ബെയ്ജിംഗ്: ചൈനീസ് ഗവണ്‍മെന്റിന്റെ ക്ഷണമില്ലാതെ ചൈനയില്‍ മതപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ നിന്ന് വിദേശികളെ വിലക്കി ചൈന. ഇത് രാജ്യത്തെ വിദേശ മിഷന്‍ പ്രവര്‍ത്തനങ്ങളെ ഗുരുതരമായി പരിമിതപ്പെടുത്തും. മെയ് 1 മുതല്‍ പ്രാബല്യത്തില്‍ വരുന്ന നിയന്ത്രണങ്ങള്‍ അനുസരിച്ച്, ‘ചൈനയില്‍ വിദേശികള്‍ സംഘടിപ്പിക്കുന്ന മതപരമായ പ്രവര്‍ത്തനങ്ങള്‍ വിദേശ പങ്കാളികള്‍ക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു.’
എല്ലാ മതവിശ്വാസികള്‍ക്കും ഈ നിയന്ത്രണങ്ങള്‍ ബാധകമാണ്. രാജ്യത്ത് താമസിക്കുന്ന ചൈനീസ് ഇതര പൗരന്മാര്‍ മതസംഘടനകള്‍ സ്ഥാപിക്കുന്നതും, അംഗീകാരമില്ലാതെ പ്രസംഗിക്കുന്നതും, മതപാഠശാലകള്‍ സ്ഥാപിക്കുന്നതും, മതഗ്രന്ഥങ്ങള്‍ നിര്‍മിക്കുകയോ വില്‍ക്കുകയോ ചെയ്യുന്നതും, മതപരമായ സംഭാവനകള്‍ സ്വീകരിക്കുന്നതും, മതാനുയായികളായി ചൈനീസ് പൗരന്മാരെ സ്വീകരിക്കുന്നതും കര്‍ശനമായി വിലക്കുന്നു.
യുണൈറ്റഡ് ഫ്രണ്ട് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റിന്റെ ഒരു ശാഖയായ നാഷണല്‍ റിലീജിയസ് അഫയേഴ്സ് അഡ്മിനിസ്ട്രേഷനാണ് രാജ്യത്ത് മതപരമായ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നതിന് വിദേശ പൗരന്മാര്‍ക്ക്് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഉത്തരവ് പ്രസിദ്ധീകരിച്ചത്. ‘പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈനയിലെ വിദേശികളുടെ മതപരമായ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകള്‍ നടപ്പിലാക്കുന്നതിനുള്ള നിയമങ്ങള്‍’ എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച ഉത്തരവ്, ഗവണ്‍മെന്റ് അംഗീകൃത ദൈവാലയങ്ങളിലെ ശുശ്രൂഷകള്‍ക്ക് ചൈനീസ് വൈദികര്‍ മാത്രമേ നേതൃത്വം നല്‍കാവൂ എന്ന് വ്യവസ്ഥ ചെയ്യുന്നു.
ചൈനീസ് സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ മതസംഘടനകളിലൊന്ന് ക്ഷണിക്കുകയും യുണൈറ്റഡ് ഫ്രണ്ടിന്റെ മതകാര്യ ഭരണകൂടത്തിന്റെ അംഗീകാരം ലഭിക്കുകയും ചെയ്താല്‍ മാത്രമേ ചൈനയില്‍ പ്രവേശിക്കുന്ന വിദേശ മത പുരോഹിതര്‍ക്ക് പസംഗിക്കാന്‍ പാടുള്ളൂവെന്ന് ഉത്തരവില്‍ പറയുന്നു.
പ്രസംഗത്തിന്റെ ഉള്ളടക്കം ‘ചൈനയുടെ മതപരമായ കാര്യങ്ങളില്‍ ഇടപെടുന്നില്ല’ എന്ന അംഗീകാരവും നേടിയിരിക്കണം. ചൈനീസ് പാട്രിയോട്ടിക് കാത്തലിക് അസോസിയേഷന്‍ ഉള്‍പ്പെടെയുള്ള അംഗീകൃത മതഗ്രൂപ്പുകളോട് ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി തത്വങ്ങള്‍ അവരുടെ പ്രഭാഷണങ്ങളില്‍ സമന്വയിപ്പിക്കാന്‍ മതഗ്രൂപ്പുകളുടെ ദേശീയ സംയുക്ത സമ്മേളനം നിര്‍ദേശിച്ചതിന് ശേഷമാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.
Leave a Comment
Your email address will not be published. Required fields are marked with *