ഡി. ദേവപ്രസാദ്
ലോകത്തിലെ ആദ്യത്തെ കത്തോലിക്ക ദിനപത്രമായ ദീപിക രക്ഷപ്പെടണമെങ്കില്‍ മൂന്നു കാര്യത്തില്‍ നാം നിര്‍ബന്ധം പിടിക്കണം. പ്രാര്‍ത്ഥന പ്രവൃത്തി, പ്രത്യാശ. മൂന്നില്‍ ഒന്നുകൊണ്ടു മാത്രം നാം രക്ഷപ്പെടില്ല. സാമ്പത്തിക പ്രതിസന്ധി മൂലം ആടിയുലഞ്ഞുകൊണ്ടിരുന്ന ദീപികയെ രക്ഷിക്കുവാന്‍ ദീപികയുടെ അധികാരികള്‍ കൊണ്ടുവന്ന മാനേജേമെന്റ് വിദഗ്ധനായ ഡോ. പി.കെ അബ്രാഹം തുറന്നുപറഞ്ഞു. ജീവനക്കാരോട് നടത്തുന്ന മിക്കവാറും പ്രസംഗങ്ങളിലെല്ലാം അദ്ദേഹം ഈ മൂന്ന് പ്രയുടെ കാര്യം ഓര്‍മിപ്പിച്ചിരുന്നു.
ടീം വര്‍ക്ക്
1887 ല്‍ ആരംഭിച്ച ദീപികയുടെ ഓരോ ദിവസത്തെയും പ്രവര്‍ത്തനങ്ങള്‍ പ്രാര്‍ത്ഥനയോടെ ആരംഭിക്കണം എന്ന് കല്പിച്ച ആദ്യത്തെ സാരഥിയും അദ്ദേഹമാണ്. സിഎംഐ വൈദികര്‍ നടത്തിയിരുന്ന ദീപിക പ്രസ്ഥാനം രാഷ്ട്ര ദീപിക കമ്പനിയായതോടെ എല്ലാ മാസവും ഒന്നാം തിയതി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടുന്ന രീതി ദീപികയില്‍ ഇല്ലാതായി. 1992 ഫെബ്രൂവരി ഒന്നിന് എം.ഡിയായി ചുമതല ഏറ്റ അദ്ദേഹം പ്രഖ്യാപിച്ചു. അടുത്ത മാസം മുതല്‍ നിങ്ങള്‍ക്ക് ഒന്നാം തിയതി തന്നെ ശമ്പളം കിട്ടും. ഞാന്‍ തരുകയല്ല നിങ്ങള്‍ അതുണ്ടാക്കും. അദ്ദേഹം പടിയിറങ്ങുന്നതുവരെ ആ വാക്ക് അദ്ദേഹം പാലിക്കുകയും ചെയ്തു.
തനിക്കു തന്നെ ദീപികയെ രക്ഷിക്കനാവില്ലെന്ന് അദ്ദേഹം ഉറച്ച് വിശ്വസിച്ചു. അതിനായി ഒപ്പം നില്‍ക്കുന്ന ഒരു ടീമിനെ അദ്ദേഹം വളര്‍ത്തിയെടുത്തു. അവര്‍ക്ക് ഉറച്ച് ബോധ്യങ്ങള്‍ കൊടുക്കുവാന്‍ ശ്രമിച്ചു. ഫലപ്രദമായി ജിവതത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞിരുന്നു. അത് അവന് തന്നെ പ്രയോജനകരമാകണം. അവന്റെ പ്രിയപ്പെട്ടവര്‍ക്ക് പ്രയോജനകരമാകണം. മറ്റുള്ള വര്‍ക്ക് പ്രയോജനകരമാകണം. ചിലരുണ്ട് സമുഹത്തിനും വീട്ടുകാര്‍ക്കും എല്ലാം വളരെ ഉപകാരം ചെയ്യുന്നവരാണ്. അവര്‍ വ്യക്തിപരമായി ഒരു പ്രയോജനവും ഇല്ലാത്തവരാകും. സ്വന്തമായി ഒന്നും നേടില്ല. ചിലര്‍ സ്വന്തം കാര്യം മാത്രം നോ ക്കും. മറ്റാര്‍ക്കും ഒരു ഉപകാരവും ആ ജിവിതം കൊണ്ട് ഉണ്ടാവില്ല. വേണ്ടത് അതല്ല തനിക്കും തന്റെ പ്രിയപ്പെട്ടവര്‍ക്കും ചുറ്റിലുമുള്ളവര്‍ക്കും പ്രയോ ജനകരമായ ജീവിതമാണ്.
മോശയുടെ അമ്മായി അപ്പന്‍ ജത്രോ അദ്ദേഹത്തിന്റെ പ്രിയ കഥാപാത്രമായിരുന്നു. പഴയ നിയമത്തിലെ മോശയെക്കൊണ്ട് ഉത്തരവാദിത്വങ്ങള്‍ പങ്കിട്ടുകൊടുപ്പിച്ച ജത്രോ എക്കാലത്തെയും വലിയ മാനേജുമെന്റ് ഗുരുവാണെന്ന് അദ്ദേഹം പഠിപ്പിച്ചു.

ദീപികയെ സ്‌നേഹിക്കുന്നവര്‍
പത്രാധിപന്മാര്‍ മാത്രമല്ല പത്രവ്യവസായം എന്ന ചിന്ത അദ്ദേഹം ജീവിനക്കാര്‍ക്കിടയില്‍ പ്രസരിപ്പിച്ചു. ഉത്പന്നത്തിന്റെ ഗുണനിലവാരം പോലെ തന്നെ വില്‍ക്കുന്നവരുടെ വൈഭവും ചേര്‍ന്നാലെ വിപണിയില്‍ പ്രസക്തമാകാനാവൂ എന്ന് അദ്ദേഹം പഠിപ്പിച്ചു. സര്‍ക്കുലേഷന്‍ വിഭാഗത്തെ കുറ്റം പറഞ്ഞ് രക്ഷപ്പെടാന്‍ നോക്കുന്ന പത്രാധിപ ന്മാര്‍ക്കും പത്രാധിപന്മാരെ കുറ്റം പറഞ്ഞു തടിതപ്പാന്‍ നോക്കുന്ന മാര്‍ക്കറ്റിംഗ് വിഭാഗത്തിനും അദ്ദേഹം പേടി സ്വപ്നമായി. അവര്‍ പറയുന്നതെല്ലാം കണ്ണടച്ചു വിശ്വസിക്കുന്നവനായിരുന്നില്ല എം.ഡി.
കണ്ണൂരിലും കൊച്ചിയിലും അദ്ദേഹം ദീപികയക്ക് സ്വന്തമായി ഓഫിസും പ്രസും ആരംഭിച്ചു. തിരുവന്തപുരത്തും കൊല്ലത്തും ഓഫിസ് നിര്‍മ്മാണനത്തിന് സ്ഥലം വാങ്ങി. ദീപികയെ ഒന്നാമത്തെ പത്രമാക്കണമെന്ന് ആഗ്രഹിച്ച അദ്ദേഹം അതിനായി ജീവനക്കാര്‍ ദീപികയെ ഒന്നാമത്തെ പത്രമായി കണക്കാക്കണം എന്ന് ശഠിച്ചു.
ഒരു ദിവസം ദീപികയിലെ എല്ലാ ജീവനക്കാരുടെയും സമ്മേളനത്തില്‍ അദ്ദേഹം ഒരു ചോദ്യം ചോദിച്ചു. നിങ്ങള്‍ ഒരു ഹോട്ടലിന്റെ റിസപ്ഷനില്‍ ഇരിക്കുന്നു. എല്ലാ മലയാള പത്രങ്ങളും അവിടെ കിടിക്കുന്നു. നിങ്ങള്‍ ആദ്യം ഏതു പത്രം വായിക്കാനെടുക്കും. ദീപിക എന്ന് പറഞ്ഞവരെ അദ്ദേഹം നിറഞ്ഞ മനസോടെ പ്രശംസിച്ചു. നിങ്ങളാണ് യഥാര്‍ത്ഥ ത്തില്‍ ദീപികയെ സ്‌നേഹിക്കുന്നവര്‍ അദ്ദേഹം പറഞ്ഞു. ദീപികയില്‍ പാഴാക്കി കളയുന്ന വിഭവശേഷികള്‍ അദ്ദേഹം പെട്ടെന്ന് കണ്ടെത്തി അവ പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പരിപാടികള്‍ ആവിഷ്‌ക്കരിച്ചു.
ഉദ്ഘാടനങ്ങളുടെ കാലഘട്ടം
ദീപികയും കുട്ടികളുടെ ദീപികയും മാത്രമായി പ്രവര്‍ത്തിച്ചിരുന്ന ദീപിക കുടംബത്തെ അദ്ദേഹം വലിയ രിതിയില്‍ വിപുലമാക്കി. ആദ്യം തുടങ്ങിയത് രാഷ്ട്ര ദീപിക സായാഹ്ന പത്രമായിരുന്നു. പ്രഭാത ദിനപ്പത്രം അച്ചടിച്ച ശേഷം വെറുതെ കിടക്കുന്ന പ്രസുകള്‍ പകലും ഉപയോഗിക്കുന്നതിനായിട്ടു കൂടിയാണ് അദ്ദേഹം സായാഹ്ന പത്രത്തെക്കുറിച്ച് ആലോചിച്ചത്. ചുമതലയേറ്റ് രണ്ടു മാസത്തിനകെ തൃശൂരില്‍ നിന്നും രാഷ്ട്ര ദീപിക സായാഹ്ന പത്രം ആരംഭിച്ചു.
സായഹ്ന പത്രത്തെ തുടര്‍ന്ന് കര്‍ഷകന്‍, സ്ത്രീധനം, ബിസിനസ് ദിപിക, കരിയര്‍ ദീപിക, ബിസിനസ് ദിപിക ഇന്റര്‍ നാഷണല്‍, രാഷ്ട്ര ദിപിക സിനിമ, കായിക ലോകം തുടങ്ങിയ പ്രസിദ്ധീകരണങ്ങളും അദ്ദേഹം ആരംഭിച്ചു. ചില്‍ഡ്രന്‍സ് ഡൈജസറ്റ് എന്ന ഇംഗ്ലിഷ് പ്രസിദ്ധികരണത്തിനുള്ള പ്രാരംഭ ജോലികളും ആരംഭിച്ചു. ജോജോ വള്ളിയില്‍ എന്ന യുവ പത്രധിപരുടെ നിര്‍ദേശമായിരുന്നു അത്. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഡൈജസ്റ്റ് പ്രസിദ്ധീ കരണം ആരംഭിച്ചത് ജെയിംസ് കെ. ജോസഫിന്റെ കാലത്താണ്.

നിലവിലുള്ള ജീവനക്കാരെ വിന്യസിപ്പിച്ചു കൊണ്ടായിരുന്നു ഓരോ പുതിയ പ്രസിദ്ധീക രണവും തുടങ്ങിയത്. ബിസിനസ് ദീപിക 1992 ഒക്‌ടോബര്‍ 29 ന് രാഷ്ട്രപതി ശങ്കര്‍ ദയാല്‍ ശര്‍മ്മയാണ് ഉദ്ഘാടനം ചെയ്തത്.ഓരോ ഉത്പന്നവും എന്തിനു വേണ്ടിയാവണം എന്ന് കൃത്യമായ ലക്ഷ്യം അദ്ദേഹത്തിനുണ്ടായിരുന്നു. ദീപികയുടെ ആഭിമുഖ്യത്തില്‍ ആരംഭിച്ച കരിയര്‍ ഗൈഡന്‍സ് സെന്റര്‍ 1992 സെപറ്റംബര്‍ 27 ന് ഉപരാഷ്ട്രപതി കെ.ആര്‍ നാരായണന്‍ കോട്ടയത്ത് ഉദ്ഘാടനം ചെയ്തത്.
കര്‍ഷക മുന്നേറ്റ ജാഥ
ദീപികയുടെ ശക്തകേന്ദ്രമായ കര്‍ഷകര്‍ക്കു വേണ്ടി ആരംഭിച്ച കര്‍ഷകന്‍ മാസികയുടെ നേതൃത്വത്തില്‍ കാസര്‍ഗോഡ് ജില്ലയിലെ രാജപുരത്തു നിന്നും തിരുവന്തപൂരത്തേക്ക് ഡോ. അബ്രാഹം നടത്തിയ കേര കര്‍ഷക ജാഥ സ്വാതന്ത്ര്യാനന്തര പത്ര പ്രവര്‍ത്തന ചരിത്രത്തിലെ അപൂര്‍വ സംഭവ മായിരുന്നു. വെളിച്ചെണ്ണ ഹൃദ്രോഗത്തിന് കാരണമാവും എന്ന പ്രചാരണത്തെ അദ്ദേഹം ശക്തമായി എതിര്‍ത്തു. നാട്ടില്‍ പലയിടത്തും സെനിനാറുകള്‍ നടത്തി കര്‍ഷകരെ ബോധവല് ക്കരിച്ചു. 1995 ഓഗസ്റ്റ് രണ്ടിന് തലശേരി മെത്രാപ്പോലീത്ത മാര്‍ ജോര്‍ജ് വലിയമറ്റം ആണ് യാത്ര ഉദ്ഘാടനം ചെയ്തത്. യാത്ര തലസ്ഥാനത്തെത്തിയപ്പേഴേക്കും നാളികേര വില യില്‍ വലിയ വര്‍ധന ഉണ്ടാവുകയും ചെയ്തു.
തിരുവന്തപുരത്ത് സിബിസിഐ സമ്മേളനം നടക്കുന്ന ദിവസങ്ങള്‍. കത്തോലിക്കാ മെത്രന്മാര്‍ ഒരു ദേശിയ ദിനപത്രം തുടങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചു. അക്കാലത്ത് സിബിസിഐ അധ്യക്ഷനായിരുന്ന മാര്‍ ജോസഫ് പൗവ്വത്തില്‍ അതിനായി വിളിച്ചു വരുത്തിയത് പി.കെ അബ്രാഹമിനെ ആയിരുന്നു. നടക്കാതെ പോയ സ്പനങ്ങളില്‍ ഒന്നായിരുന്നു അത്. അദ്ദേഹത്തെ മനസുകൊണ്ട് എതിര്‍ത്തിരുന്ന പലരും കരിസ്മാറ്റിക് ധ്യാനങ്ങള്‍ കൂടിയശേഷം വളരെ പോസിറ്റിവായി മാറിയതു കണ്ട് ഒരിക്കല്‍ അദ്ദേഹം ചോദിച്ചു, നമുക്ക് ജിവനക്കാര്‍ക്കെല്ലാം വേണ്ടി ഒരു ത്രിദിന ധ്യാനം നടത്തിയാലോ? അദ്ദേഹം ആത്മാര്‍ത്ഥ മായാണ് ചോദിച്ചത്. 1996 ഏപ്രിലില്‍ അദ്ദേഹം ദീപികയില്‍നിന്നും പടിയിറങ്ങിയില്ലാരുന്നെങ്കില്‍ അത് നടക്കുമായിരുന്നു.

മാധ്യമ പരിശീലന കേന്ദ്രം
ദീപികയില്‍ പത്രപ്രവര്‍ത്തന പടനത്തിനായി ദീപിക ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ജേര്‍ണ്ണലിസം ആന്‍ഡ് മിഡിയ മാനേജമെന്റ് -ഡിജാം എന്ന സ്ഥാപനം തുടങ്ങിയത് അദ്ദേഹമായിരുന്നു. കേരളത്തിലെ ഒരു മാധ്യമ സ്ഥാപനം തുടങ്ങുന്ന ആദ്യത്തെ മാധ്യമ പരിശില കേന്ദ്രമായിരുന്നു ഡിജാം. ഇവിടെ പഠിച്ചിറങ്ങുന്ന കുട്ടികള്‍ ഒരിക്കല്‍ ലോകത്തിലെ വലിയ പത്രങ്ങളില്‍ വലിയ പദവികള്‍ വഹിക്കുമെന്ന് 1993 ല്‍ സ്ഥാപനം തുടുമ്പോള്‍ അദ്ദേഹം പറഞ്ഞു. കേട്ടവര്‍ പലരും ചിരിച്ചു.
പക്ഷേ ഇന്ന് 2025 ല്‍ ദീപികയില്‍ മാത്രമല്ല, കേരളത്തിലെ പത്രങ്ങളില്‍ മാത്രമല്ല, ദേശീയ- അന്തര്‍ ദേശീയ ദിനപത്രങ്ങളില്‍ ഡല്‍ഹിയിലും ലണ്ടനിലും ന്യൂയേര്‍ക്കിലും അടക്കം എത്രയോ വന്‍ നഗരങ്ങളില്‍ ഡിജാമിന്റെ കുട്ടികള്‍ മാധ്യമ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നു. ദീപികയെ കുറിച്ച് വലിയ സ്വപ്നങ്ങളും പദ്ധതികളും ഉണ്ടായിരുന്ന ഒരു ബില്‍ഡര്‍ മാനേജരായിരുന്നു ഡോ. പി.കെ അബ്രാഹം. അദ്ദേഹം കണ്ടത് യഥാര്‍ത്ഥ്യബോധമുള്ള സ്വപ്നങ്ങളായിരുന്നു എന്ന് കാലം സാക്ഷ്യപ്പെടുത്തുന്നു.
Leave a Comment
Your email address will not be published. Required fields are marked with *