റോം: ഏറ്റവും ആവശ്യമുള്ള ഇടങ്ങളില്‍ ആശ്വാസവും പ്രകാശവും നല്‍കുന്ന ക്രിസ്തുവിന്റെ സാന്നിധ്യമാകാനുള്ള ദൗത്യമാണ് ഒരോ ദൈവവിളിയുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മെയ് 11 ന് ആചരിക്കുന്ന ദൈവവിളികള്‍ക്കായുള്ള 62-ാമത് ലോക പ്രാര്‍ത്ഥനാ ദിനത്തിനത്തോടനുബന്ധിച്ച് റോമിലെ ജമേലി ആശുപത്രിയില്‍ നിന്ന് പ്രസിദ്ധീകരിച്ച സന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. ‘പ്രതീക്ഷയുടെ തീര്‍ത്ഥാടകര്‍: ജീവിതത്തിന്റെ സമ്മാനം’ എന്നതാണ് ഈ വര്‍ഷത്തെ പ്രാര്‍ത്ഥനാദിനത്തിന്റെ പ്രമേയം.
പല യുവാക്കളും ഇന്ന് ഭാവിയിലേക്ക് നിരാശയോടെയാണ് നോക്കുന്നതെന്ന് പാപ്പയുടെ സന്ദേശത്തില്‍ പറയുന്നു. തൊഴില്‍ സാധ്യതകളെക്കുറിച്ചുള്ള അരക്ഷിതാവസ്ഥയും സ്വത്വപ്രതിസന്ധിയും ജീവിതത്തിന്റെ അര്‍ത്ഥത്തെയും മൂല്യങ്ങളെയും കുറിച്ചുള്ള സംശയങ്ങളും ഇന്നത്തെ യുവജനങ്ങള്‍ അഭിമുഖീകരിക്കുന്നുണ്ട്. ഡിജിറ്റല്‍ ലോകത്തിലെ ആശയക്കുഴപ്പത്തിലാക്കുന്ന സന്ദേശങ്ങള്‍ ഈ പ്രതിസന്ധിയുടെ ആക്കം കൂട്ടുന്നു. അനീതിയും നിസംഗതയും ക്രൂരതയും നിറഞ്ഞ ഈ ലോകം യുവജനങ്ങള്‍ അവരുടെ ഹൃദയത്തിന്റെ ആഗ്രഹിക്കുന്ന സംതൃപ്തമായ ജീവിതത്തിന് ഭീഷണി ഉയര്‍ത്തുന്നു.
എന്നിരുന്നാലും, മനുഷ്യഹൃദയത്തെ അറിയുന്ന കര്‍ത്താവ്, ഈ അനിശ്ചിതത്വത്തിന്റെ നടുവിലും നമ്മെ കൈവിടുന്നില്ലെന്ന് പാപ്പ തുടര്‍ന്നു.
നാം സ്‌നേഹിക്കപ്പെടുകയും വിളിക്കപ്പെടുകയും പ്രത്യാശയുടെ തീര്‍ഥാടകരായി അയക്കപ്പെടുകയും ചെയ്യുന്നു എന്ന് നാം അറിയണമെന്ന് അവന്‍ ആഗ്രഹിക്കുന്നു. അവഗണിക്കപ്പെട്ടവരും മുറിവേറ്റവരും ഉപേക്ഷിക്കപ്പെട്ടവരുമായവരുടെ നിലവിളിക്ക് ചെവികൊടുക്കാതിരിക്കാന്‍ ദൈവവിളി ലഭിക്കുന്നവര്‍ക്ക് സാധിക്കുകയില്ല. ഏറ്റവും ആവശ്യമുള്ള ഇടങ്ങളില്‍ ആശ്വാസവും പ്രകാശവും നല്‍കുന്ന ക്രിസ്തുവിന്റെ സാന്നിധ്യമാകാനുള്ള ദൗത്യം ഒരോ ദൈവവിളിയും ഊട്ടിയുറപ്പിക്കുന്നു. പ്രത്യേകമായ വിധത്തില്‍, സാമൂഹികവും കര്‍മപരവുമായ പ്രതിബദ്ധതയിലൂടെ ദൈവരാജ്യത്തിന്റെ ഉപ്പും വെളിച്ചവും, പുളിമാവുമാകുവാന്‍ വിളിക്കപ്പെട്ടവരാണ് അല്‍മായരെന്നും പാപ്പ കൂട്ടിച്ചേര്‍ത്തു.
Leave a Comment
Your email address will not be published. Required fields are marked with *