ത്താവില്‍ നിന്നും നമുക്ക് ലഭിക്കും.” ഇത്രയും കേട്ടതോടെ കമാന്‍ഡര്‍ അഹമ്മദ് പാഷ എല്ലാവരെയും വധിക്കാന്‍ ഉത്തരവിട്ടു. അന്റോണിയോ പ്രിമാല്‍ഡോയുടെയും കൂട്ടാളികളുടെയും കൈകള്‍ പിന്നില്‍ ബന്ധിച്ച് കഴുത്തില്‍ കയര്‍കെട്ടി നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള മിനര്‍വ കുന്നിലെത്തിച്ചു. രക്തസാക്ഷിത്വത്തിനുള്ള ആദ്യ കുറിവീണത് അന്റോണിയോ പ്രിമാല്‍ഡോയ്ക്കാണ്.
ശിരച്ഛേദം ചെയ്യപ്പെട്ട അന്റോണിയോ പ്രിമാല്‍ഡോയുടെ ശരീരം അത്ഭുതകരമായി എഴുന്നേറ്റു നിന്നു. കൂടെയുള്ള കൂട്ടാളികളായ എല്ലാവരും ശിരച്ഛേദം ചെയ്യപ്പെട്ട് രക്തസാക്ഷിത്വം വരിക്കുന്നതുവരെ ആ ശരീരം അങ്ങനെതന്നെ നിന്നു. അവസാനത്തെ ആളും രക്തസാക്ഷിത്വം വരിച്ചതിനുശേഷമാണ് ആ ശരീരം താഴേക്ക് നിലംപതിച്ചത്. കണ്‍മുന്നില്‍ നടന്ന ഈ അത്ഭുതം കണ്ട, അന്റോണിയോ പ്രിമാല്‍ഡോയെ ശിരച്ഛേദം ചെയ്ത ആരാച്ചാര്‍ ബെര്‍സാബെയെ തല്‍ണണം മാനസാന്തരപ്പെട്ട് ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിച്ചു. ഈ വിശ്വാസ പ്രഖ്യാപനത്തെ തുടര്‍ന്ന് അദ്ദേഹത്തെയും സൈനിക ഉദ്യോഗസ്ഥര്‍ കൊലപ്പെടുത്തി. അന്ന് രക്തസാക്ഷിത്വം വരിച്ചവര്‍ ഒട്രാന്റോ രക്തസാക്ഷികള്‍ എന്നാണ് അറിയപ്പെടുന്നതെങ്കിലും ഒട്രാന്റോയ്ക്ക് പുറമെ സലെന്റോ, അപുലിയ എന്നിവിടങ്ങളില്‍ നിന്നുളളവരും ആ കൂട്ടത്തിലുണ്ടായിരുന്നു.
ഇറ്റലിയുടെ വീരനായകര്‍
ക്രിസ്തുവിനോടുള്ള സ്‌നേഹത്തെപ്രതിയും വിശ്വസ്തതയെപ്രതിയും രക്തസാക്ഷിത്വം വരിച്ച് സ്വര്‍ഗത്തെ അലങ്കരിച്ച 813 രക്തപുഷ്പങ്ങളെയും 2013 മെയ് 12-ന് സെന്റ്പീറ്റേഴ്‌സ് ചത്വരത്തില്‍ വച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. ഒട്രാന്റോയിലെ രക്തസാക്ഷികള്‍ എന്നും വിശുദ്ധ അന്റോണിയോ പ്രിമാല്‍ഡോയും കൂട്ടാളികളും എന്നും അറിയപ്പെടുന്ന ഇവര്‍ തുര്‍ക്കികള്‍ക്ക് കീഴടങ്ങിയിരുന്നെങ്കില്‍ ഇറ്റലിയുടെ ചരിത്രം വേറൊന്നാകുമായിരുന്നു. ഈ ത്യാഗത്തിന്റെ അനന്തരഫലമായി ഇറ്റാലിയന്‍ ഉപദ്വീപ് ഒരിക്കലും മുസ്ലീം സൈന്യത്തിന് കീഴടക്കാനായില്ല. ഇറ്റാലിയന്‍ ജനതയുടെ വിശ്വാസ വീര നായകന്മാരായി ഒട്രാന്റോ രക്തസാക്ഷികള്‍ മാറി. ഇവരുടെ തിരുശേഷിപ്പുകള്‍ സലെന്റോയിലും, നേപ്പിള്‍സ്, വെനീസ്, സ്‌പെയിന്‍ എന്നിവിടങ്ങളിലെ വിവിധ ദൈവാലയങ്ങളിലും വണങ്ങി വരുന്നു. ഒട്രാന്റോ നഗരത്തിന്റെയും ഒട്രാന്റോ അതിരൂപതയുടെയും പ്രത്യേക മധ്യസ്ഥരായ ഒട്രാന്റോ രക്തസാക്ഷികളുടെ തിരുനാള്‍ ഓഗസ്റ്റ് 14-ാം തിയതിയാണ് തിരുസഭ ആഘോഷിക്കുന്നത്.
Leave a Comment
Your email address will not be published. Required fields are marked with *