Follow Us On

22

March

2025

Saturday

ചില ‘ലഹരി’ കണക്കുകള്‍

ചില ‘ലഹരി’  കണക്കുകള്‍

ഫാ. ജോസഫ് വയലില്‍ CMI
(ചെയര്‍മാന്‍, ശാലോം ടി.വി)

മയക്കുമരുന്ന് കച്ചവടവും ഉപയോഗവും അതേതുടര്‍ന്നുള്ള ദുരന്തങ്ങളും കേരളത്തെ പിടിച്ചുകുലുക്കിയ നാളുകള്‍ ആണിത്. സാമൂഹ്യ-മതസംഘടനകളും മാധ്യമങ്ങളും മറ്റ് സ്ഥാപനങ്ങളും വ്യക്തികളുമെല്ലാം ഈ വിപത്തിനെതിരെ ശബ്ദമുയര്‍ത്തിയപ്പോള്‍ കേരള പോലീസും എക്‌സൈസ് വകുപ്പും കുറച്ചൊന്ന് ഉണര്‍ന്നു പ്രവര്‍ത്തിച്ചു. ഓപ്പറേഷന്‍ ഡി ഹണ്ട് എന്നപേരില്‍ പോലീസ് ഒരു നടപടി ആരംഭിച്ചു. 2025 ഫെബ്രുവരി 22-നാണ് ഇത് ആരംഭിച്ചത്. ഫെബ്രുവരി 22 മുതല്‍ മാര്‍ച്ച് എട്ടുവരെയുള്ള ദിവസങ്ങള്‍കൊണ്ട് പോലീസ് 1.43 കിലോ ഗ്രാം എംഡിഎംഎയും 1.85 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ഇതേ കാലയളവില്‍ പോലീസ് 4000 കേസുകള്‍ എടുക്കുകയും 4200 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

ഇതോടൊപ്പം എക്‌സൈസ് വിഭാഗം ഓപ്പറേഷന്‍ ക്ലീന്‍ സ്ലേറ്റ് എന്ന പേരില്‍ ഒരു പരിപാടിയും നടപ്പാക്കി. മാര്‍ച്ചുമാസത്തെ മൂന്നു ദിവസങ്ങള്‍കൊണ്ട് അവര്‍ പിടിച്ചെടുത്ത കഞ്ചാവ് 77 കിലോഗ്രാം, പിടിച്ചെടുത്ത എംഡിഎംഎ ഒരു കിലോഗ്രാം, എടുത്ത കേസുകള്‍ 360, അറസ്റ്റ് ചെയ്തതവരുടെ എണ്ണം 378.
പോലീസും എക്‌സൈസ് വകുപ്പും മറ്റും പിടിക്കുന്ന കഞ്ചാവിന്റെയും എംഡിഎംഎയുടെയും മറ്റും കണക്കുകള്‍ ഇടയ്ക്കിടക്ക് നാം പത്രങ്ങളില്‍ കാണാറുണ്ട്. ചിലപ്പോള്‍ ഏതാനും ഗ്രാം മാത്രം എംഡിഎംഎയാണ് പിടിച്ചെടുക്കുവാന്‍ സാധിക്കുന്നത്. അപ്പോള്‍ ഞാന്‍ വിചാരിച്ചിട്ടുണ്ട്: ഇത്രയും കുറഞ്ഞ അളവ് എംഡിഎംഎ പിടിക്കുന്നത് ഇത്രയും വലിയ വാര്‍ത്ത ആക്കാന്‍മാത്രം പ്രധാനപ്പെട്ടത് ആണോ എന്ന്. അതുകൊണ്ട് ഒരു ജിജ്ഞാസയുടെ പുറത്ത് ഞാന്‍ ഇതിനെപ്പറ്റി ചില കാര്യങ്ങള്‍ മനസിലാക്കുവാന്‍ ചെറിയ പഠനം നടത്തി. അപ്പോള്‍ മനസിലായ ചില കാര്യങ്ങള്‍ പറയാം. എംഡിഎംഎ എന്ന ലഹരിവസ്തുവിനെ സംബന്ധിച്ചു മാത്രമാണ് ഈ പഠനം.

എംഡിഎംഎ എന്നത് ഒരു കൃത്രിമ അഥവാ രാസ ലഹരിവസ്തുവാണ്. മെത്തലിന്‍ ഡയേസ്‌കി മെത്ത് ആംഫിറ്റമിന്‍ എന്നാണിതിന്റെ മുഴുവന്‍ പേര്. രണ്ടാമത് ഞാന്‍ കണ്ടെത്താന്‍ ശ്രമിച്ചത് ഇതാണ്: ഒരാള്‍ക്ക് ഒരു നേരത്തെ ലഹരി ഉപയോഗത്തിന് എത്ര അളവ് എംഡിഎംഎ വേണം? 0.075 മില്ലിഗ്രാം മുതല്‍ 125 മില്ലിഗ്രാംവരെ ആണത്. ഉപയോഗിക്കുന്ന വ്യക്തിയുടെ ആരോഗ്യം തുടങ്ങിയ പല ഘടകങ്ങളെ അനുസരിച്ച് 0.075 മില്ലിഗ്രാം മുതല്‍ 125 മില്ലിഗ്രാം വരെ ഉപയോഗിക്കാം എന്ന് ചുരുക്കം. ഇനി ഈ കണക്കുകള്‍ ഒന്ന് ശ്രദ്ധിക്കുക.

1 ഗ്രാം = 1000 മില്ലിഗ്രാം
ഒരാള്‍ ശരാശരി ഒരു തവണ ഉപയോഗിക്കുന്നത് 0.075 മില്ലിഗ്രാം ആണെന്ന് കരുതുക. അങ്ങനെയാണെങ്കില്‍ ഒരു ഗ്രാം എംഡിഎംഎ ഒരാള്‍ക്ക് 12 തവണ അല്ലെങ്കില്‍ 13 പേര്‍ക്ക് ഒരു തവണ ഉപയോഗിക്കാനുള്ള ലഹരിവസ്തുവുണ്ട്.
ഇനി ഒരു കിലോഗ്രാം എംഡിഎംഎ എത്ര പേര്‍ക്ക് ഉപയോഗിക്കാനുണ്ട് എന്ന് നോക്കാം.
1 കിലോഗ്രാം = 1000 ഗ്രാം
1000 ഗ്രാം = 1000,000 മില്ലിഗ്രാം
അതായത് 10 ലക്ഷം മില്ലിഗ്രാം. ഈ പത്ത് ലക്ഷം മില്ലിഗ്രാം ലഹരിവസ്തു ഒരാള്‍ക്ക് 0.075 മില്ലിഗ്രാം വച്ച് നല്‍കുകയാണെങ്കില്‍ എത്രയധികം പേര്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്ന് ചിന്തിക്കണം. എക്‌സൈസ് പിടിച്ചെടുത്ത ഒരു കിലോഗ്രാം എംഡിഎംഎയുടെ വ്യാപ്തിയെക്കുറിച്ച് ആലോചിക്കണം.
അങ്ങനെയാണെങ്കില്‍ കേരളത്തില്‍ ചെലവാകുന്ന കിലോക്കണക്കിന് എംഡിഎംഎ എത്രമാത്രം മനുഷ്യരെ ലഹരിക്കടിമയാക്കാന്‍ പര്യാപ്തമാണ്. മയക്കുമരുന്നിന് അടിമയായ ഒരാള്‍ ഒരു തവണ മാത്രമല്ല ഇത് ഉപയോഗിക്കുന്നത്. ഇത് നിത്യേനയെന്നോണം ഉപയോഗിക്കുന്നുണ്ടാകും. ഇല്ലെങ്കില്‍ അയാള്‍ ഭ്രാന്ത് പിടിച്ചവനെപ്പോലെയാകും.

ഞാന്‍ പറഞ്ഞുവരുന്നത് ഇതാണ്: ഏതാനും കിലോഗ്രാം എംഡിഎംഎ ഉണ്ടെങ്കില്‍ പതിനായിരക്കണക്കിന് വ്യക്തികളെ ലഹരിക്ക് അടിമയാക്കാന്‍ പറ്റും. കേരളത്തില്‍ എത്രയധികം എംഡിഎംഎ വിറ്റഴിക്കപ്പെടുന്നുണ്ടാകും എന്ന് ഊഹിക്കാന്‍കൂടി വയ്യ. ഇതിന് പുറമെയാണ് കഞ്ചാവ്, മറ്റ് ലഹരിവസ്തുക്കള്‍, മദ്യം എന്നിവയുടെ ഉപയോഗം. ചുരുക്കിപ്പറഞ്ഞാല്‍, നമ്മള്‍ ഉദ്ദേശിക്കുന്നതിലും വളരെ വ്യാപകമാണ് എംഡിഎംഎ, കഞ്ചാവ്, ഇതര രാസലഹരി വസ്തുക്കളുടെ ഉപയോഗം എന്നിവ. ഒരു ഗ്രാം എംഡിഎംഎക്ക് ഇപ്പോള്‍ ചില്ലറവില്‍പ്പന വില 5000 രൂപയെങ്കിലും കാണും. അപ്പോള്‍ ഏറ്റവും കുറഞ്ഞ അളവായ 0.075 മില്ലിഗ്രാം മാത്രം ഉപയോഗിച്ചാലും ഒരു നേരത്തെ ലഹരി ഉപയോഗത്തിന് 400 രൂപയോളം ചെലവുവരും.

ഈ പണം എങ്ങനെ കണ്ടെത്തും? സ്വാഭാവികമായും അധാര്‍മികപ്രവൃത്തികള്‍ ചെയ്യാന്‍ തുടങ്ങും. മോഷണം, പിടിച്ചുപറി, ലഹരിക്കച്ചവടം, കൊലപാതകം, വ്യഭിചാരം തുടങ്ങിയ മാര്‍ഗങ്ങള്‍വഴി പണം കണ്ടെത്താന്‍ ശ്രമിക്കും. അല്ലെങ്കില്‍ കടം വാങ്ങിക്കൂട്ടാന്‍ തുടങ്ങും. ഇതെല്ലാം ചെന്ന് അവസാനിക്കുന്നത് അനേകം വ്യക്തികളുടെയും കുടുംബങ്ങളുടെയും തകര്‍ച്ചയിലേക്കാണ്. കേരളത്തില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങളും കൊലപാതകങ്ങളും ഈ വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗവും തമ്മില്‍ തീര്‍ച്ചയായും ബന്ധമുണ്ട്. ഇനി ഇക്കാര്യംകൂടി ശ്രദ്ധിക്കുക: ഇങ്ങനെ ലഹരിക്കടിമകളായ രണ്ടുപേര്‍ വിവാഹിതര്‍ ആയാല്‍ എങ്ങനെയിരിക്കും? വിവാഹിതര്‍ ആകുന്ന രണ്ടു പേരില്‍ ഒരാള്‍ ലഹരിക്കടിമയും ഒരാള്‍ ലഹരി ഉപയോഗിക്കാത്ത ആളും ആയാല്‍ എങ്ങനെ ഇരിക്കും? അതിനാല്‍ ലഹരി ഉപയോഗം വലിയൊരു വിപത്താണ്.

അതിനാല്‍ ലഹരി കച്ചവടവും ഉപയോഗവും അവസാനിപ്പിക്കാന്‍ അഥവാ പരമാവധി കുറച്ചുകൊണ്ടുവരുവാന്‍ ഗവണ്‍മെന്റ് കര്‍ശന നടപടികള്‍ സ്വീകരിക്കണം. പോലീസും എക്‌സൈസും ഉണര്‍ന്നു പ്രവര്‍ത്തിച്ചപ്പോള്‍ ഒരാഴ്ചകൊണ്ട് വരുത്തിയ മാറ്റം ഈ ലേഖനത്തിന്റെ ആദ്യഭാഗത്ത് പറഞ്ഞിട്ടുണ്ടല്ലോ. അങ്ങനെയാണെങ്കില്‍ ഈ രണ്ട് വകുപ്പുകള്‍ കാര്യമായും തുടര്‍ച്ചയായും ഇടപെട്ടാല്‍ എന്തുമാത്രം മാറ്റങ്ങള്‍ കൊണ്ടുവരുവാന്‍ കഴിയും? അതോടൊപ്പം രാഷ്ട്രീയ പാര്‍ട്ടികളും മതസംഘടനകളും മറ്റെല്ലാ ഭരണകേന്ദ്രങ്ങളും പൊതുജനങ്ങളും ഉണര്‍ന്ന്, കൂട്ടായി പ്രവര്‍ത്തിച്ചാല്‍ ലഹരി ഉപയോഗം തീര്‍ച്ചയായും കുറക്കാനും സമൂഹത്തെ രക്ഷിക്കാനും കഴിയും. അതിന് ആദ്യമേ വേണ്ടത് നിശ്ചയദാര്‍ഢ്യമാണ്. പക്ഷേ അത് ഉണ്ടാകുമോ?

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?