ജോസഫ് മൂലയില്‍
കരുതലുകള്‍കൊണ്ട് കരയിപ്പിക്കുന്ന ചില മനുഷ്യരുണ്ട് നമ്മുടെ ഇടയില്‍ അപൂര്‍വമായി. അത്തരം ഒരാളായിരു ന്നു ജോണ്‍സണ്‍ ജോസഫ് എന്ന ഉ ണ്ണിക്കുട്ടന്‍. പതിനാലാം വയസില്‍ കി ഡ്‌നികള്‍ തകരാറിലായി. രണ്ടുപ്രാവ ശ്യം മാറ്റിവച്ചു. അതുകൂടാതെ ടിബി യും കോവിഡും അപകടങ്ങളും. ഒരു മനുഷ്യന് ദൈവത്തെ പഴിച്ചുകഴിയാനാണെങ്കില്‍ കാരണങ്ങള്‍ അധികം. എന്നാല്‍, ജോണ്‍സന്‍ എന്നുമൊരു അത്ഭുതമായിരുന്നു. വേദനകളുടെയും സഹനങ്ങളുടെയും നടുവില്‍ ജീവിത ത്തെ ഇത്രയും പ്രസാദാത്മകമായി കാ ണാന്‍ കഴിയുമോ എന്ന അതിശയിപ്പിച്ച വ്യക്തി. രോഗങ്ങളുടെയും ചികിത്സകളുടെയുമൊക്കെ ഭാഗമായി നീണ്ട അവധികള്‍ കഴിഞ്ഞ് ഓഫീസില്‍ എ ത്തിയതറിഞ്ഞ് സുഖവിവരം അന്വേഷിക്കാന്‍ ചെല്ലുമ്പോള്‍ അമ്പരപ്പിക്കുന്ന പ്രതികരണമായിരുന്നു എന്നും ലഭിച്ചിരുന്നത്. ചിരിച്ചുകൊണ്ടുള്ള മറുപടിയും നമ്മുടെ വിശേഷങ്ങള്‍ തിരക്കുന്നതുമൊക്കെ പരിചയമില്ലാത്ത ഒരാള്‍ കണ്ടാല്‍ തോന്നുക – ഈ മനുഷ്യന്‍ നീണ്ട ടൂറുകഴിഞ്ഞ് വന്നതായിരിക്കുമെന്ന്. സ്‌നേഹം മഴപോലെ പെയ്തിറങ്ങുന്നതായിരുന്നു വാക്കുകള്‍.
രണ്ടാമത്തെ കിഡ്‌നിയും
പ്രവര്‍ത്തനരഹിതം
രോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നല്‍കുമ്പോഴും മുഖത്തെ പുഞ്ചിരിക്ക് മാറ്റംവന്നിരുന്നില്ല. പലരും തങ്ങള്‍ക്കു അപ്രതീക്ഷിതമായി ലഭിച്ച പ്രത്യേക അനുഗ്രഹങ്ങളെക്കുറിച്ച് സാ ക്ഷ്യപ്പെടുത്തുമ്പോള്‍ മുഖത്തു തെളിയുന്ന അതേ ആഹ്ലാദ ഭാവം. കടുത്ത വേദന കഴിഞ്ഞ് വരുമ്പോഴും പരാതിയുടെയോ പരിഭവത്തിന്റെയോ ധ്വനിപോലും സംസാരത്തില്‍ ഒരിടത്തും ഉണ്ടായിരുന്നില്ല. വിശ്വാസവും പ്രത്യാശയും അത്രയധികമായിരുന്നു. സ്വന്തം വേദനകള്‍ പെട്ടെന്നു മറന്നുപോകാന്‍ ദൈവം കൃപകള്‍ വല്ലതും കൊടുത്തിരുന്നോ എന്ന് സംശയിച്ചിരുന്ന അവസരങ്ങള്‍വരെയുണ്ട്.
മാറ്റിവച്ച രണ്ടാമത്തെ കിഡ്‌നിയും പ്ര വര്‍ത്തനരഹിതമായ വിവരം ഡോക്ടര്‍ അറിയിച്ചതിനുശേഷവും ജോണ്‍സന്റെ ആത്മവിശ്വാസത്തില്‍ കുറവുവന്നില്ല. രക്തത്തിലെ പ്ലേറ്റ്‌ലെറ്റിന്റെ അളവ് ഡയാലിസിസുപോലും അസാധ്യമാക്കുന്നവിധം താഴ്ന്നുപോയ ദിവസങ്ങളില്‍ ഒന്നില്‍ ചുറ്റുമുള്ളവര്‍ ആശങ്കപ്പെട്ടിരിക്കുന്ന സമയത്തും സ്വന്തം മൊ ബൈല്‍നിന്നും ഞങ്ങളുടെ ഒരു സു ഹൃത്തിനെ വിളിച്ച് പറഞ്ഞത്, ‘ഡയാലിസിസ് ചെയ്യാന്‍ പറ്റിയില്ലെങ്കില്‍ മൂന്നു ദിവസത്തിനപ്പുറം ഞാന്‍ പോകില്ലെടാ’ എന്നായിരുന്നു. എന്നിട്ട് തൊട്ടടുത്ത നിമിഷംതന്നെ തിരുത്തി, ‘ഞാന്‍ തിരിച്ചുവരും.’ ഞങ്ങള്‍ സുഹൃത്തുക്ക ള്‍ അതേപ്പറ്റി പറഞ്ഞത്, ജോണ്‍സണ്‍ എന്തായാലും മടങ്ങിവരും; പഴയതുപോലെ സര്‍ക്കുലേഷന്‍ ഡിപ്പാര്‍ട്ടുമെ ന്റിലെ കസേരയില്‍ ഇരുന്ന് ആശുപ ത്രി അനുഭവങ്ങള്‍ ഒരു ചെറുചിരിയോടെ പറയുമെന്നായിരുന്നു.
ഇത്രയും ആത്മവിശ്വാസം ഉള്ള ഒരാളുടെ പ്രാര്‍ ത്ഥന കേള്‍ക്കാതെ പോകില്ലെന്നു കരുതിയ ദിനങ്ങള്‍.
ഒരു കയ്യൊപ്പ്
തുടര്‍ന്നുവന്ന വാര്‍ത്തകളെല്ലാം ദുഃഖിപ്പിക്കുന്നതായിരുന്നു. ഐസിയുവിലേക്കും തുടര്‍ന്ന് വെന്റിലേറ്ററിലേക്കും മാറ്റി. ബോധം മറഞ്ഞു, ചെറിയ അനക്കം മാത്രം. ആന്തരികാവയവങ്ങള്‍ പ്രവര്‍ത്തനരഹിതമായെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. പിന്നെ വന്നത് പ്രതീക്ഷ നല്‍കുന്ന റിപ്പോര്‍ട്ടായിരുന്നു. ഡയാലിസിസ് ചെയ്യാന്‍ സാധിച്ചുവെന്നും എല്ലാവരോടും സംസാരിച്ചുവെന്നും അറിഞ്ഞു. ഫെബ്രുവരി 16-ന് ഞായറാഴ്ച ഒരു യാത്രയിലായിരുന്നു. ഉച്ചകഴിഞ്ഞാണ് വാട്‌സപ്പ് മെസേജിലൂടെ ജോണ്‍സണ്‍ യാത്രയായ വിവരം അറിഞ്ഞത്. ഇതിനിടയില്‍ ഒരു വിവരംകൂടി അറിഞ്ഞു. ഞരക്കംമാത്രമായ ദിനങ്ങള്‍ കഴിഞ്ഞ് സുബോധത്തിലേക്ക് വന്നപ്പോള്‍ തനിക്ക് കുമ്പസാരിക്കണമെന്ന് ആവശ്യപ്പെടുകയും രോഗീലേപനം സ്വീകരിക്കുകയും ചെയ്തിരുന്നു. ജീവിതയാത്രയ്ക്കിടയില്‍ അറിഞ്ഞോ അറിയാതെയോ ചെയ്ത എല്ലാറ്റില്‍നിന്നും മോചനം പ്രാപിച്ച് ശുദ്ധമായ മനസോടും ശരീരത്തോടുംകൂടിയാണ് 39-ാം വയസില്‍ യാത്രയായത്. കോഴിക്കോട് ജില്ലയിലെ പശുക്കടവ്, കിഴക്കരക്കാട്ട് ജോസഫിന്റെയും മറിയത്തിന്റെയും മൂന്നു ആണ്‍മക്കളില്‍ ഇളയവനായിരുന്നു ജോണ്‍സന്‍.
നമ്മള്‍ ഈ ലോകത്തുനിന്നും കടന്നുപോകുമ്പോള്‍ ചില കയ്യൊപ്പുകള്‍ പതിപ്പിച്ചിട്ടുപോകണമെന്ന് പറയാറുണ്ട്. ഒന്നര വര്‍ഷംമുമ്പ് ‘ദൈവത്തിന്റെ മകന്‍’ എന്ന പേരില്‍ ജോണ്‍സന്‍ തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചിരുന്നു (സോഫിയാ ബുക്‌സ് കോഴിക്കോട്). പ്രത്യാശയുടെ പുസ്തകംതന്നെയാണത്. മോട്ടിവേഷന്‍ പുസ്തകങ്ങള്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നവരും നിരാശയിലേക്ക് പോകുമെന്ന് ആശങ്കപ്പെടുന്നവരും വിപരീത ചിന്തകള്‍ക്ക് അടിമപ്പെട്ടവരും ഇതിനുമെല്ലാമപ്പുറം ജീവിതത്തെ കുറച്ചുകൂടി സ്‌നേഹിക്കാന്‍ ആഗ്രഹിക്കുന്നവരുമൊക്കെ വായിച്ചിരിക്കേണ്ട പുസ്തകം തന്നെയാണെന്ന് നിസംശയം പറയാം.
കിഡ്‌നി നല്‍കാനും മത്സരം
ഇതൊക്കെ പറയുമ്പോഴും ജോണ്‍സന്റെ വേര്‍പാടില്‍ ഹൃദയംനുറുങ്ങുന്ന വേദനയില്‍ കഴിയുന്ന മാതാപിതാക്കളും സഹോദരങ്ങളുമുണ്ട്. അമ്മയും ഒരു സഹോദരനും സ്വന്തം കിഡ്‌നി അവന് നല്‍കിയവരാണ്. കുടുംബാംഗങ്ങള്‍ കിഡ്‌നി നല്‍കാന്‍ മത്സരിക്കുകയായിരുന്നുവെന്ന് പുസ്തകത്തില്‍ എഴുതിയിട്ടുണ്ട്. ഏറ്റവും അവസാനം ഭാര്യ സൗമ്യയും പറക്കമുറ്റാത്ത രണ്ടു കൊച്ചുകുഞ്ഞുങ്ങളുമുണ്ട്- ജിസ്‌മോന്‍, ജെസ്‌വിന്‍. മൃതസംസ്‌കാരവേളയില്‍ ദൈവാലയത്തിലും സെമിത്തേരിയിലുംവച്ച് ഏഴാംക്ലാസുകാരന്റെ ഹൃദയംതകര്‍ന്നുള്ള നിലവിളി കണ്ടുനില്‍ക്കുന്നവരെപ്പോലും കരയിപ്പിക്കുന്നതായിരുന്നു. ആ കണ്ണീര്‍ ജോണ്‍സന്‍ എന്ന പിതാവിന്റെ പ്രോഗ്രസ് കാര്‍ഡായിരുന്നു. നൂറുശതമാനവും പിതാവ് എന്ന നിലയില്‍ തന്റെ ഉത്തരവാദിത്വം നിര്‍വഹിച്ചുവെന്നതിന്റെ തെളിവായിരുന്നത്. സ്വന്തം ആത്മകഥയ്ക്ക് നല്‍കിയ പേര് ‘ദൈവത്തിന്റെ മകന്‍’ എന്നായിരുന്നല്ലോ. ജീവിതവും മരണവുംകൊണ്ട് സുഹൃത്തേ, നീ അതു തെളിയിച്ചുകഴിഞ്ഞിരിക്കുന്നു.
ദൈവത്തിന്റെ മകന്‍ എന്ന പുസ്തകത്തില്‍ കുട്ടിക്കാലത്തെ അവിസ്മരണീയമായ ഒരു അനുഭവം വിവരിക്കുന്നുണ്ട്. അംഗന്‍വാടിയില്‍ പഠിക്കുന്ന കാലത്ത് അമ്മ പുഴയില്‍ തുണി അലക്കാന്‍ പോയപ്പോള്‍ കൂടെപ്പോയി. പതിവുപോലെ കൈയില്‍ വെള്ളമെടുത്ത് മുകളിലേക്ക് എറിഞ്ഞ് കളിക്കുന്നതിനിടയില്‍ അത്ഭുതകരമായ ഒരു ദൃശ്യം കണ്ടു.
മേഘങ്ങള്‍ക്കിടയില്‍ ക്രിസ്തുവിന്റെ രൂപം. വീടിന്റെ ഭിത്തിയില്‍ തൂക്കിയിട്ടിരുന്ന രൂപംപോലെ തന്നെ. ‘മമ്മീ ദേ ഈശോ’ എന്ന് മുകളിലേക്ക് വിരല്‍ചൂണ്ടിയെങ്കിലും മമ്മിക്ക് ഒന്നും കാണാന്‍ കഴിഞ്ഞില്ല. നോക്കിനില്‌ക്കേ ആ രൂപം മാഞ്ഞുപോയി. അതു തന്റെ തോന്നലല്ല, സത്യമാണെന്നു ഉറച്ചുവിശ്വസിക്കുന്നു എന്നാണ് പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്.
ദൈവം തനിക്കു പ്രിയപ്പെട്ടവരെയാണ് നേരത്തെ കൊണ്ടുപോകുന്നത് എന്നൊക്കെ പറയാറുണ്ട്. അതു യാഥാര്‍ത്ഥ്യമാണോ പ്രിയപ്പെട്ടവരുടെ വേര്‍പാടില്‍ നൊമ്പരപ്പെട്ടിരിക്കുന്നവരെ ആശ്വസിപ്പിക്കാന്‍ പറയുന്നതാണോ എന്നതില്‍ രണ്ട് അഭിപ്രായം ഉണ്ടാകാം. ഒരു കാര്യം ഉറപ്പാണ്, ദൈവത്തിന് പ്രിയപ്പെട്ടവനായിരുന്നു ജോണ്‍സന്‍. സഹോദരങ്ങളെ സ്‌നേഹിക്കുന്നവരെയും ദൈവപദ്ധതികള്‍ക്ക് മറുതലിക്കാതെ ആമേന്‍ പറയുന്നവരെയും അല്ലെങ്കിലും ദൈവത്തിന് എങ്ങനെയാണ് ഇഷ്ടപ്പെടാതിരിക്കാനാകുക.
Leave a Comment
Your email address will not be published. Required fields are marked with *