Follow Us On

11

April

2025

Friday

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍ കുടുംബങ്ങള്‍ക്കായി ക്വിസ് മത്സരം

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയില്‍  കുടുംബങ്ങള്‍ക്കായി ക്വിസ് മത്സരം
ഷൈമോന്‍ തോട്ടുങ്കല്‍
ബര്‍മിംഗ് ഹാം: ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ രണ്ടാം പഞ്ചവത്സര അജപാലന പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആചരിക്കുന്ന ആധ്യാത്മികത വര്‍ഷാചരണത്തോടനുബന്ധിച്ച്  കുടുംബങ്ങള്‍ക്കായി  നടത്തുന്ന ആധ്യാത്മികത വര്‍ഷ കുടുംബ  ക്വിസ് മത്സരങ്ങളില്‍ യൂണിറ്റുതല മത്സരങ്ങള്‍ക്കായുള്ള നൂറ്  ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചു.
രൂപതയുടെ വെബ്സൈറ്റിലും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകളിലും ഔദ്യോഗിക ന്യൂസ് ബുള്ളറ്റിനായ ദനഹായിലും  ചോദ്യങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഇടവക/മിഷന്‍ /പ്രൊപ്പോസഡ് മിഷന്‍ തലങ്ങളില്‍ ആയിരിക്കും ആദ്യ ഘട്ട മത്സരങ്ങള്‍ നടക്കുന്നത്. ഇതില്‍ യോഗ്യത നേടുന്നവര്‍ക്ക്, തുടര്‍ന്ന്  ഓണ്‍ലൈന്‍ ആയി നടക്കുന്ന  റീജിയണല്‍തല മത്സരത്തിലും   അതെതുടര്‍ന്ന് രൂപതാതലത്തില്‍ ഫൈനല്‍ മത്സരവും നടക്കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത് .
രൂപതയുടെ പ്രതിവാര ന്യൂസ് ബുള്ളറ്റിനായ   ദനഹായിലും സോഷ്യല്‍ മീഡിയ പേജുകളിലും ഇപ്പോള്‍ പ്രസിദ്ധീകരിച്ചു കൊണ്ടിരിക്കുന്ന ചോദ്യങ്ങളെ ആസ്പദമാക്കിയാണ്  ഇടവക, റീജിയണല്‍ തലങ്ങളില്‍ നടക്കുന്ന മത്സരങ്ങള്‍ക്കുള്ള ചോദ്യങ്ങള്‍ തയ്യാറാക്കുക. ഇതുവരെ പ്രസിദ്ധീകരിച്ച ചോദ്യങ്ങള്‍ രൂപതയുടെ വെബ്സൈറ്റിലും  ലഭ്യമാക്കിയിട്ടുണ്ട്.
50 ആഴ്ചകളില്‍ ദനഹായില്‍ പ്രസിദ്ധീകരിക്കുന്ന എല്ലാ ആരാധന ക്രമ ചോദ്യങ്ങളും (1001  ചോദ്യങ്ങള്‍) പരിശുദ്ധന്‍, പരിശുദ്ധര്‍ക്ക് എന്ന രൂപതയുടെ പഞ്ചവത്സര അജപാലന പദ്ധതിരേഖയില്‍ നിന്നുള്ള ചോദ്യങ്ങളും അടിസ്ഥാനമാക്കിയായിരിക്കും  രൂപതാതല മത്സരം.
രൂപതാതല മത്സരത്തില്‍  ഒന്നാം സ്ഥാനം നേടുന്ന ടീമിന്  3000 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, രണ്ടാം സ്ഥാനം  ലഭിക്കുന്ന ടീമിന് 2000  പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും , മൂന്നാം സ്ഥാനം നേടുന്ന ടീമിന് 1000  പൗണ്ട് ക്യാഷ് പ്രൈസും  ട്രോഫിയും, നാലാം സമ്മാനം ലഭിക്കുന്ന ടീമിന് 250 പൗണ്ട് ക്യാഷ് പ്രൈസും ട്രോഫിയും, അഞ്ചാം സമ്മാനം ലഭിക്കുന്ന ടീമിന് 150 പൗണ്ടും ട്രോഫിയും ആറാം സമ്മാനം ലഭിക്കുന്ന ടീമിന് 100 പൗണ്ടും ട്രോഫിയും നല്‍കും.
 ആദ്ധ്യാത്മികത വര്‍ഷത്തില്‍ വിശ്വാസികള്‍  സീറോ മലബാര്‍  സഭയുടെ പൗരസ്ത്യ ആധ്യാത്മികതയെക്കുറിച്ച് കൂടുതല്‍ ആഴത്തില്‍ പഠിക്കുവാനും, തലമുറകളിലൂടെ കൈമാറിക്കിട്ടിയ വിശ്വാസം ശക്തിപ്പെടുത്തുന്നതിനുമാണ് കുടുംബ ക്വിസ് ലക്ഷ്യമിടുന്നതെന്ന് രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പറഞ്ഞു.
എല്ലാ  ഇടവക/ മിഷന്‍/ പ്രൊപ്പോസഡ്  മിഷനുകളിലും ക്വിസ് മത്സരത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി വരുന്നതായി രൂപതാ  പിആര്‍ഒ റവ. ഡോ. ടോം ഓലിക്കരോട്ട് , പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി റോമില്‍സ് മാത്യു  എന്നിവര്‍ അറിയിച്ചു.
Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Don’t want to skip an update or a post?