ഗാസ: കരുണയുടെ സന്ദേശവുമായി ഫ്രാന്‍സിസ് പാപ്പ സഞ്ചരിച്ച പാപ്പ മൊബീല്‍ ഇനിമുതല്‍ ഗാസയിലെ കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യപരിരക്ഷ നല്‍കുന്ന മൊബൈല്‍ ക്ലിനിക്കായി ഉപയോഗിക്കും. 2014-ല്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ബെത്ലഹേം സന്ദര്‍ശനത്തിനിടെ ഉപയോഗിച്ച പോപ്‌മോബീലാണ് ഗാസയിലെ കുട്ടികളുടെ വൈദ്യപരിപാലനത്തിനുള്ള മൊബൈല്‍ ക്ലിനിക്കായി മാറ്റുന്നത്. പാപ്പാ തന്റെ അവസാന ദിവസങ്ങളില്‍, ജെറുസലേമിലെ കാരിത്താസിനെ വ്യക്തിപരമായി ഭരമേല്‍പ്പിച്ചതാണ് ഈ ദൗത്യം.
യുദ്ധം ആരംഭിച്ച കാലം മുതല്‍ മരണത്തിന് രണ്ട് ദിവസം മുന്‍പ് വരെ ഗാസയിലെ ഏക കത്തോലിക്ക ഇടവകയിലേക്ക് ഫോണ്‍ വിളിക്കുകയും ക്ഷേമവിവങ്ങള്‍ അന്വേഷിക്കുകയും ചെയ്ത ഫ്രാന്‍സിസ് മാര്‍പാപ്പ ജീവിതത്തിന്റെ അവസാന ദിവസങ്ങളില്‍ യുദ്ധത്തിന്റെ ഭീകരതകള്‍ നേരിടുന്ന ഗാസയിലെ ഏറ്റവും ദുര്‍ബലരായ കുട്ടികള്‍ക്കായി നീട്ടിയ ഈ സഹായഹസ്തം ലോകമെമ്പാടും ദുരിതമനുഭവിക്കുന്നവരുടെ അവകാശങ്ങളും മാനവികതയും സംരക്ഷിക്കപ്പെടേണ്ടതാണെന്ന് ലോകത്തെ ഓര്‍മിപ്പിക്കുന്നു.
‘പ്രതീക്ഷയുടെ വാഹനം’ എന്ന പേരില്‍, അടിയന്തര പരിശോധന കിറ്റുകള്‍, വാക്‌സിനുകള്‍, ഓക്‌സിജന്‍ സിലിണ്ടറുകള്‍, ആവശ്യ മരുന്നുകള്‍ തുടങ്ങിയ അടിസ്ഥാന വൈദ്യോപകരണങ്ങള്‍ പാപ്പയുടെ വാഹനത്തില്‍ സജ്ജീകരിച്ചിട്ടുണ്ട്. ദൂരസ്ഥലങ്ങളില്‍ പോലും അടിയന്തിര സഹായമെത്തിക്കാന്‍ ഇതുപയോഗിക്കാനാകും. യുദ്ധത്തിന്റെ കെടുതികള്‍ നേരിടുന്ന കുട്ടികള്‍ക്കായി ഈ മൊബൈല്‍ ക്ലിനിക്ക് ഇനി കാരിത്താസിന്റെ നേതൃത്വത്തില്‍ ഗാസയില്‍ പ്രവര്‍ത്തിക്കും.
Leave a Comment
Your email address will not be published. Required fields are marked with *