94-ാം വയസില്‍ രോഗികളുടെ ജൂബിലി ആഘോഷത്തിനായി നേപ്പിള്‍സില്‍ നിന്ന് റോമിലേക്ക് യാത്ര ചെയ്യുമ്പോള്‍, സിസ്റ്റര്‍ ഫ്രാന്‍സെസ്‌കയ്ക്ക് ഒരേ ഒരു ലക്ഷ്യം മാത്രമേ ഉണ്ടായിരുന്നുള്ളൂ- സെന്റ് പീറ്റേഴ്‌സ് ബസിലിക്കയുടെ വിശുദ്ധ വാതിലിലൂടെ കടന്നുപോകണം, വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കണം, അങ്ങനെ പൂര്‍ണദണ്ഡവിമോചനം പ്രാപിക്കണം. ഏതാണ്ട് അന്ധയായ, വീല്‍ചെയറില്‍, മാത്രം സഞ്ചരിക്കുന്ന സിസ്റ്റര്‍ ഫ്രാന്‍സെസ്‌കയുടെ അതേ ലക്ഷ്യത്തോടെ മറ്റൊരാളും അതേ സമയം തന്നെ അവിടെ എത്തിയിരുന്നു.
വിശുദ്ധ പത്രോസിന്റെ മൃതകുടീരത്തിനു സമീപം സിസ്റ്റര്‍ നിശബ്ദമായി പ്രാര്‍ത്ഥിക്കുമ്പോള്‍, ഒരു ചെറിയ കൂട്ടം ആളുകള്‍ നടന്നുവരുന്നത് സിസ്റ്റര്‍ ശ്രദ്ധിച്ചു. അവരുടെ നടുവില്‍ മറ്റൊരു വീല്‍ചെയര്‍. ന്യുമോണിയ ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് ശേഷം ആദ്യമായി പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ട ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാണ് ആ വില്‍ ചെയറില്‍ എന്ന് സിസ്റ്റര്‍ അത്ഭുതത്തോടെ തിരിച്ചറിഞ്ഞു. സിസ്റ്റര്‍ ഫ്രാന്‍സെസ്‌കയുടെ അതേ ലക്ഷ്യത്തോടെയായിരുന്നു പാപ്പയും അവിടെ എത്തിയത്, പ്രാര്‍ത്ഥിക്കാനും കുമ്പസാരിക്കാനും വിശുദ്ധ വാതിലിലൂടെ കടന്നുപോകാനും.
ആ രണ്ട് വീല്‍ചെയറുകള്‍ സെന്‍ട്രല്‍ നേവില്‍ കണ്ടുമുട്ടിയപ്പോള്‍ സിസ്റ്റര്‍ ഫ്രാന്‍സെസ്‌കയ്ക്ക് ആവേശം അടക്കാനായില്ല. ”എത്ര മനോഹരം, എത്ര മനോഹരം,” സിസ്റ്റര്‍ ഫ്രാന്‍സെസ്‌ക ആവര്‍ത്തിച്ചുകൊണ്ടിരുന്നു. അവള്‍ മാര്‍പ്പാപ്പയുടെ നേരെ കൈ നീട്ടി.
ജീവിതത്തിന്റെ 75 വര്‍ഷങ്ങളും ആവൃതിക്കുള്ളില്‍ ചിലവഴിച്ച, സിസ്റ്റര്‍ ഫ്രാന്‍സെസ്‌ക ബാറ്റിലോറോ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആശ്ചര്യമെന്ന് വിളിക്കുന്നത് ഈ യാത്രയില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുമായി കണ്ടുമുട്ടാന്‍ ലഭിച്ച അപൂര്‍വ അവസരത്തെയാണ്. പാപ്പ രോഗബാധിതനായ ശേഷം വത്തിക്കാനിലെ ഏറ്റവും മുതിര്‍ന്ന കര്‍ദിനാള്‍മാര്‍ക്ക് പോലും പാപ്പയുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ലഭിക്കാത്ത സാഹര്യത്തിലാണ് പത്ത് മിനിറ്റോളം സിസ്റ്റര്‍ ഫ്രാന്‍സെസ്‌കയോടൊപ്പം പാപ്പ ചിലവഴിച്ചത്.
ഒരു സ്വകാര്യ ആഗ്രഹമായി ”പാപ്പയെ കാണാനുള്ള അവസരം ഞാന്‍ ദൈവത്തോട് ആവശ്യപ്പെട്ടിരുന്നു. അത് അസാധ്യമാണെന്ന് ഞാന്‍ കരുതി. എന്നാല്‍ ദൈവം പാപ്പയെ എന്റെ അടുത്തേക്ക് അയച്ചു. ഞാന്‍ പാപ്പയുടെ കരം ചുംബിച്ചു. പാപ്പ സന്തോഷവാനായി കാണപ്പെട്ടു. ഈയിടെയായി എന്റെ ഏറ്റവും ചെറിയ ആഗ്രഹങ്ങള്‍ പോലും ദൈവം സാധിച്ചുതരുന്നു.” സിസ്റ്റര്‍ ഫ്രാന്‍സെസ്‌ക പറഞ്ഞു.
മാര്‍പാപ്പയുമായി സിസ്റ്റര്‍ ഫ്രാന്‍സെസ്‌ക നടത്തിയ സംഭാഷണവും ഏറെ ഹൃദയസ്പര്‍ശിയായിരുന്നു. ‘ഞാന്‍ വളരെയധികം പ്രാര്‍ത്ഥിക്കുന്നു, പരിശുദ്ധ പിതാവ് സുഖപ്പെടാന്‍ ഞാന്‍ എന്റെ ജീവിതം യേശുവിന് നല്‍കി, പകരം ഞാന്‍ പോകാം ..’ . ഇത് കേട്ട് പാപ്പ പുഞ്ചിരിച്ചു. തുടര്‍ന്ന് സിസ്റ്റര്‍ ഫ്രാന്‍സെസ്‌ക നിശബ്ദമായി ഇപ്രകാരം കൂട്ടിച്ചേര്‍ത്തു, ‘ഇപ്പോള്‍ ഞാന്‍ ശുദ്ധമായ സ്‌നേഹത്താല്‍ പ്രചോദിതയായി മരിക്കാന്‍ ആഗ്രഹിക്കുന്നു. അതാണ് എനിക്ക് വേണ്ടത് – അവനുമായുള്ള എന്റെ അവസാന കൂടിക്കാഴ്ച. ഞാന്‍ എന്റെ ജീവിതം ജീവിച്ചു പൂര്‍ത്തീകരിച്ചിരിക്കുന്നു.’
Leave a Comment
Your email address will not be published. Required fields are marked with *