Follow Us On

26

March

2025

Wednesday

മനഃസാക്ഷിക്ക് വയസാകുന്നുണ്ടോ?

മനഃസാക്ഷിക്ക്  വയസാകുന്നുണ്ടോ?

റ്റോം ജോസ് തഴുവംകുന്ന്

ആനുകാലിക സംഭവങ്ങള്‍ നിരീക്ഷിക്കുമ്പോള്‍ നമ്മുടെ കണ്ണുകളില്‍ ഭീതിയും അന്ധാളിപ്പും ദൃശ്യമാകുന്നത് സ്വഭാവികംമാത്രം. ഭയചകിത വാര്‍ത്തകളാല്‍ ചുറ്റിലും ഇരുട്ടു വ്യാപിക്കുന്നതുപോലെ! സൈ്വര്യജീവിതം സാധ്യമാകാത്തവിധമുള്ള ‘പുരോഗതി’യെ എന്തു പറഞ്ഞു വിളിക്കുമെന്നാലോചിക്കണം? ആഘോഷങ്ങള്‍ക്കിടയില്‍പോലും അക്രമങ്ങള്‍ നടക്കുകയാണ്. ‘നാവെടുത്താല്‍ വാളെടുക്കുന്ന’ അഭിനവ മനുഷ്യരായി നാം മാറിയോ? വര്‍ഷങ്ങള്‍ക്ക് വയസാകുമ്പോള്‍ വയസാകാത്ത മനഃസാക്ഷിയുടെ ഉടമകളാകാന്‍ നമുക്കാകുന്നുണ്ടോ എന്നു ചിന്തിക്കണം. പഠിച്ച പാഠങ്ങളില്‍നിന്നും കൂടുതല്‍ നല്ല പാഠങ്ങളിലേക്ക് നമുക്ക് മാറാനാകുന്നുണ്ടോ എന്നത് കലണ്ടര്‍ മാറിയിടുമ്പോള്‍ വിലയിരുത്തണം.

വാട്ട്‌സപ്പ് ഇല്ലാത്ത കാലം

കഷ്ടതയിലും കാരുണ്യമുണ്ടായിരുന്നിടത്തുനിന്നും കരുണയില്ലാത്തവരുടെ നാടായി നമ്മുടെ നാടു മാറുകയാണോ? പഞ്ഞവും പട്ടിണിയും ജീവിതശീലമായിരുന്ന പഴയകാലത്ത് ഒരുമയും പെരുമയുമുണ്ടായിരുന്നു. സൗഹൃദവും സഹവര്‍ത്തിത്വവും സാഹോദര്യത്തിന്റെ സംശുദ്ധമായ അന്തരീക്ഷവും നിലനിന്നിരുന്നു. എവിടെയാണ് നമുക്ക് തെറ്റിയതെന്ന ചിന്ത അനിവാര്യമാകുന്നു. ടെക്‌നോളജിയും നിര്‍മിത ബുദ്ധിയുമൊന്നുമില്ലാതിരുന്ന നാളുകളില്‍ മനുഷ്യര്‍ക്ക് മനുഷ്യത്വത്തില്‍ ‘പാണ്ഡിത്യ’മുണ്ടായിരുന്നു, ദൈവവിചാരവും സജീവമായിരുന്നു. സകലതിലും ദൈവത്തിന്റെ ഇടപെടലിനായി പ്രാര്‍ത്ഥിച്ചിരുന്നു. ചന്ദ്രനില്‍ പോകാനായിട്ടില്ലെങ്കിലും ഭൂമിയില്‍ സമാധാനമുണ്ടായിരുന്നു. തുല്യതയെക്കുറിച്ചൊന്നും വലിയ വിവരമില്ലെങ്കിലും കുടുംബജീവിതം ഭദ്രമായിരുന്നു.

വാട്ട്‌സാപ്പില്ലെങ്കിലും വേണ്ടതെല്ലാം പഴമക്കാര്‍ക്കറിയാമായിരുന്നു. ബന്ധുബലവും സുഹൃദ്‌വലയവും അതിശയിപ്പിക്കുന്നതായിരുന്നു. കഞ്ഞിയും ചമ്മന്തിയും ചേമ്പും ചേനയും കപ്പയും മുളകുമൊക്കെ ഇന്നത്തെ വിദേശവും സ്വദേശവുമായ ‘ഡിഷു’കളെക്കാള്‍ പോഷകസമ്പുഷ്ടവും സംതൃപ്തി നല്‍കുന്നതുമായിരുന്നെന്ന് കാലം സാക്ഷിക്കുന്നുണ്ട്. ഓര്‍മകള്‍ പിന്നോട്ടുപോകുന്നത് മുന്നോട്ടുള്ള സുസ്ഥിരപുരോഗതിക്ക് ആക്കം കൂട്ടുമെന്നറിയണം.

ഒരു തരത്തിലും സ്വസ്ഥതയില്ലാത്ത മനസുകളുടെ ഒരു പടപ്പുറപ്പാട് ചുറ്റിലും ദൃശ്യമാകുന്നു. ക്ഷമയില്ലാത്തവരുടെ എണ്ണം പെരുകുന്നു. മറ്റുള്ളവരെ ശ്രവിക്കാനുള്ള കഴിവ് ഇല്ലാതെപോകുന്നു. ഞാന്‍ മാത്രമുള്ള ആവശ്യങ്ങളുടെ ലോകം വലുതാകുന്നു. മത്സരം നല്ലതാകുമ്പോഴും അതുജയിക്കാന്‍ മാത്രമുള്ളതാകുമ്പോള്‍ വിപത്തുകള്‍ കടന്നുവരും. തോ ല്‍വിയെന്നതും മത്സരത്തിന്റെ ഭാഗമാണെന്നും അപരനും ജയിക്കാന്‍ അവകാശമുണ്ടെന്നും വിജയിയുടെ മുഖംനോക്കാതെ ആശംസ പറയുവാനുമൊക്കെ നമ്മുടെ ഹൃദയം വളരണം.

ഒന്നിച്ചു നീങ്ങുമ്പോഴും മനസ് ഒറ്റയ്ക്ക്

ഇന്നത്തെ തലമുറ ഒന്നിച്ചു നീങ്ങുമ്പോഴും ഒറ്റയ്ക്കാണ് മനസിന്റെ സഞ്ചാരം. ആരും ആരെയും അറിയുന്നില്ല. അതുകൊണ്ടുതന്നെ മനസുതുറക്കാന്‍മാത്രം സൗഹൃദങ്ങളുമില്ല! അഗ്നിപര്‍വതം കണക്കെ മനുഷ്യമനസുകള്‍ ഉരുകിത്തിളക്കുന്നത് നാശം വിതച്ചുകൊണ്ട് പലവിധ ദുരന്തങ്ങളുടെ ‘ലാവ’ പുറത്തേക്കെത്തുമ്പോഴായിരിക്കും പലരും ഞെട്ടുന്നത്. നമ്മുടെ നല്ല സംഭാഷണങ്ങള്‍ ഒക്കെ ഇല്ലാതാകുന്ന കാലമാണ്. യുദ്ധം പൊട്ടിപ്പുറപ്പെടുന്നത് മനസുകളില്‍ നിന്നുതന്നെയെന്ന് അറിയണം.

വീട്ടിലും വിദ്യാലയത്തിലും തൊഴില്‍മേഖലയിലും ഇന്ന് അച്ചടക്കമില്ല. വഴക്കു പറഞ്ഞാല്‍ ജീവിതംതന്നെ ഉപേക്ഷിക്കുന്ന ദുര്‍ബലമാനസരുടെയോ അല്ലെങ്കില്‍ തന്നിഷ്ടക്കാരുടെയോ തലമുറ വളര്‍ന്നു വരുന്നതും ആപത്താണ്. ടെക്‌നോളജിയെക്കാ ള്‍ ചെറുതായി മനുഷ്യരെ കാണുന്ന വികസന വിചാരങ്ങള്‍ മാറണം. മനുഷ്യരുണ്ടെങ്കിലേ എല്ലാമുള്ളൂ. കാരണം ദൈവത്തിന്റെ ‘അംബാസിഡര്‍’മാരാണ് നാമെല്ലാവരും. പാഠങ്ങളില്‍നിന്നും ജീവിതത്തിലേക്ക് നാമെത്തണം. സിലബസിനും കരിക്കുലത്തിനുമപ്പുറം മനുഷ്യരെ മനുഷ്യരായിക്കാണാനുള്ള വിശാലവും വിവേകപൂര്‍ണവുമായ മനസ് രൂപപ്പെടുത്താനാകണം.
ആധുനികതയുടെ ദുരന്തങ്ങള്‍ക്ക് ആക്കം കൂട്ടുന്നതാണ് എല്ലാവിധ ലഹരി ഉപയോഗങ്ങളും. സമ്മര്‍ദങ്ങളുടെ ഇന്നത്തെ ജീവിതത്തില്‍ നുഴഞ്ഞുകയറി യുവതയെ ഇല്ലായ്മ ചെയ്യുന്നതാണ് ലഹരി. ഇതിന്റെ ഉപയോഗത്തിനും ആളും തരവും ഇല്ലെന്നായിരിക്കുന്നു. പണവും ആര്‍ഭാടജീവിതവും അധാര്‍മികതയുടെയും അസാന്മാര്‍ഗികതയുടെയും വഴിയിലുള്ള സഞ്ചാരവും തലമുറയെ ഇല്ലായ്മ ചെയ്യുന്നത് നാം കാണാതെ പോകരുത്. മക്കളുടെ പേരിലുള്ള മുതിര്‍ന്നവരുടെ ‘കണ്‍ട്രോള്‍’ പോയതാണ് എല്ലാത്തിന്റെയും അടിസ്ഥാനം.

ട്രെന്‍ഡിനുപിന്നാെല പായുന്നവര്‍
ട്രെന്‍ഡിനു പിന്നാലെ പായുന്ന സമൂഹമാണിന്ന്. നാട്ടുനടപ്പിനൊപ്പം ഓടുന്ന ഇന്നത്തെ യുവത പക്ഷേ സ്വന്തം നിലപാട് വിസ്മരിക്കുകയാണ്. യുവതയുടെ അഭിരുചികളും നിലപാടുമാണ് നാളെയുടെ പുരോഗതിക്കും സുസ്ഥിതിക്കും അടിസ്ഥാനം. രാഷ്ട്രീയ പോരെടുത്ത് തെരുവില്‍ അര്‍ത്ഥമറിയാതെ പടവെട്ടുന്ന യുവത സ്വന്തം നാടിന്റെതന്നെ ഭാവി ഇരുട്ടിലാക്കുകയാണ്.

സൈ്വരജീവിതവും സുസ്ഥിരമായ സാമൂഹ്യാന്തരീക്ഷവും നിലനിര്‍ത്താന്‍ പാടുപെടേണ്ട യുവത എന്തിനാണ് അസമാധാനത്തിന് ചുക്കാന്‍പിടിക്കുന്നത്? ഇവിടെ ‘വയലന്റ്’ വിദേശത്ത് ‘സൈലന്റ്‌’ അലസതയും പണിമുടക്കും പൂട്ടിക്കലും നമുക്കിവിടെ സാധാരണമാണെങ്കിലും വിദേശത്ത് എത്തുമ്പോള്‍ അച്ചടക്കവും കഠിനാധ്വാനവും ആരെയും ദ്രോഹിക്കാത്ത സത്യസന്ധമായ തൊഴിലും നമുക്ക് ശീലമാകുന്നു. യുവാക്കളേ, നമ്മുടെ നാട് ലോകോത്തരമാണെന്ന് നാമൊഴിച്ച് ലോകം മുഴുവന്‍ തിരിച്ചറിയുമ്പോഴും നമുക്ക് ഇവിടം ‘സ്വര്‍ഗ’മാക്കേണ്ടത് അനിവാര്യമാണെന്ന് തിരിച്ചറിയാനാകാത്തത് കഷ്ടമല്ലേ?
നാംതന്നെയാണ് നമ്മുടെ നാടിനെ ചെറുതാക്കുന്നത്. അന്യനാട്ടില്‍ പോയിയുള്ള തൊഴില്‍കൊണ്ട് ആ രാജ്യങ്ങള്‍ സര്‍വത്ര മേഖലയിലും സ്ഥിരതയും പുരോഗതിയും നേടുന്നത് നാം തിരിച്ചറിയണം.

ഇവിടെ പൊതുമുതല്‍ നാം നശിപ്പിക്കുമ്പോള്‍ വിദേശത്ത് പൊതുമുതല്‍ നശിപ്പിക്കുന്ന പൗരനെ കാണാനാകുന്നുണ്ടോ? പണിമുടക്കും സമരപരമ്പരകളും തെരുവുയുദ്ധങ്ങളും നടത്തുവാന്‍ പ്രവാസിമലയാളിക്ക് കരുത്തുണ്ടാകുമോ? അച്ചടക്കം ശീലമാകുന്നത് നാം വിദേശത്ത് വിയര്‍പ്പൊഴുക്കുമ്പോള്‍ മാത്രമാണോ? യുവാക്കളേ, നിങ്ങള്‍ ഈ നാട് ഇട്ടെറിഞ്ഞ് പോകുമ്പോള്‍ മലയാളക്കര ഇല്ലാതാകുകയാണെന്ന് തിരിച്ചറിയണം. പൂര്‍വീകരുടെ അധ്വാനവും പൂര്‍വസ്വത്തും അമൂല്യമായ കാര്‍ഷികസമ്പത്തും ഇട്ടെറിഞ്ഞ് യാന്ത്രികതയുടെ സമ്പാദ്യക്കാരായി നാളെയുടെ മക്കള്‍ മാറുന്നതിലെ സാംഗത്യം പഠനമുറികളില്‍ ചര്‍ച്ചയാകണം. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന തരത്തില്‍ കൃഷിയും കൃഷിയിടങ്ങളും മാറണം. ഒപ്പം മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് കൃഷിശാസ്ത്രം വളരണം. എന്തുതന്നെയായാലും നമ്മുടെ നാട്ടില്‍ ക്ഷേമവും സമാധാനവും സൈ്വരജീവിതവും ഉണ്ടാകണം.

രാഷ്ട്രീയം പൊതുതാല്‍പര്യത്തിലേക്കു വളരണം. വിദ്യാഭ്യാസകാലം രാഷ്ട്രീയ നിരീക്ഷണങ്ങളും പഠനങ്ങളും ചരിത്ര ഗവേഷണങ്ങളുംകൊണ്ടു നിറയ്ക്കണം. കലാലയജീവിതം രാഷ്ട്രീയകലുഷിതവും വിദ്വേഷപോരാട്ടങ്ങളുടെ ഇടവുമായി മാറ്റരുത്. ജീവിതം കര്‍മനിരതമായി ജീവിച്ചുതീര്‍ക്കുന്നതിലാകണം യുവതയുടെ ലഹരിയത്രയും. എവിടെയും സമാധാനം പുലരണം. നേതാക്കളുടെ ഉപകരണങ്ങളായി യുവത മാറരുത്; നാടിനെക്കുറിച്ച് ആശങ്കയുടെ രാഷ്ട്രീയം പറയാനല്ല ആശ്വാസമുള്ള ആസൂത്രണങ്ങള്‍ ചിട്ടപ്പെടുത്താനാണ് യുവത്വവും അവരുടെ പഠനങ്ങളും പുരോഗമിക്കേണ്ടത്.

നമ്മുടെ ദൃശ്യശ്രാവ്യ വാര്‍ത്താമാധ്യമങ്ങളും സിനിമപോലുള്ള ജനകീയ കലകളും നന്മനിറഞ്ഞ വര്‍ത്തമാനങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. പുകവലി, മദ്യപാനം, ലഹരി ഉപയോഗം, തട്ടിക്കൊണ്ടുപോകലും ക്രൂരകൃത്യങ്ങളും അധോലോക ചിന്തകളും പ്രമേയമാക്കാതെ സല്‍ചിന്തകളും സന്മാര്‍ഗധാരയും അടിസ്ഥാനമാക്കണം. ഭരണാധികാരികള്‍ ദരിദ്രരുടെ പണംകൊണ്ട് പണക്കാരുടെ ആസൂത്രണങ്ങള്‍ നടത്താതെ മുഖ്യധാരാ സൈ്വരജീവിതത്തിനായുള്ള കര്‍മപദ്ധതികള്‍ കാലാനുസൃതമായി ക്രമീകരിക്കണം. നാടുപേക്ഷിക്കുന്ന യുവതയുടെ പ്രവണതയ്ക്ക് പരിഹാരം കാണണം. കേരളം കേരളത്തനിമയോടെ വളരട്ടെ. മലയാളത്തിന്റെ മാധുര്യം ലോകമെങ്ങും എത്തട്ടെ. നാളെയുടെ തലമുറ ഒരുമയില്‍ വളരട്ടെ. അക്രമവും ഉച്ചനീചത്വങ്ങളും മാറ്റി മനുഷ്യരായി വളരുവാനുള്ള സാഹചര്യം നമുക്കുണ്ടാകണം. മനഃസാക്ഷിയും മനഃശാന്തിയും മനുഷ്യത്വവും നമ്മുടെ ലക്ഷ്യമാകട്ടെ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?