വത്തിക്കാന്‍ സിറ്റി: മാറ്റത്തിന് നമുക്ക് കഴിവില്ലെന്ന് തോന്നുമ്പോഴും ഒരിക്കലും പ്രതീക്ഷ കൈവിടരുതെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. പൊതുദര്‍ശന പരിപാടിയോടനുബന്ധിച്ച് നല്‍കി വരുന്ന പ്രഭാഷണത്തിലാണ് പാപ്പ ഇപ്രകാരം പറഞ്ഞത്. കാസ സാന്താ മാര്‍ത്ത ഗസ്റ്റ് ഹൗസില്‍ വിശ്രമം തുടരുന്ന പാപ്പയുടെ സന്ദേശം വത്തിക്കാന്‍ പ്രസ് ഓഫീസാണ് പ്രസിദ്ധീകരിച്ചത്.
യേശുവിന്റെ ജീവിതത്തിലെ കണ്ടുമുട്ടലുകളെ കേന്ദ്രീകരിച്ച് നടത്തുന്ന പ്രഭാഷണപരമ്പരയില്‍ യേശുവും സക്കേവൂസുമായുള്ള കണ്ടുമുട്ടലാണ് പാപ്പ വിചിന്തനം ചെയ്തത്. സക്കേവൂസ്, ഒരര്‍ത്ഥത്തില്‍ വഴി തെറ്റിപ്പോയതായി മാര്‍പ്പാപ്പ പറഞ്ഞു. ഒരുപക്ഷേ അദ്ദേഹം തെറ്റായ തിരഞ്ഞെടുപ്പുകള്‍ നടത്തിയിരിക്കാം, അല്ലെങ്കില്‍ ജീവിതസാഹചര്യങ്ങളാകാം ഈ നിലയില്‍ എത്തിച്ചത്. മറ്റുള്ളവരെ ചൂഷണം ചെയ്ത് സമ്പത്ത് നേടുന്ന വ്യക്തിയായാണ് സക്കേവൂസിനെ സുവിശേഷത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിലാണ് യേശു നഗരത്തിലൂടെ കടന്നുപോകുന്നുവെന്ന് സക്കേവൂസ് കേള്‍ക്കുന്നത്. ഇത് കേട്ടപ്പോള്‍ സക്കേവൂസിന്റ ഉള്ളില്‍ യേശുവിനെ കാണാനുള്ള ആഗ്രഹം ഉടെലെടുത്തു. തനിക്ക് പരിമിതികളുണ്ടെന്ന് അറിയാമായിരുന്നെങ്കിലും അദ്ദേഹം തളര്‍ന്നില്ല. കാരണം അദ്ദേഹത്തിന്റെ ആഗ്രഹം ശക്തമായിരുന്നു.
ഒരു കുട്ടിയുടെ ലാളിത്യത്തോടെ പ്രതിച്ഛായയെക്കുറിച്ച് അധികം ആകുലപ്പെടാതിരിക്കുകയും സാമൂഹിക കീഴ്‌വഴക്കങ്ങളെ അവഗണിക്കാനുള്ള ധൈര്യവും സന്നദ്ധതയും പ്രകടിപ്പിക്കുകയും ചെയ്താല്‍ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കണ്ടെത്താന്‍ സാധിക്കുമെന്ന് പാപ്പ പറഞ്ഞു.
സക്കേവൂസ് ചെയ്തതും അതു തന്നെയായിരുന്നു; ഒരു കുട്ടിയെപ്പോലെ, അവന്‍ യേശുവിനെ കാണുന്നതിനായി ഒരു മരത്തില്‍ കയറി. യേശു, സ്ഥലത്തെത്തിയപ്പോള്‍, മുകളിലേക്ക് നോക്കി. ഒരുപക്ഷേ യേശു തന്നെ ശകാരിക്കുമെന്നാണ് സക്കേവൂസ് ഭയപ്പെട്ടിരുന്നത്. ആള്‍ക്കൂട്ടവും അഅത് പ്രതീക്ഷിച്ചിരിക്കാം എന്നാല്‍ മരത്തില്‍ തന്നെ കാത്തിരുന്ന സക്കേവൂസിനോട് താഴേക്ക് ഇറങ്ങിവരുവാനും, ഇന്ന് അദ്ദേഹത്തിന്റെ വീട്ടില്‍ താമസിക്കണമെന്നുമാണ് യേശു പറയുന്നുത്.
സക്കേവൂസ് ദൈവത്തെ കാണണമെന്ന് ആഗ്രഹിക്കുക മാത്രമല്ല, അതിന് വേണ്ട വ്യക്തമായ നടപടികള്‍ കൈക്കൊള്ളുകയും ചെയ്തുു. സ്വന്തം ചരിത്രത്തില്‍ നിന്നാണ് അദ്ദേഹം ആരംഭിച്ചത്. തന്റെ ജീവിതം പരിശോധിച്ച് മാറ്റം ആരംഭിക്കേണ്ട ഇടം അദ്ദേഹം കണ്ടെത്തി. നാം മാറിനില്‍ക്കുകയോ മാറ്റത്തിന് കഴിവില്ലെന്ന് തോന്നുകയോ ചെയ്യുമ്പോള്‍ പോലും, പ്രത്യാശ നഷ്ടപ്പെടാതിരിക്കാന്‍ സക്കേവൂസിനെ മാതൃകയാക്കുവാന്‍ മാര്‍പ്പാപ്പ ഉദ്‌ബോധിപ്പിച്ചു.
നഷ്ടപ്പെട്ടവരെ തേടാതെ ദൈവത്തിന് കടന്നുപോകാന്‍ കഴിയില്ല. യേശുവിന്റെ നോട്ടം നിന്ദയുടെ ഒന്നല്ല, കരുണയുടേതാണ്. പലപ്പോഴും ഈ കാരുണ്യം സ്വീകരിക്കാന്‍ നമ്മള്‍ പാടുപെടുന്നു. ദൈവം ക്ഷമിക്കുമ്പോള്‍ അതിന് അര്‍ഹരല്ലെന്ന് നാം ചിന്തിക്കുന്നു. യേശുവിനെ കാണാനുള്ള ആഗ്രഹം പരിപോഷിപ്പിക്കാന്‍ എല്ലാ വിശ്വാസികളെയും പാപ്പ ക്ഷണിച്ചു. എപ്പോഴൊക്കെ വഴിതെറ്റിപ്പോയാലും നമ്മെ തേടിയെത്തുന്ന ദൈവത്തിന്റെ കരുണക്ക് നമ്മെ കണ്ടത്താനുള്ള സാഹചര്യം ഒരുക്കണമെന്നും പാപ്പ പറഞ്ഞു.
Leave a Comment
Your email address will not be published. Required fields are marked with *