‘അവിടുന്ന് നമ്മെ സ്‌നേഹിച്ചു’-
ഫ്രാന്‍സിസ് പാപ്പാ രചിച്ച അവസാന ചാക്രികലേഖനം, ‘ദിലെക്‌സിത്ത് നോസി’
ഇന്ന് ലോകം മുഴുവന്‍ ഫ്രാന്‍സിസ് പാപ്പായെപ്പറ്റി ചര്‍ച്ചചെയ്യുമ്പോഴും, അദ്ദേഹത്തിന്റെ വേര്‍പാടില്‍ ദുഃഖിക്കുമ്പോഴും അദ്ദേഹം നമുക്ക് ചൂണ്ടിക്കാണിച്ചു നല്‍കുന്നത്, ദൈവഹൃദയത്തിന്റെ സ്‌നേഹമസൃണമായ ആര്‍ദ്രതയാണ്. വെറുപ്പിന്റെയും, വൈരാഗ്യത്തിന്റെയും ചിന്തകള്‍. ലോകത്തിന്റെ വിവിധ കോണുകളില്‍ അലയടിച്ചപ്പോള്‍, തന്റെ വാക്കുകളും, പ്രവര്‍ത്തനങ്ങളും വഴിയായി സമാധാനത്തിന്റെ ആഹ്വാനം നല്‍കിയ ഫ്രാന്‍സിസ് പാപ്പാ കടന്നുപോകുമ്പോള്‍, യേശുവിന്റെ തിരുഹൃദയത്തിനു ലോകം മുഴുവനെയും സമര്‍പ്പിച്ചുകൊണ്ട്, ദൈവപിതാവിന്റെ അടുക്കല്‍ നമുക്കായി അദ്ദേഹം പ്രാര്‍ത്ഥിക്കുമെന്നതില്‍ തെല്ലും സംശയം വേണ്ട. പീഡിതരായ ഉക്രൈനും, അനാഥരാക്കപ്പെട്ട ഗാസ ജനതയും, പാര്‍ശ്വവത്ക്കരിക്കപ്പെട്ട ആഫ്രിക്കന്‍ ജനതയും പാപ്പായുടെ നെഞ്ചിലെ നൊമ്പരങ്ങളായിരുന്നു. തന്റെ പ്രതിനിധികളെ അയച്ചുകൊണ്ട് ചര്‍ച്ചകള്‍ക്കായി വിവിധ സര്‍ക്കാരുകളെ ക്ഷണിക്കുമ്പോള്‍ ഫ്രാന്‍സിസ് പാപ്പാ തന്റെ പ്രാര്‍ത്ഥനകള്‍ അവര്‍ക്കായി നടത്തുകയും, യേശുവിന്റ തിരുഹൃദയത്തിനു അവരെ സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
ദിലെക്‌സിത്ത് നോസ് ചാക്രികലേഖനം രചിക്കുന്ന സമയത്തും ഫ്രാന്‍സിസ് പാപ്പായുടെ പ്രധാന ചിന്തകള്‍ അസ്വസ്ഥമായ മാനവ ഹൃദയങ്ങള്‍ ആയിരുന്നു. അസ്വസ്ഥതയുടെ നടുവില്‍ ജീവിതത്തിന്റെ അര്‍ത്ഥം നഷ്ട്ടപ്പെട്ടുപോകുന്ന നിരവധി ആളുകളെ തന്റെ ജീവിതത്തില്‍ സ്വീകരിച്ച വിശാലഹൃദയത്തിനു ഉടമയായിരുന്നു ഫ്രാന്‍സിസ് പാപ്പാ. അപ്രകാരം നിരവധി ആളുകളെ യാതൊരു വിവേചനവും കൂടാതെ തന്റെ സ്‌നേഹത്തില്‍ ചേര്‍ത്തുവച്ച വലിയ ഇടയനായിരുന്നു ഫ്രാന്‍സിസ് പാപ്പാ. ഇതിനു വലിയ തെളിവാണ് ഫ്രാന്‍സിസ് പാപ്പായെ അവസാനമായി ഒരു നോക്കുകാണുവാന്‍, വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസിലിക്കയിലേക്ക് രാവും, പകലും ഒഴുകിയെത്തുന്ന ജനങ്ങള്‍. കിലോമീറ്ററുകളോളം ക്ഷമയോടെ കാത്തുനില്‍ക്കുന്ന ജനതയുടെ കണ്ണുകളില്‍, ഫ്രാന്‍സിസ് പാപ്പായോടുള്ള സ്‌നേഹം, ഉന്നതമായ മറ്റൊരു സ്‌നേഹം കൂടി വെളിപ്പെടുത്തുന്നതാണ്, അത് യേശുവിന്റെ തിരുഹൃദയത്തിന്റെ സ്‌നേഹഭാവമാണ്.
ഫ്രാന്‍സിസ് പാപ്പാ രചിച്ച അവസാന ചാക്രികലേഖനം എന്ന നിലയില്‍ ‘ദിലെക്‌സിത്ത് നോസി’ന്റെ പ്രത്യേകത വളരെ വലുതാണ്. പത്രോസിനടുത്ത തന്റെ അജപാലനശുശ്രൂഷയുടെ അടിസ്ഥാനവും, ശക്തികേന്ദ്രവും എന്താണെന്നു ഈ ചാക്രികലേഖനത്തിന്റെ വാക്കുകള്‍ നമുക്ക് വെളിപ്പെടുത്തുന്നു. തന്റെ സന്ദേശങ്ങളും, മറ്റുള്ളവരോടുള്ള ബന്ധവും ക്രമപ്പെടുത്തുകയും, രൂപപ്പെടുത്തുകയും ചെയ്തത്, ദൈവീക ഹൃദയത്തോടുള്ള അദമ്യമായ കൂട്ടയ്മയില്‍ നിന്നുമായിരുന്നു. ചാക്രികലേഖനത്തിന്റെ മുപ്പത്തിരണ്ട് മുതല്‍ മുപ്പത്തിയെട്ടു വരെയുള്ള ഖണ്ഡികകള്‍, ഫ്രാന്‍സിസ് പാപ്പായുടെ, ദൈവവുമായുള്ള ബന്ധത്തില്‍ രൂപപ്പെടുത്തിയ ജീവിത ശൈലിയെയാണ് നമുക്ക് എടുത്തു കാണിക്കുന്നത്.
യേശുവിനു നമ്മോടുള്ള സ്‌നേഹത്തിന്റെ കേന്ദ്രബിന്ദുവായി ഫ്രാന്‍സിസ് പാപ്പാ എടുത്തു കാണിക്കുന്നത്, യേശുവിന്റെ തിരുഹൃദയമാണ്. നമ്മുടെ വിശ്വാസത്തിന്റെ ഉത്ഭവം ഈ ഹൃദയത്തിലാണെന്നു പാപ്പാ പറഞ്ഞുവയ്ക്കുമ്പോള്‍, തന്റെ ജീവിതകാലമത്രയും, ഹൃദയത്തിന്റെ പ്രാധാന്യത്തെ ഓര്‍മ്മിപ്പിച്ചുകൊണ്ട്, ഹൃദയങ്ങള്‍ തമ്മിലുള്ള ആശയവിനിമയമാണ് സമാധാനത്തിനുള്ള ഏക വഴിയെന്നു ഫ്രാന്‍സിസ് പാപ്പാ ലോകത്തെ മുഴുവന്‍ പഠിപ്പിച്ചു. ആശയങ്ങള്‍ പലതാണെങ്കിലും, വിശ്വാസങ്ങള്‍ വ്യത്യസ്തമെങ്കിലും, ഭാഷകള്‍ അപരിചിതമെങ്കിലും, ലോകജനതയെ ഒന്നിപ്പിക്കുന്ന ഒരേ ഒരു ഘടകം ഹൃദയമാണെന്നുള്ള സത്യമാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ ജീവിതം വഴിയായി മറ്റുള്ളവരെ പഠിപ്പിച്ചത്. ക്രൈസ്തവ ബോധ്യങ്ങളെ നമ്മുടെ ജീവിതത്തില്‍ അരക്കിട്ടുറപ്പിക്കുന്നത്, ഇപ്രകാരം യേശുവിന്റെ തിരുഹൃദയവും, ഹൃദയാത്മകമായ സ്‌നേഹവുമാണ്.
ഹൃദയത്തിന്റെ നിറവില്‍ നിന്നാണല്ലോ അധരം സംസാരിക്കുന്നത്. (ലൂക്കാ 6 : 45). ദരിദ്രരോടും, സമൂഹത്തിലെ അധഃസ്ഥിതരോടും ഫ്രാന്‍സിസ് പാപ്പാ കാണിച്ച കാരുണ്യത്തിന്റെ പ്രവൃത്തികള്‍ ആരംഭിക്കുന്നത്, ഹൃദയത്തിന്റെ നിറവില്‍ നിന്നുമായിരുന്നു.
തിരുവചനത്തില്‍ ഹൃദയത്തിന്റെ പ്രാധാന്യം എടുത്തുകാണിക്കുന്ന ഈ വചനങ്ങള്‍ ഫ്രാന്‍സിസ് പാപ്പായുടെ ജീവിതത്തില്‍ വിളങ്ങിയിരുന്ന പുണ്യങ്ങള്‍ അനുസ്മരിപ്പിക്കുന്നു. എന്നാല്‍ തന്റെ ഹൃദയത്തിന്റെ നിറവായി പാപ്പാ ചൂണ്ടിക്കാണിക്കുന്നത്, എല്ലാ ഹൃദയ വ്യവഹാരങ്ങളുടയും ഉറവിടമായ യേശുവിന്റെ തിരുഹൃദയമാണ്. യേശു നമ്മെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് വാക്കുകള്‍ കൊണ്ട് വിശദീകരിക്കുവാന്‍ സാധിക്കുകയില്ല. മറിച്ച്, യേശുവിന്റെ സ്‌നേഹം അവന്റെ നിശബ്ദതയില്‍ പോലും, അവന്റെ നോട്ടത്തില്‍ പോലും, അവന്റെ പുഞ്ചിരിയില്‍ പോലും പ്രതിഫലിച്ചിരുന്നുവെന്നു, യേശുവിന്റെ ജീവിതത്തില്‍ നിന്നും നമുക്ക് മനസിലാക്കാവുന്നതാണ്.
നമ്മെ കരുതലോടെയും വാത്സല്യത്തോടെയും പരിപാലിക്കുന്ന യേശുവിന്റെ സ്‌നേഹം തന്നെയാണ് ഫ്രാന്‍സിസ് പാപ്പായുടെ ജീവിതത്തിലും വിളങ്ങിയിരുന്നത്.
മനുഷ്യനോടൊത്ത് സഹവസിക്കുന്ന ദൈവത്തിനു നല്‍കപ്പെട്ട പേര് ‘ഇമ്മാനുവേല്‍’ എന്നാണെങ്കില്‍, കാരുണ്യത്തിന്റെ പ്രതിരൂപമായി ലോകത്തിനു സ്‌നേഹത്തിന്റെ സന്ദേശം നല്‍കിക്കൊണ്ട് അനേകരെ യേശുവിനെ അറിയുവാന്‍ സഹായിച്ച ഈ കാലഘട്ടത്തിലെ പ്രവാചകനായിരുന്നു ഫ്രാന്‍സിസ് പാപ്പാ. ഫിലിപ്പിയര്‍ക്കെഴുതിയ ലേഖനം രണ്ടാം അധ്യായം ഏഴാം തിരുവചനം പറയുന്നതുപോലെ, ‘ അവന്‍ തന്നെത്തന്നെ ശൂന്യനാക്കി, ദാസന്റെ രൂപം സ്വീകരിച്ചു.’ യേശുവിന്റെ ജീവിതത്തിലെ ഓരോ സംഭവങ്ങളും, ഈ വചനത്തിന്റെ അര്‍ത്ഥം വെളിപ്പെടുത്തുന്നതായിരുന്നു. ഇറ്റലിയിലെ, ആരാലും അറിയപ്പെടാതെ കിടന്ന കൊച്ചുഗ്രാമമായ ലാമ്പെധൂസയില്‍ തന്റെ അജപാലനസന്ദര്‍ശത്തിന്റെ ആരംഭം കുറിച്ച ഫ്രാന്‍സിസ് പാപ്പാ, തുടര്‍ന്നുള്ള തന്റെ യാത്രകളിലുടനീളം പാവപ്പെട്ടവരെ ചേര്‍ത്തുനിര്‍ത്തിയിരുന്നു. ഫ്രാന്‍സിസ് പാപ്പായെ കെട്ടിപ്പിടിച്ചുകൊണ്ട് കണ്ണുനീര്‍ വാര്‍ത്ത അനേകരെ വിവിധ അവസരങ്ങളില്‍ നാം കാണുമ്പോള്‍, നമുക്ക് ഓര്‍മ്മ വരിക, വിശുദ്ധ ഗ്രന്ഥം യേശുവിന്റെ ജീവിതത്തെ അവതരിപ്പിക്കുന്ന വചനങ്ങളാണ്.
ചാക്രികലേഖനത്തിന്റെ മുപ്പത്തിയാറാം ഖണ്ഡിക, യേശുവിന്റെ ജീവിതത്തിന്റെ, അവന്റെ ഹൃദയത്തിന്റെ മാധുര്യം ആസ്വദിച്ച അനേകരെ പറ്റിയുള്ള ഓര്‍മ്മപ്പെടുത്തലാണ്. രോഗികള്‍ക്ക് താന്‍ അപരിചിതനാണെന്ന് തോന്നാതിരിക്കാന്‍, ഒരു അമ്മയെപ്പോലെ, സ്വന്തം ഉമിനീര്‍ കൊണ്ട് രോഗികളെ സുഖപ്പെടുത്താന്‍ പോലും തയ്യാറായ യേശുവിന്റെ ഹൃദയവിശാലതയെ ഫ്രാന്‍സിസ് പാപ്പാ ലേഖനത്തില്‍ എടുത്തു കാണിക്കുമ്പോള്‍, അത് തന്റെ ജീവിതത്തിലും പ്രാവര്‍ത്തികമാക്കിയ ഇടയനാണ്പാപ്പാ. ‘ലാളനകളുടെ മനോഹരമായ ശാസ്ത്രം’ എന്നാണ് പാപ്പാ യേശുവിന്റെ ആ പ്രവൃത്തിയെ വിളിച്ചത്. അങ്ങനെയെങ്കില്‍ ആ ശാസ്ത്രമാണ് ഫ്രാന്‍സിസ് പാപ്പാ നമ്മെ പഠിപ്പിച്ചിട്ട് കടന്നുപോകുന്നത്. അതിനാല്‍ ധൈര്യമായിരിക്കുവാന്‍ പാപ്പാ നമ്മെ ക്ഷണിക്കുന്നു. കാരണം നാം അഭയം പ്രാപിക്കുന്നത്, ഏത് അവസ്ഥകളിലും നമ്മെ കാക്കുവാന്‍ കഴിവുള്ള യേശുവിന്റെ തിരുഹൃദയത്തിലാണ്.
ഫ്രാന്‍സിസ് പാപ്പായുടെ ജീവിതത്തില്‍ മറക്കാനാവാത്ത ഒരു ഓര്‍മ്മയാണ്, രോഗം മൂലം വികൃതമാക്കപ്പെട്ട മുഖവുമായി കടന്നുവന്ന ഒരാളെ തന്റെ ഹൃദയത്തോട് ചേര്‍ത്ത് നിര്‍ത്തി ആലിംഗനം ചെയ്യുന്നത്. ഒരുപക്ഷെ സമൂഹം ഇന്ന് പലരെയും പല കാരണങ്ങളാലും മാറ്റി നിര്‍ത്തുമ്പോള്‍, യേശുവിന്റെ സ്‌നേഹം തന്റെ ജീവിതത്തില്‍ കാത്തുസൂക്ഷിക്കുന്നതുകൊണ്ടാണ്, പാപ്പാ അവരെ ചേര്‍ത്ത് നിര്‍ത്തിയത്.
പാപങ്ങള്‍ ജീവിതത്തില്‍ നിന്നും ഉപേക്ഷിക്കണമെന്ന് പറയുമ്പോഴും, പാപിയെ തന്റെ ജീവിതത്തില്‍ പാപ്പാ എപ്പോഴും സ്വീകരിച്ചിരുന്നു. യേശുവിന്റെ തിരുഹൃദയത്തില്‍ ഏവര്‍ക്കും സ്ഥാനം ഉണ്ടെന്നും, ആ ഹൃദയത്തിന്റെ ആര്‍ദ്രത ജീവിതത്തില്‍ ഉള്‍ക്കൊള്ളുവാന്‍ ഏതു സമയത്തും നമുക്ക് കടന്നുവരാം എന്നും പാപ്പാ പല തവണ എടുത്തു പറഞ്ഞിട്ടുണ്ട്.
ഒന്നും യേശുവിനെ അസ്വസ്ഥപ്പെടുത്താത്തതുപോലെ, ഫ്രാന്‍സിസ് പാപ്പായെയും അസ്വസ്ഥപ്പെടുത്തിയിരുന്നില്ല. വിമര്‍ശനങ്ങള്‍ക്കു നടുവിലും, യേശുവിനെ പോലെ ധൈര്യം അവലംബിച്ചുകൊണ്ട് മറ്റുള്ളവരുടെ നന്മയ്ക്കായി പ്രവര്‍ത്തിച്ച പാപ്പായെ കാലം ഒരിക്കലും മറക്കുകയില്ല.
ദിലെക്‌സിത്ത് നോസ് ചാക്രികലേഖനത്തിന്റെ മുപ്പത്തിയെട്ടാം ഖണ്ഡികയില്‍ യേശുവിന്റെ മരണത്തെ സംബന്ധിച്ചുള്ള വചനങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ വിശദീകരിക്കുന്നത്. യോഹന്നാന്റെ സുവിശേഷം പതിനാലാം അധ്യായം പതിനെട്ടും, പത്തൊന്‍പതും തിരുവചനങ്ങള്‍ ഓര്‍മ്മപെടുത്തിക്കൊണ്ടാണ് പരിശുദ്ധ പിതാവ് ദൈവത്തിന്റെ അനന്തസ്‌നേഹം വിശദീകരിക്കുന്നത്.
ഫ്രാന്‍സിസ് പാപ്പാ, തന്റെ ജീവിതത്തിലൂടെ അനേകരില്‍ പകര്‍ന്ന സ്‌നേഹത്തിന്റെയും, കാരുണ്യത്തിന്റെയും കിരണങ്ങള്‍ ഒരിക്കലും മങ്ങലേല്‍ക്കാതെ നിലനില്‍ക്കുവാന്‍ ദൈവപിതാവിന്റെ അരികില്‍ നമുക്കായി മാധ്യസ്ഥ്യം യാചിക്കും എന്നതില്‍ തെല്ലും സംശയം വേണ്ട. ‘ഞാന്‍ നിങ്ങളെ അനാഥരായി വിടുകയില്ല’, എന്നാണ് യേശു ശിഷ്യന്മാരോട് പറഞ്ഞത്. ഒരു പക്ഷെ സഭയുടെ കാരുണ്യത്തിന്റെ മാതൃഹൃദയം,എല്ലാവരെയും പ്രത്യേകിച്ച് സമൂഹത്തില്‍ വേദനിക്കുന്നവരെയും, അധഃസ്ഥിതരെയും ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് ഫ്രാന്‍സിസ് പാപ്പായും ഈ ലോകത്തോട് വിട ചൊല്ലുന്നത്. യേശുവിനെ കണ്ടെത്തുവാനും, അവനെ ജീവിതത്തില്‍ മുറുകെപ്പിടിക്കുവാനും തിരുഹൃദയത്തിന്റെ പ്രാധാന്യം ജീവിതത്തില്‍ തിരിച്ചറിയുവാന്‍ ഫ്രാന്‍സിസ് പാപ്പാ ഏവരെയും ക്ഷണിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *