പേരാമ്പ്ര: വനാതിര്‍ത്തികളില്‍ താമസിക്കുന്ന കര്‍ഷകരോട് വനംവകുപ്പ് പുലര്‍ത്തുന്നത് കാട്ടുനീതിയാണെന്ന് താമരശേരി ബിഷപ് മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍. പേരാമ്പ്ര മേഖല സോഷ്യലിസ്റ്റ് സാംസ്‌കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ ‘ജീവിക്കണം, വന്യമൃഗങ്ങളെ അതിജീവിക്കണം’ എന്ന പേരില്‍ ചക്കിട്ടപാറ പഞ്ചായത്തിലെ മുതുകാട്ടില്‍ സംഘടിപ്പിച്ച കര്‍ഷക പ്രക്ഷോഭ സംഗമം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
നിസഹായവസ്ഥയെക്കാള്‍ നിസംഗത മലയോര ജനതയില്‍ പിടിമുറുക്കിയിരിക്കുന്നു. ഇത് അപകടമാണ്. വനവുമായി ബന്ധപ്പെട്ടുള്ള പുതിയ പ്രശ്‌നങ്ങളൊന്നുംതന്നെ ബാധിക്കില്ലെന്നത് മൂഢവിശ്വാസമാണെന്ന കാര്യം ഓരോരുത്തരും തിരിച്ചറിയണം. ബഫര്‍സോണ്‍ എന്ന കാട്ടുനീതി നടപ്പിലായ ഗൂഢല്ലൂരിലെ ജനത്തിന്റെ ദുരനുഭവങ്ങള്‍ നേരില്‍ കണ്ടാല്‍ സ്ഥിതിയുടെ ഗുരുതാവസ്ഥ ബോധ്യമാകും. കര്‍ഷകരുടെ ശത്രുക്കളായ വനംവകുപ്പിനെ നേരിടാന്‍ കര്‍ഷകരുടെ കൂട്ടായ്മകള്‍ നാട്ടില്‍ ശക്തിപ്പെടുത്തണമെന്ന് മാര്‍ ഇഞ്ചനാനിയില്‍ പറഞ്ഞു.
വനത്തില്‍നിന്ന് നാട്ടിലിറങ്ങി ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ വന്യമൃഗങ്ങളെ വെടിവെച്ചുകൊല്ലുമെന്ന് തീരുമാനമെടുത്ത ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെയും പ്രസിഡന്റ് കെ. സുനിലിന്റെയും തീരുമാനം ശ്ലാഘനീയവും ശക്തവുമാണ്. ജനം ഒന്നാകെ പഞ്ചായത്തിന് പിന്തുണ നല്‍കി ഒപ്പം നില്‍ക്കണം. പ്രസിഡന്റിനെ വിരട്ടാനുള്ള വനം വകുപ്പിന്റെ നീക്കം വിലപ്പോവില്ല. നിയമം ലംഘിച്ചുകൊണ്ടിരിക്കുന്നത് വനംവകുപ്പ് മന്ത്രിയാണ്. ഇതിനെതിരെ ശക്തമായ പ്രക്ഷോഭം വരാന്‍ പോവുകയാണ്. ഇതിന്റെ മരിക്കേണ്ടി വന്നാല്‍പോലും ശക്തമായി താനുണ്ടാകുമെന്ന് മാര്‍ ഇഞ്ചനാനിയില്‍ ഉറപ്പു നല്‍കി.
Leave a Comment
Your email address will not be published. Required fields are marked with *