വത്തിക്കാന്‍സിറ്റി: ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയ്ക്കുവേണ്ടി ഇന്ന് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദിനാള്‍ പിയെത്രോ പരോളിന്റെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കും. അപ്പസ്‌തോലിക് കൊട്ടാരത്തിലെ പൗളിന്‍ ചാപ്പലില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയില്‍ കര്‍ദിനാള്‍മാരും വത്തിക്കാനിലെ നയതന്ത്രപ്രതിനിധികളും പങ്കെടുക്കും.
അതേസമയം റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് വത്തിക്കാന്‍. കഴിഞ്ഞ ദിവസത്തെ എക്‌സ്‌റേ പരിശോധനാഫലം തൃപ്തികരമാണ്. എങ്കിലും മാര്‍പാപ്പയ്ക്ക് രാത്രിയിലും പകലും ഓക്‌സിജന്‍ നല്‍കുന്നത് തുടരുന്നുണ്ട്. വത്തിക്കാനിലെ പോള്‍ ആറാമന്‍ ഹാളില്‍ നടന്നുവരുന്ന നോമ്പുകാല ധ്യാനത്തില്‍ പാപ്പ വീഡിയോ കോണ്‍ഫറന്‍സ് മുഖേന പങ്കെടുത്തു.
കഴിഞ്ഞ ദിവസം മാര്‍പാപ്പയായി തിരഞ്ഞെടുക്കപ്പെട്ടതിന്റെ പന്ത്രണ്ടാം വാര്‍ഷികദിനത്തില്‍ ആശംസകളര്‍പ്പിച്ചും രോഗമുക്തിക്കായി പ്രാര്‍ത്ഥിച്ചും ലോകത്തിന്റെ നാനാഭാഗങ്ങളില്‍നിന്നുമായി നൂറുകണക്കിന് കത്തുകള്‍ ലഭിച്ചതായി വത്തിക്കാന്‍ പ്രസ് ഓഫീസ് അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *