വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക വിശ്വാസികളുടെ സംഖ്യ 2022-നും 2023-നും ഇടയില്‍ 1.15% വര്‍ധിച്ച്, 139 കോടിയില്‍ നിന്ന് 140.6 കോടിയായി ഉയര്‍ന്നു. സെന്‍ട്രല്‍ ഓഫീസ് ഓഫ് ചര്‍ച്ച് സ്റ്റാറ്റിസ്റ്റിക്‌സ് ക്രോഡീകരിച്ച്, വത്തിക്കാന്‍ പബ്ലിഷിംഗ് ഹൗസ് പ്രസിദ്ധീകരിച്ച അന്വാരിയം സ്റ്റാറ്റിസ്റ്റിക്കം എക്ലേസിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ലോകത്തിലെ കത്തോലിക്കരില്‍ 47.8% ആളുകളും അമേരിക്കയിലാണുള്ളത്. ഇവരില്‍ 27.4% പേര്‍ തെക്കേ അമേരിക്കയിലാണ് താമസിക്കുന്നത്. 6.6% വടക്കേ അമേരിക്കയിലും ബാക്കി 13.8% മധ്യ അമേരിക്കയിലും. 18.20 കോടി കത്തോലിക്ക വിശ്വാസികളുള്ള ബ്രസീല്‍ ലോകത്തില്‍ ഏറ്റവുമധികം കത്തോലിക്കരുള്ള രാജ്യമായി തുടരുന്നു. അര്‍ജന്റീന, കൊളംബിയ, പരാഗ്വേ എന്നീ രാജ്യങ്ങളിലും ആകെ ജനസംഖ്യയുടെ 90 ശതമാനത്തിലധികവും കത്തോലിക്കാ വിശ്വാസികളാണ്.
കത്തോലിക്ക വിശ്വാസികളില്‍ 20 ശതമാനമാളുകളും വസിക്കുന്ന ആഫ്രിക്കയിലാണ് കത്തോലിക്ക വിശ്വാസികളുടെ സംഖ്യ ഏറ്റവും വേഗത്തില്‍ വളരുന്നത്. ആഫ്രിക്കയിലെ കത്തോലിക്കരുടെ സംഖ്യ 2022-ല്‍ 27.2 കോടിയില്‍ നിന്ന് 2023-ല്‍ 28. 1 കോടിയായി വര്‍ധിച്ചു. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയാണ് ആഫ്രിക്കയില്‍ കത്തോലിക്കരുടെ എണ്ണത്തില്‍ ഒന്നാം സ്ഥാനത്ത്. ഏകദേശം 5.5 കോടി കത്തോലിക്കരാണ് ഇവിടെയുള്ളത്. 3.5 കോടി കത്തോലിക്കരുള്ള നൈജീരിയയാണ് രണ്ടാം സ്ഥാനത്ത്.
ഏഷ്യന്‍ ഭൂഖണ്ഡം ഈ കാലയളവില്‍ 0.6% വളര്‍ച്ച രേഖപ്പെടുത്തി. 2023-ല്‍ ആഗോള കത്തോലിക്കാ ജനസംഖ്യയുടെ 11% ജനങ്ങളാണ് ഏഷ്യയിലുള്ളത്. തെക്കുകിഴക്കന്‍ ഏഷ്യന്‍ കത്തോലിക്കരില്‍ 76.7% ഫിലിപ്പീന്‍സിലാണ് കേന്ദ്രീകരിച്ചിരിക്കുന്നത്. ഫിലിപ്പിന്‍സില്‍ 9.3 കോടി കത്തോലിക്കരുളളപ്പോള്‍ ഇന്ത്യയില്‍ 2.3 കോടി കത്തോലിക്കരാണുള്ളത്. ലോക കത്തോലിക്കാ സമൂഹത്തിന്റെ 20.4 ശതമാനം ജനങ്ങള്‍ക്ക് യൂറോപ്പ് ആതിഥേയത്വം വഹിക്കുന്നു. ഈ കാലയളവില്‍ കത്തോലിക്കരുടെ സംഖ്യയില്‍ 0.2% വര്‍ധനവാണ് യൂറോപ്പ് രേഖപ്പെടുത്തിയത്. ഇറ്റലി, പോളണ്ട്, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളിലെ ജനസംഖ്യുടെ 90 ശതമാനത്തിലധികവും കത്തോലിക്ക വിശ്വാസികളുള്ള യൂറോപ്പിന്റെ ആകെ ജനസംഖ്യയുടെ 39.6% ജനങ്ങള്‍ കത്തോലിക്ക വിശ്വാസികളാണ്. ഓഷ്യാനിയയിലെ കത്തോലിക്കരുടെ സംഖ്യ 1.9% വര്‍ധിച്ച് 2023-ല്‍ 1.1 കോടിയായി ഉയിര്‍ന്നിട്ടുണ്ട്.
ഇതേകാലയളവില്‍ കത്തോലിക്കാ സഭയിലെ ബിഷപ്പുമാരുടെ എണ്ണം 1.4% വര്‍ധിച്ച് 5,353-ല്‍ നിന്ന് 5,430 ആയി ഉയര്‍ന്നു. 2023-ല്‍ ആഗോളതലത്തില്‍ ഒരു ബിഷപ്പിന് കീഴില്‍ ശരാശരി 259,000 കത്തോലിക്കര്‍ ആണെങ്കില്‍, ആഫ്രിക്കയിലും അമേരിക്കയിലും ഇത് യഥാക്രമം 365,000, 334,000 എന്നിങ്ങനെയാണ്. ഓഷ്യാനയില്‍ ഓരോ ബിഷപ്പും 87,000 കത്തോലിക്ക വിശ്വാസികളുടെ ഉത്തരവാദിത്വം വഹിക്കുന്നു. നാല് ലക്ഷത്തി ഏഴായിരത്തോളം വൈദികരുള്ളതില്‍ 38.1% യൂറോപ്പിലും 29.1% അമേരിക്കന്‍ ഭൂഖണ്ഡങ്ങളിലും 18.2% ഏഷ്യയിലും 13.5% ആഫ്രിക്കയിലും 1.1% ഓഷ്യാനിയയിലും ശുശ്രൂഷ ചെയ്യുന്നു. വൈദികരല്ലാത്ത സന്യാസികളുടെ സംഖ്യ ആഫ്രിക്കയില്‍ വര്‍ധിച്ചപ്പോള്‍ മറ്റ് സ്ഥലങ്ങളിലെല്ലാം കുറയുകയാണ് ചെയ്തത്. 2023-ല്‍ ആഗോളസഭയില്‍ ശുശ്രൂഷ ചെയ്യുന്ന സന്യാസിനിമാരുടെ സംഖ്യ 5,89,423 ആണ്. ഈ കാലയളവില്‍ 1,06,495 സെമിനാരി വിദ്യാര്‍ത്ഥികള്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി വൈദികപഠനം നടത്തിവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
Leave a Comment
Your email address will not be published. Required fields are marked with *