റോം: ഒന്നരമാസത്തോളം നീണ്ട ആശുപത്രിവാസത്തിനു ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ വത്തിക്കാനിലെ കാസ സാന്ത മാര്‍ത്ത ഗസ്റ്റ് ഹൗസിലേക്ക് മടങ്ങി. ആശുപത്രിയില്‍ നിന്ന് മടങ്ങിയാലും പാപ്പക്ക് രണ്ട് മാസത്തെ പൂര്‍ണ വിശ്രമം വേണ്ടിവരുമെന്നും ശ്വാസതടസം നീക്കുന്നതിനും ശബ്ദം വീണ്ടെടുക്കുന്നതിനുള്ള ചികിത്സകള്‍ തുടരുമെന്നും ചികിത്സയ്ക്ക് നേതൃത്വം നല്‍കിയ ഡോ. സെര്‍ജിയോ അല്‍ഫിയേരി പറഞ്ഞു.
ആശുപത്രിയില്‍ നിന്ന് മടങ്ങുന്നതിന് മുമ്പായി ചികിത്സയിലായിരുന്ന റോമിലെ ജെമെലി ആശുപത്രിയുടെ അഞ്ചാം നിലയിലെ ജനാലയ്ക്കരികിലെത്തി പാപ്പ പുറത്തു കാത്തുനിന്ന നൂറുകണക്കിന് വിശ്വാസികളെ ആശിര്‍വദിച്ചു. ജനാലയ്ക്കരികിലെത്തിയ പാപ്പയെ വിവ ഇല്‍ പാപ്പ, പാപ്പ ഫ്രാന്‍സെസ്‌കോ വിളികളും കരഘോഷവുമായാണ് താഴെ കാത്ത് നിന്ന ജനങ്ങള്‍ സ്വാഗതം ചെയ്തത്. തന്നെ കാണാന്‍ കാത്തുനിന്ന വിശ്വാസികള്‍ക്കു നേരേ കൈവീശി അഭിവാദ്യം ചെയ്ത മാര്‍പാപ്പ, തുടര്‍ന്ന് എല്ലാവരെയും ആശീര്‍വദിച്ചു.
ഡിസ്ചാര്‍ജ് ചെയ്‌തെങ്കിലും പാപ്പ ശാരീരികമായ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ടെന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ ദൃശ്യങ്ങള്‍. മാര്‍പാപ്പയ്ക്കു സംസാരിക്കാന്‍ ചില ബുദ്ധിമുട്ടുകളുണ്ടാകുമെന്ന് ഡോക്ടര്‍മാര്‍ നേരത്തെ പറഞ്ഞിരുന്നു.
മടക്കയാത്രിയില്‍ സാന്താ മരിയ ബസിലിക്കയിലെത്തി പ്രസിദ്ധമായ സാലുസ് പോപ്പുലി റൊമാനിയ മാതാവിന്റെ ചിത്രത്തിന് മുമ്പില്‍ പാപ്പ പ്രാര്‍ത്ഥിച്ചു. ശ്വാസകോശ അണുബാധയെത്തുടര്‍ന്നു ഫെബ്രുവരി 14നാണ് പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
Leave a Comment
Your email address will not be published. Required fields are marked with *