ന്യൂഡല്‍ഹി: വഖഫ് നിയമഭേദഗതി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കുമ്പോള്‍ എല്ലാ എംപിമാരും നിഷ്പക്ഷമായ സമീപനം സ്വീകരിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാന്‍ സമിതി (സിബിസിഐ). കേരള എംപിമാര്‍ ബില്ലിനെ പിന്തുണയ്ക്കണമെന്ന കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ (കെസിബിസി) ആഹ്വാനത്തിന് പിന്നാലെയാണ് വാര്‍ത്താക്കുറിപ്പിലൂടെ സിബിസിഐയും നിലപാട് വ്യക്തമാക്കിയത്.
മുനമ്പം ഉള്‍പ്പെടെയുള്ള ഭൂമിപ്രശ്‌നങ്ങള്‍ക്ക് വഖഫ് നിയമഭേദഗതിയിലൂടെ ശാശ്വതപരിഹാരം കണ്ടെത്തണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകള്‍ ഭരണഘടനയ്ക്കും രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങള്‍ക്കും എതിരാണ്. മുനമ്പം പ്രദേശത്തെ അറുനൂറിലധികം കുടുംബങ്ങളുടെ ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിക്കാന്‍ വഖഫ് നിയമത്തിലെ വ്യവസ്ഥകള്‍, വഖഫ് ബോര്‍ഡ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നു വര്‍ഷമായി ഈ വിഷയം സങ്കീര്ണമായിക്കൊണ്ടിരിക്കുകയാ ണെന്നും പത്രക്കുറിപ്പില്‍ ചൂണ്ടിക്കാട്ടി. നിയമഭേദഗതി കൊണ്ടു മാത്രമേ വിഷയത്തിന് പരിഹാരമുണ്ടാക്കാന്‍ സാധിക്കൂ എന്നും മെത്രാന്‍സമിതി വ്യക്തമാക്കി. ഇക്കാര്യം ജനപ്രതിനിധികള്‍ അംഗീകരിക്കണം. മുനമ്പം ജനങ്ങളുടെ ഭൂമി ഉടമസ്ഥാവകാശം നിയമാനുസൃതമായി പൂര്‍ണമായും വീണ്ടെടുക്കണം.
ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകള്‍ ഭേദഗതി ചെയ്യപ്പെടേണ്ടതാണ്. അതേസമയം ഭരണഘടന ഉറപ്പുനല്‍കുന്ന മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നും സിബിസിഐ പ്രസ്താവനയില്‍ വ്യക്തമാക്കി.
Leave a Comment
Your email address will not be published. Required fields are marked with *