ബിഷപ് ഡോ. അലക്‌സ് വടക്കുംതല
അത്ര ആശാവഹമല്ലാത്ത വാര്‍ത്തകളാണ് ഈ ദിനങ്ങളിലെ പത്രമാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും നമ്മിലെത്തിക്കുന്നത്. കലാലയങ്ങളിലെയും സ്‌കൂളുകളിലെയും റാഗിംഗ് വൈകൃതങ്ങളും കലാപങ്ങളും കയ്യാങ്കളികളും കൊലപാതകങ്ങളും ആശങ്കപ്പെടുത്തുന്നവയാണ്. പലതും കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും പ്രത്യാഘാതങ്ങളാണ്. സിനിമകള്‍ ഉള്‍പ്പെടെ ഉള്ളവയുടെ സ്വാധീനത്താല്‍ വളര്‍ന്നുവരുന്ന അക്രമവാസനകളും അധാര്‍മ്മിക പ്രവര്‍ത്തനങ്ങളും കുടുംബം ഒന്നാകെയുള്ള കൂട്ട ആത്മഹത്യകളും നരഹത്യയുമൊക്കെ വര്‍ധിക്കുന്നു. ഈ യാഥാര്‍ത്ഥ്യങ്ങള്‍ നമ്മെ അസ്വസ്ഥരാക്കുന്നു, നൊമ്പരപ്പെടുത്തുന്നു, മാറ്റത്തിനായി നിര്‍ബന്ധിക്കുന്നു.
ആശ്വാസകരമായ മറുവശമിതാണ്. രാഷ്ട്രീയ പാര്‍ട്ടികള്‍ ചേരിതിരിവുകള്‍ മറന്ന് മയക്കുമരുന്നിനെതിരായുള്ള പ്രവര്‍ത്തനത്തില്‍ ഒരുമിച്ചുവരുന്നു. മാധ്യമങ്ങളും ചിന്തകരും തിരുത്തലിനായി നിലപാടെടുക്കുന്നു. സാമൂഹിക സംഘടനകള്‍ മാറ്റത്തിനായി കൈകോര്‍ക്കുന്നു. ഈ ഒരു മാറ്റം എല്ലാ തലങ്ങളിലും ഉണ്ടാകണം. മനംമാറ്റം ഓരോ വ്യക്തിയില്‍ നിന്നും ഉത്ഭവിക്കണം. അപ്പോള്‍ പരിവര്‍ത്തനം പൊതുസമൂഹത്തിലും സംജാതമാകും. ഗാന്ധിജിയുടെ വിഖ്യാതമായ വാക്യം അതാണല്ലോ. ”നിങ്ങള്‍ ആഗ്രഹിക്കുന്ന മാറ്റങ്ങള്‍ നിന്നില്‍നിന്ന് തുടങ്ങുക.”
നഷ്ടപ്പെടുന്ന മുഖവും മഹത്വവും
നാം ജീവിക്കുന്ന സാഹചര്യങ്ങളും തെറ്റായ കൂട്ടുകെട്ടുകളും നമ്മുടെ മഹത്വവും മനുഷ്യത്വം തന്നെയും നഷ്ടപ്പെടുത്തുന്നുണ്ട്. നമ്മുടെ സ്വാര്‍ത്ഥതയും കടിഞ്ഞാണിടാത്ത ഇച്ഛകളും മോഹങ്ങളും നമ്മിലെ ദൈവിക മാഹാത്മ്യം ഇല്ലാതാക്കുന്നു. ക്രൈസ്തവര്‍ക്ക് എന്നപോലെ വിവിധ മതസമൂഹങ്ങളിലും ഇതു നോമ്പുകാലമാണ്. പ്രാര്‍ത്ഥനയും ഉപവാസവും ദാനധര്‍മ്മവും വഴി ദൈവത്തോടും മനുഷ്യരോടും കൂടുതലായി ചേര്‍ന്നുനില്ക്കാനും മനഃശാന്തി പകരുന്ന മാറ്റം ജീവിതത്തില്‍ കൊണ്ടുവരുവാനുമുള്ള കാലം.
നോമ്പും വ്രതവുമൊക്കെ അനുഗ്രഹീതവും ഫലപ്രദവുമാകണമെങ്കില്‍ അത് ഹൃദയത്തിന്റെ പരിവര്‍ത്തനമാകണം. വെട്ടിയൊരുക്കുന്ന വൃക്ഷങ്ങളിലാണല്ലോ പുതിയ തളിരും പൂവും കായും പ്രത്യക്ഷമാവുക. അല്ലെങ്കില്‍ മുരടിപ്പു സംഭവിക്കുന്നതും സ്വാഭാവികം. നിരന്തര വിലയിരുത്തലും വെട്ടിത്തിരുത്തലും ജീവിതത്തെ വിലയുറ്റതാക്കുന്നു. എന്നാല്‍, ധാര്‍മ്മിക തലത്തിലെ വിട്ടുവീഴ്ചകളും, സമ്പത്തിനും താല്ക്കാലിക സുരക്ഷിതത്വത്തിനുമായി സനാതന മൂല്യങ്ങള്‍ ഉപേക്ഷിക്കുന്നതുമൊക്കെ കൊണ്ടുചെന്നെത്തിക്കുന്നത് അശാന്തിയിലും ആന്തരിക ശൂന്യതയിലുമല്ലേ എന്നും ചിന്തിക്കണം.
തണ്ണിമത്തന്‍ സാധാരണമായി ഗോളാകൃതിയിലാണ്. പന്തുപോലെ ഉരുണ്ടിരിക്കും. പക്ഷെ, ഒരു പുഷ്പഫല പ്രദര്‍ശനത്തില്‍ വച്ചിരുന്ന തണ്ണിമത്തന്‍ എല്ലാവരും ശ്രദ്ധിച്ചു. കാരണം, അതിന് ചതുരാകൃതിയായിരുന്നു. തണ്ണിമത്തന്‍ ചെറുതായിരിക്കുമ്പോള്‍ തന്നെ ചതുരപ്പെട്ടിയില്‍ വളരാന്‍ അനുവദിച്ചാല്‍ സാവധാനം അത് ആ ലോഹക്കൂടിന്റെ ആകൃതിയില്‍ ആയിത്തീരും. ഇതേപോലെ ചില സാഹചര്യങ്ങള്‍ പലരുടെയും ആകൃതി തന്നെ മാറ്റിക്കളയും.
ദൈവത്തിന്റെ ഛായയിലും സാദൃശ്യത്തിലുമാണ് മനുഷ്യന്‍ സൃഷ്ടിക്കപ്പെട്ടിരിക്കുന്നത് (ഉല്‍പത്തി1:26). പക്ഷെ, നമ്മോടുള്ള ചിലരുടെ സംസാരം ഇപ്രകാരം ആകാം: ”നീ എന്താ നത്തിനെപ്പോലെ ഇരിക്കുന്നേ?’ എങ്കിലും ‘നിന്റെ തൊലിക്കട്ടി കാണ്ടാമൃഗത്തിന്റെ പോലെ തന്നെ!’ ‘പിന്നെ, എല്ലാം ഒപ്പിച്ചിട്ടും ഇങ്ങനെ പൂച്ചയെപ്പോലെ ഇരിക്കല്ലേ, ട്ടോ!’ ‘അതിനിപ്പോ, പട്ടിയെപ്പോലെ കുരക്കണോ?’ ‘ദേ, ഇപ്പോഴും ഉപ്പന്റെ കണ്ണുപോലെയാ!’ ‘ഇന്നലെ, പാമ്പിനെ പോലെയാ വന്നു കേറിയത്!’ ‘നീ എപ്പോഴും മൂര്‍ഖന്‍ പാമ്പിനെപോലെ, വിഷം ചീറ്റുന്നല്ലോ!’ ‘ഇങ്ങനെയൊക്കെ പറഞ്ഞൊപ്പിച്ചിട്ട്, ഇപ്പോള്‍ മുതലക്കണ്ണീര് ഒഴുക്കിയിട്ടെന്താ കാര്യം?’ ഇങ്ങനെ പല കാട്ടുമൃഗങ്ങളുടെയും ഭാവവും രൂപവും നമ്മില്‍ അറിഞ്ഞും അറിയാതെയും വന്നുപോയേക്കാം.
ബെന്യാമിന്റെ ‘ആടുജീവിതം’ എന്ന നോവലിലും, ബ്ലെസിയുടെ അതിന്റെ ചലച്ചിത്രാവിഷ്‌ക്കാരത്തിലും മറ്റു മനുഷ്യരോട് ഒരു ബന്ധവുമില്ലാതെ ആടുകളെ മേയിച്ചും പാലിച്ചും അവരോടൊപ്പംമാത്രം അറബിനാട്ടിലെ മണലാരണ്യത്തില്‍ ദീര്‍ഘനാള്‍ കഴിഞ്ഞ മനുഷ്യന്റെ മുഖവും ഭാവവും സ്വഭാവം പോലും ആടുകളെപ്പോലെ ആയിത്തീരുന്നതായി അനുഭവപ്പെടുന്നതിന്റെ ആഖ്യാനമുണ്ട്.
വിഖ്യാതനായ എഴുത്തുകാരന്‍ ഫ്രാന്‍സ് കാഫ്കയുടെ ‘മെറ്റമോര്‍ഫോസിസ്’ അഥവാ ‘അവസ്ഥാന്തരം’ എന്ന കഥയില്‍ ഗ്രിഗോര്‍ സാംസ എന്ന യുവാവ് കറുത്തിരുണ്ട വലിയൊരു വണ്ടായി മാറുന്നതിനെ പ്പറ്റിയും ആ പുതിയ അവസ്ഥയുമായി ഇണങ്ങിചേരുന്നതിനനുഭവിക്കുന്ന ആന്തരിക സംഘര്‍ഷങ്ങളെക്കുറിച്ചും വിവരിക്കുന്നുണ്ട്.
നാം ജീവിക്കുന്ന സാഹചര്യങ്ങളിലെ സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും നമ്മുടെ ജീവിതത്തിന്റെ വിലയും മൂല്യവും മഹത്വവും മാറ്റിക്കളയാറുണ്ട്. നമ്മിലുള്ള ദൈവിക മാഹാത്മ്യവും അന്തസും തിരിച്ചുപിടിക്കാനുള്ള അനുഗ്രഹീത സമയമാണ് വിശുദ്ധമായ നോമ്പുകാലം. ഒരു മാറ്റം നമുക്കു വേണ്ടേ? നഷ്ടപ്പെട്ടവ തിരിച്ചുപിടിച്ചു മനഃശാന്തിയോടെ കഴിയാം.
ഹൃദയത്തിലെ അഗ്‌നി
നമ്മുടെ നെറ്റിത്തടങ്ങളില്‍ ചാരം പൂശിയാണ് വലിയ നോമ്പാചരണം ആരംഭിച്ചത്. ഈ ആചരണം അവസാനിക്കുന്നത് ഉത്ഥാനതിരുനാള്‍ പാതിരാവില്‍ പുതിയ തീ ആശീര്‍വദിച്ചുകൊണ്ടുമാണ്. ചാരത്തില്‍ തുടങ്ങി അഗ്‌നിയില്‍ അവസാനിക്കുന്ന ഈ ആചരണം വഴി ഹൃദയത്തില്‍ അഗ്‌നി കെടാതെ സൂക്ഷിക്കണം. അത് ജ്വലിച്ചുനില്ക്കാനാവണം.
കുരിശാകൃതിയിലാണ് നമ്മുടെ നെറ്റിത്തടങ്ങളില്‍ ചാരം പൂശുന്നത്. കുരിശിലൂടെയാണ് മുക്തി. കുരിശിലാണ് രക്ഷ. ക്രിസ്തുവിലൂടെയാണ് നമ്മുടെ വിമോചനം. ക്രിസ്തുവിനോടുചേര്‍ന്നു നടക്കുന്ന ദിനങ്ങളാവണം ഈ വലിയ നോമ്പ്. അതിലൂടെ ജീവിതം തളിരിടും. പുഷ്പിക്കും, ഫലദായകമാകും.
‘മനുഷ്യാ നീ മണ്ണാകുന്നു. മണ്ണിലേക്ക് നീ മടങ്ങും’ എന്ന് കാര്‍മ്മികര്‍ ഉച്ചരിച്ചുകൊണ്ടാണ് നമ്മുടെ നെറ്റിത്തടങ്ങളില്‍ കരിക്കുറി വരയ്ക്കുന്നത്. ഈ മണ്ണിലെ ജീവിതത്തിന്റെ നിസാരതയെ, ക്ഷണികതയെ നമ്മെ ഓര്‍മിപ്പിക്കുന്നു. അതോടൊപ്പം നമ്മുടെ തുടക്കവും.
‘ദൈവമായ കര്‍ത്താവ് ഭൂമിയിലെ പൂഴികൊണ്ട് മനുഷ്യനെ രൂപപ്പെടുത്തുകയും ജീവന്റെ ശ്വാസം അവന്റെ നാസാരന്ധ്രങ്ങളിലേക്ക്, നിശ്വസിക്കുകയും ചെയ്തു’ (ഉല്‍. 2:7). മനുഷ്യജീവിതത്തിന്റെ മഹത്വം മനസിലാക്കി, ആ തിരിച്ചറിവിലേക്ക് തിരികെ വരാനാണ് ഈ നോമ്പുകാലം. അനുതപിച്ച് സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍ എന്ന ആഹ്വാനം വലിയ നോമ്പിന്റെ പ്രത്യേകതയാണ്. പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മ്മങ്ങള്‍ എന്നിവ പുതുജീവിതത്തിലേക്കുള്ള ഉപാധികളാണ്. മാനസാന്തരപ്പെട്ട് മഹത്വത്തിലേക്ക് ഉയരാം.
നമുക്കു പ്രാര്‍ത്ഥിക്കാം: സ്‌നേഹ പിതാവായ ദൈവമേ, അങ്ങേ പ്രിയ പുത്രന്റെ കുരിശിന്റെ കൃപയാല്‍ ഉത്ഥാനത്തിന്റെ മഹത്വത്തിലേക്ക് ഞങ്ങളെ ഉയര്‍ത്തേണമേ. നെറ്റിയില്‍ ചാരം പൂശുന്ന ഞങ്ങളില്‍ അഗ്‌നി നിറയ്‌ക്കേണമേ. മനുഷ്യ മഹത്വത്തിന്റെ മനോഹാരിത പകരണമേ. നിര്‍മ്മല ഹൃദയമൊരുക്കി അങ്ങിലേക്ക് മടങ്ങിവരാന്‍ അനുഗ്രഹിക്കേണമേ. കാരണം, അങ്ങ് ഉദാരമതിയും കാരുണ്യവാനും ക്ഷമാശീലനും സ്‌നേഹ സമ്പന്നനുമാണ്. ആമേന്‍.
Leave a Comment
Your email address will not be published. Required fields are marked with *