വത്തിക്കാന്‍ സിറ്റി: ജപമാലയുടെ അപ്പസ്‌തോലനായി അറിയപ്പെടുന്ന ഇറ്റാലിയന്‍ സ്വദേശിയായ ബര്‍ത്തലോ ലോംഗോയുടെയും പാവങ്ങളുടെ ഡോക്ടറായി അറിയപ്പെടുന്ന വെനസ്വേലയിലെ ഡോക്ടര്‍ ജോസ് ഗ്രിഗോറിയ ഹെര്‍ണാണ്ടസിന്റെയും വിശുദ്ധ പദവി പ്രഖ്യാപനത്തിന് അംഗീകാരം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. ഇതുകൂടാതെ മറ്റ് അഞ്ച് പേരെ ധന്യരായി പ്രഖ്യാപിക്കുന്നതിനുള്ള ഡിക്രിയിലും പാപ്പ ഒപ്പുവച്ചു.
സ്പാനിഷ് ഫ്‌ളൂ പകര്‍ച്ചവ്യാധിക്കെതിരെ ജീവിതാവസാനം വരെ പോരാടുകയും നൂറുകണക്കിന് ദരിദ്രരെ സൗജന്യമായി ചികിത്സിക്കുകയും വിശ്വാസത്തിലധിഷ്ടിതമായ ജീവിതം നയിക്കുകയും ചെയ്ത വെനസ്വേലന്‍ ഡോക്ടറാണ് വിശുദ്ധ പദവി പ്രഖ്യാപനത്തിന് പാപ്പ അനുമതി നല്‍കിയ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസ്. ‘പാവപ്പെട്ടവരുടെ ഉന്നമനത്തിനായി ഉഴിഞ്ഞുവച്ച വിശുദ്ധമാതൃക’ എന്നാണ് ഫ്രാന്‍സിസ് പാപ്പ ഡോക്ടര്‍ ജോസ് ഗ്രിഗോറിയോ ഹെര്‍ണാണ്ടസിനെ നേരത്തെ വിശേഷിപ്പിച്ചിട്ടുള്ളത്. കാരുണ്യ പ്രവൃത്തികളിലൂടെ വിശുദ്ധിയുടെ പടവുകള്‍ അദ്ദേഹം നടന്നുകയറി.
1818-ലെ സ്പാനിഷ് ഫ്‌ളൂ പകര്‍ച്ചവ്യാധിയുടെ സമയത്ത് അദ്ദേഹം പാവങ്ങള്‍ക്കു വേണ്ടി രാപ്പകലില്ലാതെ ശുശ്രൂഷ ചെയ്തു. മരണത്തിന്റെ വക്കില്‍ നിന്നും അനേകരെയാണ് അദ്ദേഹം അതിസാഹസികമായി രക്ഷപ്പെടുത്തിയത്. 1919-ലുണ്ടായ കാറപകടത്തിലാണ് ഡോ. ഹെര്‍ണാണ്ടസ് മരണപ്പെടുന്നത്. 2021 ഏപ്രില്‍ 30-ന് വെനസ്വേലയിലെ അപ്പോസ്‌തോലിക് ന്യൂണ്‍ഷ്യോ ആര്‍ച്ചുബിഷപ് ആല്‍ഡോ ഗിയോര്‍ഡാനോയാണ് അദ്ദേഹത്തെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
സാത്താനിക പുരോഹിതനായി ജീവിച്ച ശേഷം മാനസാന്തരപ്പെട്ട് ക്രിസ്തുവിന്റെ വഴിയിലേക്ക് കടന്നു വന്ന അല്‍മായനാണ് ബര്‍ത്തലോ ലോംഗോ. സാത്താനിക പൗരോഹിത്യം ഉപേക്ഷിച്ചിട്ടും ബര്‍ത്തലോക്ക് നിരാശയില്‍ നിന്ന് പൂര്‍ണമോചനം കിട്ടിയില്ല. ക്രിസ്തുവിന്റെ പൗരോഹിത്യം നിത്യമാണെങ്കില്‍, സാത്താന്റെ പൗരോഹിത്യവും നിത്യമായിരിക്കില്ലേ? എക്കാലവും താന്‍ സാത്താന്റെ അടിമയായിരിക്കും, നരകത്തിലേ താന്‍ ചെന്നുചേരൂ എന്നൊക്കെ ചിന്തിച്ചു നിരാശയുടെ ആഴത്തിലേക്ക് പോയ ബര്‍ത്തലോ ആത്മഹത്യയുടെ വക്കത്തെത്തി.
അപ്പോഴാണ് പരിശുദ്ധ അമ്മ വിശുദ്ധ ഡൊമിനിക്കിന് കൊടുത്ത വാഗ്ദാനത്തെ ഓര്‍മിപ്പിച്ചുകൊണ്ട്, ഒരു വാചകം വീണ്ടും വീണ്ടും ബര്‍ത്തലോയുടെ ചെവിയില്‍ പറഞ്ഞുകൊടുത്ത് പ്രത്യാശയിലേക്ക് നയിച്ചത്. ജപമാലഭക്തി പ്രചരിപ്പിക്കുന്നവര്‍ രക്ഷപ്പെടുമെന്നും, അവരുടെ ആവശ്യങ്ങളില്‍ പരിശുദ്ധ അമ്മ അവരെ സഹായിക്കും എന്നുമുള്ള ഉറപ്പായിരുന്നു അത്. അത് ബര്‍ത്തലോയെ ജീവിതത്തിലേക്ക് വീണ്ടും കൈപിടിച്ച് കയറ്റി. ജപമാലഭക്തി പ്രചരിപ്പിക്കുന്നവര്‍ രക്ഷപ്പെടും’എന്ന വാക്ക് സത്യമാണെങ്കില്‍ താന്‍ രക്ഷ പ്രാപിക്കും കാരണം ജപമാലഭക്തി പ്രചരിപ്പിക്കാതെ താന്‍ ഈ ലോകം വിട്ടുപോവില്ല’ എന്ന് ബര്‍ത്തലോ തീരുമാനമെടുത്തു.
പോംപേയില്‍ നിന്നാരംഭിച്ച ബര്‍ത്തലോയുടെ ജപമാല ഭക്തി ഈ ലോകം വിട്ടുപോകുന്നത് വരെ അഭംഗുരം തുടര്‍ന്നു. ജപമാലയെക്കുറിച്ച് പുസ്തകങ്ങള്‍, നൊവേന പ്രാര്‍ത്ഥന രചനകള്‍, ജപമാല കൂട്ടായ്മകള്‍ എന്ന് വേണ്ട, പോംപേ മാതാവിന്റെ ബസിലിക്കയുടെ നിര്‍മാണത്തിന് പിന്നില്‍ പോലും ബര്‍ത്തലോ ലോംഗോ ആണ്. അങ്ങനെ പണ്ടത്തെ ആ സാത്താനിക പുരോഹിതന്‍, ജപമാലയുടെ അപ്പസ്‌തോലനായി മാറി. ഇപ്പോഴിതാ കത്തോലക്ക സഭയുടെ വിശുദ്ധ ഗണത്തിലേക്ക് ഉയര്‍ത്തപ്പെടാനും പോകുന്നു. പരിശുദ്ധ അമ്മയുടെ മാധ്യസ്ഥത്തിലൂടെ എത്ര ഹീനാവസ്ഥയിലുള്ളവര്‍ക്കും ദൈവസന്നിധിയിലേക്ക് എത്താന്‍ സാധിക്കുമെന്നതിന്റെ ഉത്തമോദാഹരണമായി ബര്‍ത്തലോ ലോംഗോ നിലകൊള്ളുന്നു.
അതേസമയം ആരോഗ്യസ്ഥിതി സങ്കീര്‍ണമായി തുടരുമ്പോഴും സഭയുടെ ദൈനംദിന ഭരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും ഫ്രാന്‍സിസ് മാര്‍പാപ്പ പാപ്പ ആശുപത്രിയില്‍ നിന്ന നിര്‍വഹിക്കുന്നുണ്ട്. ഇത് പാപ്പ മരിച്ചുകൊണ്ടിരിക്കുകയല്ലെന്ന് വ്യക്തമാക്കുന്നതായി വത്തിക്കാന്റെ വിശുദ്ധരുടെ നാമകരണനടപടികള്‍ക്കായുള്ള ഡിക്കാസ്റ്ററി തലവന്‍ കര്‍ദിനാള്‍ ആഞ്ചലോ സെമേരാരോ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *