Follow Us On

20

April

2025

Sunday

എവിടെയാണ് കുട്ടികള്‍ക്ക് ചുവടുകള്‍ പിഴക്കുന്നത് ?

എവിടെയാണ് കുട്ടികള്‍ക്ക്  ചുവടുകള്‍ പിഴക്കുന്നത് ?

സ്വന്തം ലേഖകന്‍

കുട്ടികളുടെ സ്വഭാവത്തില്‍ ആശങ്ക ജനിപ്പിക്കുന്ന വിധത്തിലുള്ള മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു എന്നു തെളിയിക്കുന്ന നിരവധി സംഭവങ്ങളാണ് ചുറ്റുപാടും നടക്കുന്നത്. സഹപാഠിയുടെ ജീവനെടുക്കാന്‍ മടിയില്ലാത്തവരും, അവരെ അതിക്രൂരമായി ഉപദ്രവിക്കുന്നതില്‍ ആനന്ദം കണ്ടെത്തുന്നവരുമായി കുട്ടികള്‍ മാറുന്നതിനെ ഗൗരവത്തോടെ കാണണം. കുട്ടികള്‍ തമ്മില്‍ മുമ്പും കലഹങ്ങള്‍ ഉണ്ടാകുമായിരുന്നെങ്കിലും ഇപ്പോള്‍ അധോലോകസംഘങ്ങള്‍ പകപോക്കുന്ന തരത്തിലേക്ക് അതു മാറിയിരിക്കുന്നു.

വില്ലന്മാര്‍ ഹീറോകള്‍
മദ്യവും മയക്കുമരുന്നുകളുമൊക്കെ പെരുകുമ്പോള്‍ അവ പുതിയ തലമുറയുടെ കരങ്ങളിലുമെത്തും. എന്നാല്‍, ഒരുപടികൂടി കടന്ന് കുട്ടികളെ മയക്കുമരുന്നുകളുടെ കാരിയര്‍മാരാക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. ഏറ്റവും അപകടകരമായ നിലയിലേക്ക് കാര്യങ്ങളെത്തി എന്നാണ് ഇതെല്ലാം സൂചിപ്പിക്കുന്നത്. സമൂഹത്തെ ബാധിക്കുന്ന എല്ലാ തിന്മകളും കുട്ടികളെയും സ്വാധീനിക്കും. കുട്ടികള്‍ എന്നൊരു പ്രത്യേക വിഭാഗമില്ല, അവര്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും ഭാഗമാണ്. പ്രതികാരവും കൊലപാതകവും അക്രമവും ഒക്കെ അവര്‍ ചുറ്റുപാടുകളില്‍ നിന്നും കണ്ടുപഠിക്കുന്നതാണ്. രാഷ്ട്രീയ നേതൃത്വങ്ങളും ഇവിടെ പ്രതിക്കൂട്ടിലാണ്.

എതിരാളികളെ കായികമായി നേരിടുന്നവരും അവരുടെ നേരെ ആയുധങ്ങള്‍ എടുക്കുന്നവരും ഹീറോകളായി മുദ്രകുത്തപ്പെടുമ്പോള്‍ എന്തു സംഭവിച്ചാലും അതില്‍നിന്നെല്ലാം രക്ഷപ്പെടാന്‍ കഴിയുമെന്ന മിഥ്യാധാരണയും കുട്ടികള്‍ക്കും ഉണ്ടാകാം.
പരിഹാര നടപടികള്‍ ആരംഭിക്കാന്‍ വൈകിയാല്‍ തിരിച്ചുപിടിക്കാന്‍ കഴിയാത്ത വിധം പുതിയ തലമുറ കൈവിട്ടുപോകും. അമിത വ്യക്തിസ്വാതന്ത്ര്യത്തിന്റെ അനന്തരഫലം കൂടിയാണിത്. സഹപാഠിയുടെ നേരെ ആയുധം എടുക്കുന്നവരായി നമ്മുടെ കൗമാരം മാറുന്നുണ്ടെങ്കില്‍ വിദ്യാഭ്യാസത്തിന് എന്തൊക്കെയോ പാളിച്ചകള്‍ ഉണ്ടായിട്ടുണ്ടെന്ന് സമ്മതിച്ചേ മതിയാകൂ. പാഠ്യഭാഗങ്ങളില്‍ തുടങ്ങി മാറ്റങ്ങള്‍ ആവശ്യമാണ.് പുതിയ തലമുറ ക്ലാസുമുറികളില്‍നിന്നും വിജ്ഞാനം ആര്‍ജ്ജിക്കുന്നതിനൊപ്പം മനുഷ്യത്വം കൂടി പഠിക്കണം.

വടികൊണ്ട് പ്രശ്‌നം
പരിഹരിക്കപ്പെടുമോ?
കുഞ്ഞുങ്ങള്‍ക്ക് മാലാഖമാരുടെ മനസാണെന്ന് പറയാറുണ്ട്. പക്ഷേ, സാഹചര്യങ്ങളും കാഴ്ചകളും അവരുടെ വിശുദ്ധിയെ ചോര്‍ത്തിക്കളയുന്നു. കുട്ടികള്‍ കാണുന്ന ഗെയിമുകളില്‍ നിന്ന് തന്നെ തുടങ്ങണം. നന്മയുടെ കഥകള്‍ക്കുപകരം എതിരാളിയെ വെടിവച്ച് വീഴ്ത്തുന്ന ഗെയിമുകളും കാര്‍ട്ടൂണുകളുമാണ് ഇപ്പോള്‍ അധികവും. കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളാണെങ്കില്‍ ഭയം ജനിപ്പിക്കുന്ന രൂപഭാവങ്ങള്‍ ഉള്ളവയും. എന്നാല്‍, അവയെല്ലാം കണ്ടു കുട്ടികള്‍ കയ്യടിക്കുന്നു. സിനിമകളിലേക്കു വന്നാല്‍ അതിലും ഭയനാകമാണ് കാര്യങ്ങള്‍. ഇവയെല്ലാം കണ്ടുവളരുന്ന കുട്ടികളുടെ മനസ് ക്രൂരമായി പോകുന്നതില്‍ അതിശയിക്കാനില്ല.
നമ്മുടെ അടിസ്ഥാനങ്ങള്‍ ഇളകിത്തുടങ്ങിയിരിക്കുന്നു എന്ന് തിരിച്ചറിയണം. ഇത് ഒരു ദിവസം കൊണ്ടുണ്ടായ മാറ്റമല്ല. പ്രശ്‌നങ്ങളുടെ മൂലകാരണങ്ങളില്‍ നിന്നുതന്നെ പരിഹാര നടപടികള്‍ ആരംഭിക്കണം.

സമൂഹത്തിന്റെ തകര്‍ച്ചയ്ക്ക് തുടക്കംകുറിക്കുന്നത് പുതിയതലമുറയുടെ ദിശാഭ്രംശമെന്ന് പാശ്ചാത്യ ലോകം ഓര്‍മിപ്പിക്കുന്നുണ്ട്. അധ്യാപകരുടെ വടി അവരെ തിരിച്ചേല്‍പ്പിക്കുക എന്ന കമന്റ് ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്നുണ്ട്. അധ്യാപകര്‍ക്ക് കുട്ടികളെ നിയന്ത്രിക്കാനുള്ള അധികാരം ആവശ്യമാണെങ്കിലും അതുകൊണ്ടുമാത്രം പ്രശ്‌നം പരിഹരിക്കപ്പെടില്ല.
കൊടുംകുറ്റവാളികളുടെ മനസുള്ളവരായി നമ്മുടെ കുട്ടികള്‍ മാറുന്നതിന്റെ കാരണം പരിശോധിക്കപ്പെടണം. മറ്റുള്ളവരുടെ വേദനകളെ സ്വന്തം വേദനകളായി കാണാന്‍ കഴിയാത്തവരായി കുട്ടികള്‍ മാറുന്നതിന്റെ കാരണം സ്വാര്‍ത്ഥത അവരെ ഭരിക്കുന്നതാണ്. അതില്‍ കുടുംബങ്ങള്‍ക്കും സമൂഹത്തിനും ഉത്തരവാദിത്വമുണ്ട്. വിദ്യാഭ്യാസ വിദഗ്ധരും ഭരണ-ആത്മീയ നേതൃത്വങ്ങളും ഒരുമിച്ചുകൂടി പ്രശ്‌നത്തിന് പരിഹാരം കാണണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Don’t want to skip an update or a post?