Follow Us On

03

April

2025

Thursday

‘കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കണം’

‘കുടിയേറ്റക്കാരുടെ  പ്രശ്‌നങ്ങള്‍ അനുഭാവ പൂര്‍വം പരിഗണിക്കണം’

ബംഗളൂരു: ഫോര്‍മേഷന്‍ സെന്ററുകളും സെമിനാരികളും കുടിയേറ്റക്കാരുടെയും പലായനം ചെയ്യുന്നവരുടെയും കഷ്ടപ്പാടുകള്‍ മനസിലാക്കി അവരെ പരിഗണിക്കുകയും അവര്‍ക്ക് വേണ്ടി ഇടപെടലുകള്‍ നടത്തുകയും ചെയ്യണമെന്ന് രായ്പൂര്‍ ആര്‍ച്ചുബിഷപ് വിക്ടര്‍ ഹെന്റി താക്കൂര്‍. ബംഗളൂരുവില്‍ നടന്ന ത്രിദിന ശില്പശാലയില്‍ സംസാരിക്കുകയായിരുന്നു സിസിബിഐയുടെ കുടിയേറ്റക്കാര്‍ക്കായുളള കമ്മീഷന്‍ ചെയര്‍മാനായ ആര്‍ച്ചുബിഷപ്. സിസിബിഐയുടെ കീഴിലുള്ള രണ്ട് കമ്മീഷനുകളായ കമ്മീഷന്‍ ഫോര്‍ മൈഗ്രന്റ്‌സ്, കമ്മീഷന്‍ ഫോര്‍ വൊക്കേഷന്‍, സെമിനാരീസ്, ക്ലെര്‍ജി ആന്റ് റിലീജിയസ് എന്നിവ സംയുക്തമായിട്ടാണ് ശില്പശാല നടത്തിയത്.

സഭയുടെ മിഷന്റെ കേന്ദ്രബിന്ദു പാവപ്പെട്ടവരാണെന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കാഴ്ചപ്പാട് അദ്ദേഹം ഉദ്ധരിച്ചു. കുടിയേറ്റക്കാര്‍ നമ്മുടെ പടിവാതില്‍ എത്തിയ ഈശോയാണ് എന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പ ഓര്‍മിപ്പിക്കുന്നത്. പാവപ്പെട്ടവരോടും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരോടുമൊത്തുള്ള ജീവിതം വൈദികരുടെയും സന്യസ്തരുടെയും പരിശീലനത്തിന്റെ ഭാഗമായിമാറണമെന്നും ആര്‍ച്ചുബിഷപ് പറഞ്ഞു. സന്യാസസമൂഹങ്ങളുടെയും സമൂഹത്തിന്റെയും എന്‍ജിഒ കളുടെയും കൂട്ടായ പ്രവര്‍ത്തനം കുടിയേറ്റക്കാരെ സഹായിക്കാനാവശ്യമാണ്.

ഇടവകതലത്തിലും രൂപതാതലത്തിലും ബോധവത്കരണം നടത്തുക, കുടിയേറ്റക്കാര്‍ക്കായുളള മൈഗ്രന്റ്‌സ് മിനിസ്ട്രിക്കായി വൈദികരെ നിയമിക്കുക, സെമിനാരി പരിശീലനപ്രോഗ്രാമുകളില്‍ കുടിയേറ്റക്കാരുടെ പ്രശ്‌നങ്ങളെ ഉള്‍പ്പെടുത്തുക,കുടിയേറ്റക്കാര്‍ക്കായി ഹെല്‍പ് ലൈന്‍ സ്ഥാപിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു. കുടിയേറ്റക്കാരോടുള്ള സഭയുടെ കാഴ്ചപ്പാടിലും മനോഭാവത്തിലും മാറ്റം വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അജപാലന ദൗത്യങ്ങള്‍ക്ക് നിയതവും ഫലപ്രദവുമായ ഒരു രൂപം നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് ഇത്തരം പരിപാടികള്‍ ഒരുക്കുന്നതെന്ന് സിസിബിഐ ഡെപ്യൂട്ടി സെക്രട്ടറി റവ.ഡോ. സ്റ്റീഫന്‍ ആലത്തറ പറഞ്ഞു. ബംഗളൂരു അതിരൂപതയുടെ പാസ്റ്ററല്‍ സെന്ററായ പാലന ഭവനിലായിരുന്നു പ്രോഗ്രാം. 35 റീജിയണല്‍ സെക്രട്ടറിമാരും പങ്കെടുത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?