യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഉക്രെയ്നുള്ള സഹായം താല്‍ക്കാലികമായി മരവിപ്പിച്ച പശ്ചാത്തലത്തില്‍, യൂറോപ്യന്‍ യൂണിയന്‍ ഉക്രെയ്‌നെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി യൂറോപ്പിലെ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മ. ‘അന്താരാഷ്ട്ര സമൂഹത്തിലെ ചില അംഗങ്ങള്‍ കൈക്കൊള്ളുന്ന നടപടികളുടെ പ്രവചനാതീത സ്വഭാവം കണക്കിലെടുക്കുമ്പോള്‍, ഉക്രെയ്‌നെയും അവിടുത്തെ ജനങ്ങളെയും പിന്തുണയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയില്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങള്‍ ഐക്യം പുലര്‍ത്തേണ്ടതുണ്ടെന്ന്’ യൂറോപ്പിലെ ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കൂട്ടായ്മ പുറപ്പെടുവിച്ച പ്രസ്താവനയില്‍ പറയുന്നു.
സമാധാനത്തിനും സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ഉക്രെയ്ന്‍ നടത്തുന്ന പോരാട്ടത്തിന്റെ ഫലം ഉക്രെയ്‌ന്റെ മാത്രമല്ല യൂറോപ്യന്‍ ഭൂഖണ്ഡത്തിന്റെയും സ്വതന്ത്രവും ജനാധിപത്യപരവുമായ ലോകത്തിന്റെ തന്നെ ഭാഗധേയത്തില്‍ നിര്‍ണായകമാണെന്ന് ബിഷപ്‌സ് കോണ്‍ഫ്രന്‍സുകളുടെ കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു.
യൂറോപ്യന്‍ യൂണിയന്‍ ബിഷപ്പുമാര്‍ ഉക്രെയ്നുള്ള ഐകദാര്‍ഢ്യം ആവര്‍ത്തിച്ച് പ്രഖ്യാപിക്കുകയും റഷ്യയുടെ ‘അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘന’ത്തിനിടയില്‍ ഉക്രെയ്‌ന് നല്‍കി വരുന്ന പിന്തുണക്ക് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളോട് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. ‘ദേശീയ അതിര്‍ത്തികള്‍ മാറ്റുന്നതിനുള്ള ബലപ്രയോഗവും സാധാരണ ജനങ്ങള്‍ക്കെതിരായ അതിക്രമങ്ങളും ന്യായീകരിക്കാനാവില്ലെന്ന് ബിഷപ്പുമാര്‍ വ്യക്തമാക്കി.
യു.എസ്.പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉക്രേനിയന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ സെലെന്‍സ്‌കിയും തമ്മില്‍ വൈറ്റ് ഹൗസില്‍ നടന്ന കൂടിക്കാഴ്ച അലസിപ്പിരിഞ്ഞതിനെ തുടര്‍ന്നാണ് യു.എസ് ഉക്രെയ്‌നുള്ള സഹായം താല്‍ക്കാലികമായി മരവിപ്പിച്ചത്. അതേസമയം ലണ്ടനില്‍ നടന്ന യോഗത്തില്‍ യൂറോപ്യന്‍ നേതാക്കള്‍ സെലന്‍സ്‌കിക്ക് പിന്തുണ പ്രഖ്യാപിച്ചു. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ ഒരു സമാധാന പദ്ധതിയും മുന്നോട്ട് വച്ചിട്ടുണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *