ജറുസലേം: ജറുസലേമിലെ തിരുക്കല്ലറ ദൈവാലയത്തിന്റെ പുരാതന കല്ലുകള്‍ക്ക് താഴെ, പുരാവസ്തു ഗവേഷകര്‍ തോട്ടത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തി – ഒലിവ് മരങ്ങളും മുന്തിരിവള്ളികളും നിറഞ്ഞ തോട്ടത്തിന്റെ അവശിഷ്ടങ്ങളാണ് പുരാവസ്തുഗവേഷകര്‍ ഇവിടെ കണ്ടെത്തിയതെന്ന് ടൈംസ് ഓഫ് ഇസ്രായേല്‍ റിപ്പോര്‍ട്ട് ചെയ്തു.
യോഹന്നാന്റെ സുവിശേഷത്തിലെ യേശുവിനെ അടക്കം ചെയ്യുന്ന ഭാഗത്തിന്റെ വിവരണത്തെ പുതിയ കണ്ടെത്തല്‍ സാധൂകരിക്കുന്നു.
സുവിശേഷത്തില്‍ ഇങ്ങനെ വായിക്കുന്നു: ‘അവന്‍ ക്രൂശിക്കപ്പെട്ട സ്ഥലത്ത് ഒരു തോട്ടം ഉണ്ടായിരുന്നു. ആ തോട്ടത്തില്‍ അതുവരെ ആരെയും സംസ്‌കരിച്ചിട്ടില്ലാത്ത ഒരു പുതിയ കല്ലറയും ഉണ്ടായിരുന്നു. യഹൂദരുടെ ഒരുക്കത്തിന്റെ ദിനമായിരുന്നതിനാലും കല്ലറ സമീപത്തായിരുന്നതിനാലും അവര്‍ യേശുവിനെ അവിടെ സംസ്‌കരിച്ചു.’ (യോഹന്നാന്‍ 19: 41-42). തിരുക്കല്ലറ ബസിലിക്കയുടെ തറയുടെ കീഴില്‍ നടത്തിയ വലിയ ഒരു ഖനനത്തിനിടെയാണ് ഈ കണ്ടെത്തല്‍. റോമിലെ സാപ്പിയന്‍സ സര്‍വകലാശാല പ്രൊഫസര്‍ ഫ്രാന്‍സെസ്‌ക റൊമാന സ്റ്റാസോള പുരാവസ്തുഖനന സംഘത്തിന് നേതൃത്വം നല്‍കി.
അവിടെ നിന്ന് ലഭിച്ച ആര്‍ക്കിയോ-ബൊട്ടാണിക്കല്‍, പൂമ്പൊടിയുടെ വിശകലനത്തിലൂടെ, ഏകദേശം 2,000 വര്‍ഷം പഴക്കമുള്ള ഒലിവ്, മുന്തിരി കൃഷിയുടെ തെളിവുകളാണ് കണ്ടെത്തിയത്. യേശുവിനെ ക്രൂശിച്ച ഗാഗുല്‍ത്തമലയും സംസ്‌കരിച്ച കല്ലറയും ഓര്‍ത്തഡോക്‌സ്, കാത്തലിക്, അര്‍മേനിയന്‍ സമൂഹങ്ങളുടെ മേല്‍നോട്ടത്തിലാണ് ഇന്നുള്ളത്. കോണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയുടെ അമ്മ വിശുദ്ധ ഹെലേനയാണ് നാലാം നൂറ്റാണ്ടില്‍ ഈ സ്ഥലം തിരിച്ചറിഞ്ഞ് ഇവിടെ ദൈവാലയം നിര്‍മിച്ചത്.
തോട്ടത്തിന്റെ പഴക്കം കണ്ടെത്താന്‍ റേഡിയോകാര്‍ബണ്‍ പരിശോധന ഇപ്പോഴും ശേഷിക്കുന്നുണ്ടെങ്കിലും, വിശുദ്ധവാരത്തിന് ഒരുങ്ങുന്ന ഈ ഘട്ടത്തില്‍ യേശുവിന്റെ രക്ഷാകര രഹസ്യങ്ങളിലുള്ള വിശ്വാസം അരക്കിട്ടുറപ്പിക്കുവാന്‍ ഈ കണ്ടെത്തലുകള്‍ സഹായകമാകും.
Leave a Comment
Your email address will not be published. Required fields are marked with *