വാഷിംഗ്ടണ്‍ ഡിസി: നിസാര കാര്യങ്ങള്‍ക്ക് പോലും അസഹിഷ്ണുതയും നീരസവും പ്രകടിപ്പിക്കുന്ന ആധുനികലോകത്തിന് അതിജീവനത്തിന്റെയും പ്രത്യാശയുടെയും സഹിഷ്ണുതയുടെയും പുതിയ പാഠങ്ങളുമായി 286 ദിവസത്തെ ബഹിരാകാശവാസത്തിന് ശേഷം ഇന്ത്യന്‍ വംശജയായ സുനിത വില്യംസും ബുച്ച് വില്‍മറുമടങ്ങുന്ന സംഘം ഭൂമിയില്‍ സുരക്ഷിതമായി മടങ്ങിയെത്തി. ഇരുവരുമടങ്ങുന്ന നാല്‍വര്‍ സംഘവുമായി തിരിച്ച ഡ്രാഗണ്‍ ഫ്രീഡം പേടകം 17 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ മെക്‌സിക്കന്‍ ഉള്‍ക്കടലില്‍ ഫ്‌ളോറിഡ തീരത്തോട് ചേര്‍ന്ന് ലാന്‍ഡ് ചെയ്യുകയായിരുന്നു.
കേവലം എട്ട് ദിവസത്തെ ദൗത്യത്തിനായി 2024 ജൂണ്‍ 5 ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയ സുനിത വില്യംസും ബുച്ച് വില്‍മറും അവരെ വഹിച്ച ബോയിങ്ങിന്റെ ബഹിരാകാശയാത്രപേടകത്തിന് സംഭവിച്ച മെക്കാനിക്കല്‍ പ്രശ്നങ്ങളെ തുടര്‍ന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങി. ഏതാനും ദിവസങ്ങള്‍ പോയിട്ട് ഏതാനും മിനിറ്റുകള്‍ പോലും യാത്ര വൈകുമ്പോള്‍ അസ്വസ്ഥരാകുന്ന മനുഷ്യരുടെ ലോകത്ത് നിന്ന് വ്യത്യസ്തമായി തികഞ്ഞ വൈകാരിക പക്വതയോടെ ഇരുവരും ബഹിരാകാശവാസക്കാലം ഫലപ്രഥമായി ഉപയോഗിക്കുന്ന കാഴ്ചയ്ക്കാണ് ലോകം പിന്നീട് സാക്ഷ്യം വഹിച്ചത്. പരീക്ഷണങ്ങള്‍ നടത്താനും ഉപകരണങ്ങള്‍ ശരിയാക്കാനും ബഹിരാകാശ നടത്തത്തിനും അവര്‍ സമയം വിനിയോഗിച്ചു. ഒമ്പത് ബഹിരാകാശ നടത്തത്തിലൂടെ 62 മണിക്കൂര്‍ ബഹിരാകാശ നടത്തം നടത്തിയ സുനിത ഏറ്റവും കൂടുതല്‍ സമയം ബഹിരാകാശ നടത്തം നടത്തിയ വനിതാ ബഹിരാകാശ സഞ്ചാരി എന്ന റെക്കോര്‍ഡുമായാണ് ഭൂമിയിലേക്ക് മടങ്ങിയത്.
ബഹിരാകാശയാത്രയെയും അപ്രതീക്ഷിതമായി അവിടെ ദീര്‍ഘനാള്‍ ചിലഴിക്കേണ്ടി വന്ന അനുഭവത്തെയും കുറിച്ച് മടങ്ങുന്നതിന് മുമ്പ് ബുച്ച് വില്‍മര്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. യേശുക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ വെളിച്ചത്തിലാണ് താന്‍ ഈ അനുഭവങ്ങളെ നോക്കിക്കാണുന്നത് എന്ന വില്‍മറിന്റെ വാക്കുകള്‍ ശാസ്ത്രത്തെയും വിശ്വാസത്തെയും എതിര്‍ചേരിയില്‍ നിര്‍ത്തുവാന്‍ നിരന്തരം ശ്രമിക്കുന്നവര്‍ക്കുള്ള മറുപടി കൂടിയാണ്.
‘മനുഷ്യരാശിയെക്കുറിച്ചുള്ള പദ്ധതിയും ഉദ്ദേശ്യങ്ങളും തന്റെ മഹത്വത്തിനായി അവിടുന്ന് നിറവേറ്റുന്നു. അത് നമ്മുടെ ജീവിതത്തെ എപ്രകാരം ബാധിക്കുന്നു എന്നത് പ്രധാനപ്പെട്ട കാര്യമാണ്. എല്ലാം ദൈവികപദ്ധതിയുടെ ഭാഗമാണെന്ന് ഞാന്‍ മനസിലാക്കുന്നു. അതിനാല്‍ ഞാന്‍ സംതൃപ്തനാണ്,’ അദ്ദേഹം പറഞ്ഞു.
‘ഹെബ്ര. 11 ാം അധ്യായത്തില്‍ പറയുന്നതുപോലെ ദൈവമാണ് എല്ലാ കാര്യങ്ങളും പ്രവര്‍ത്തിക്കുന്നത്. ചില കാര്യങ്ങള്‍ നല്ലതിന് വേണ്ടിയാണ് എന്ന് നമുക്ക് തിരിച്ചറിയാന്‍ സാധിക്കുന്നു. ചില കാര്യങ്ങള്‍ അത്ര നല്ലതല്ലെന്ന് നമുക്ക് തോന്നുന്നു. എന്നാല്‍ വിശ്വസിക്കുന്നവര്‍ക്ക് എല്ലാം നന്മയായി പരിണമിപ്പിക്കുന്നു,’വില്‍മര്‍ കൂട്ടിച്ചേര്‍ത്തു. ടെക്‌സസിലെ പസഡെനയിലുള്ള പ്രൊവിഡന്‍സ് ബാപ്റ്റിസ്റ്റ് ചര്‍ച്ചില്‍ എല്‍ഡറായ വില്‍മര്‍ സഭാകാര്യങ്ങളില്‍ സജീവമാണെന്നും ബഹിരാകാശത്ത് വച്ചും ബൈബിള്‍ പ്രഭാഷണങ്ങള്‍ ശ്രവിച്ചിരുന്നുവെന്നും പാസ്റ്ററായ കോറി ജോണ്‍സണ്‍ പറഞ്ഞു.
വില്‍മറും വില്യംസും 286 ദിവസം ബഹിരാകാശത്ത് ചെലവഴിച്ചു – പ്രതീക്ഷിച്ചതിലും 278 ദിവസം കൂടുതല്‍. ഭൂമിയെ 4,576 തവണ ഭ്രമണം ചെയ്യുകയും 121 ദശലക്ഷം മൈലുകള്‍ സഞ്ചരിക്കുകയും ചെയ്ത ഇവര്‍ നിരവധി വെല്ലുവിളികളെ അതിജീവിച്ചാണ് ബഹിരാകാശത്ത് ഇത്രയും നാള്‍ കഴിഞ്ഞത്. തങ്ങളുടെ പ്രിയപ്പെട്ടവരെ ഇനി എന്ന് കാണുമെന്നറിയാതെ അപ്രതീക്ഷിതമായി ഈ ബഹിരാകാശവാസം നീണ്ടുപോയപ്പോഴും ഇവര്‍ പ്രകടിപ്പിച്ച മനസാന്നിധ്യം പ്രത്യേകം പ്രശംസ അര്‍ഹിക്കുന്നു. നിസാരകാര്യങ്ങളുടെ പേരില്‍ ജീവിതവും ജീവനും അവസാനിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന ലോകത്തിന് ഇവരുടെ തിരിച്ചുവരവ് തീര്‍ച്ചയായും ഒരു സുവിശേഷമാണ്. പ്രത്യാശയുടെയും ജീവന്റെയും സുവിശേഷം.
Leave a Comment
Your email address will not be published. Required fields are marked with *