ലിയോ പതിനാലാമന്‍ പാപ്പയുടെ പഴയ പേര് റോബര്‍ട്ട് ഫ്രാന്‍സിസ് പ്രെവോസ്റ്റ് എന്നാണ്. അദ്ദേഹം 1955 സെപ്റ്റംബര്‍ 14 ന്, അമേരിക്കയിലെ ചിക്കാഗോയില്‍ ഫ്രഞ്ച് ഇറ്റാലിയന്‍ വംശജനായ ലൂയിസ് മാരിയസ് പ്രെവോസ്റ്റിന്റെയും സ്പാനിഷ് വംശജയായ മില്‍ഡ്രഡ് മാര്‍ട്ടിനെസിന്റെയും മകനായി ജനിച്ചു. അദ്ദേഹത്തിന് ലൂയിസ് മാര്‍ട്ടിന്‍, ജോണ്‍ ജോസഫ് എന്നീ രണ്ട് സഹോദരന്മാരുണ്ട്.
· രണ്ടാം ലോകമഹായുദ്ധകാലത്ത് നാവികസേനയില്‍ സേവനമനുഷ്ഠിച്ച ഉദ്യോഗസ്ഥനും സ്‌കൂള്‍ സൂപ്രണ്ടുമായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. ലൈബ്രേറിയനായിരുന്ന അദ്ദേഹത്തിന്റെ അമ്മ ഇടവക ദേവാലയത്തില്‍ ഉല്‍സാഹപൂര്‍വം ശുശ്രൂഷ ചെയ്തിരുന്നു.
· അമേരിക്കയില്‍ നിന്നുള്ള ആദ്യമാര്‍പാപ്പയായ അദ്ദേഹം ഇംഗ്ലീഷ്, സ്പാനിഷ്, ഇറ്റാലിയന്‍, ഫ്രഞ്ച്, പോര്‍ച്ചുഗീസ് എന്നിവയുള്‍പ്പെടെ വിവിധ ഭാഷകള്‍ സംസാരിക്കും.
· 1973 ല്‍ മിഷിഗണിലെ അഗസ്റ്റീനിയന്‍സിന്റെ മൈനര്‍ സെമിനാരിയില്‍ അദ്ദേഹം സെക്കന്‍ഡറി പഠനം പൂര്‍ത്തിയാക്കി. 1977 ല്‍ വില്ലനോവ സര്‍വകലാശാലയില്‍ നിന്ന് ഗണിതശാസ്ത്രത്തില്‍ ബിരുദം നേടി.
· 1977ല്‍ ഓര്‍ഡര്‍ ഓഫ് സെന്റ് അഗസ്റ്റിന്‍ അംഗമായി, 1981ല്‍ തന്റെ വൈദിക പ്രതിജ്ഞ എടുത്തു.
· ചിക്കാഗോയിലെ കാത്തലിക് തിയോളജിക്കല്‍ യൂണിയനില്‍ നിന്ന് ഡിവിനിറ്റിയില്‍ ബിരുദാനന്തര ബിരുദം പൂര്‍ത്തിയാക്കിയ അദ്ദേഹം റോമിലെ സെന്റ് തോമസ് അക്വിനാസിന്റെ പൊന്തിഫിക്കല്‍ കോളേജില്‍ നിന്ന് കാനോന്‍ നിയമത്തില്‍ ലൈസന്‍സിയേറ്റും ഡോക്ടറേറ്റും നേടി. പെറുവിലായിരുന്ന കാലത്ത് സെമിനാരികളില്‍ കാനോന്‍ നിയമം പഠിപ്പിച്ചിരുന്നു.
· 1982 ജൂണ്‍ 19ന് റോമിലെ ആര്‍ച്ച് ബിഷപ്പ് ജീന്‍ ജാഡോട്ട് അദ്ദേഹത്തെ പുരോഹിതനായി അഭിഷേകം ചെയ്തു.
· 1985 മുതല്‍ 1998 വരെ പെറുവില്‍ തന്റെ ശുശ്രൂഷ ജീവിതം നയിച്ചു. ആ കാലയളവില്‍ അദ്ദേഹം ഇടവക വികാരിയായും, സെമിനാരി അധ്യാപകന്‍, രൂപതാ ഉദ്യോഗസ്ഥന്‍ എന്നീ ചുമതലകളും നിര്‍വഹിച്ചു. സഭയുടെ ചാരിറ്റബിള്‍ സംഘടനയായ കാരിത്താസ് പെറുവിന്റെ നേതൃത്വത്തിലും അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുണ്ട്.
· ചിക്കാഗോയിലെ അഗസ്തീനിയന്‍ പ്രവിശ്യയുടെ തലവനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം, 1999ല്‍ അദ്ദേഹം യുഎസിലേക്ക് മടങ്ങി. 2001ല്‍ അദ്ദേഹം അഗസ്തീനിയന്‍സിന്റെ പ്രയര്‍ ജനറലായി തിരഞ്ഞെടുക്കപ്പെട്ടു. 2013 വരെ അഗസ്തീനിയന്‍ സന്യാസസഭയുടെ തലവനായി സേവനമനുഷ്ഠിച്ചു.
· 2014ല്‍ പെറുവിലെ ചിക്ലായോ രൂപതയുടെ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്ററായും പിന്നീട് 2015 ല്‍ രൂപതയുടെ ബിഷപ്പായും ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ നിയമിച്ചു. 2014 ഡിസംബര്‍ 12ന് ചിക്ലായോയിലെ സെന്റ് മേരീസ് കത്തീഡ്രലില്‍ വെച്ച് മെത്രാഭിഷേകം സ്വീകരിച്ചു.
· 2023 സെപ്റ്റംബര്‍ 30ന് ഫ്രാന്‍സിസ് മാര്‍പാപ്പ അദ്ദേഹത്തെ കര്‍ദ്ദിനാളായി നിയമിച്ചു.
· 2019ല്‍ പെറുവിലെ സഭയില്‍ സേവനമനുഷ്ഠിക്കുന്നതിനിടയില്‍, ഫ്രാന്‍സിസ് പാപ്പ അദ്ദേഹത്തെ വൈദികര്‍ക്കായുള്ള ഡിക്കാസ്റ്ററിയില്‍ അംഗമാക്കി, തുടര്‍ന്ന് 2020ല്‍ ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയില്‍ അംഗമാക്കി. 2023ല്‍, അദ്ദേഹത്തെ ബിഷപ്പുമാര്‍ക്കായുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റാക്കി പാപ്പ നിയമിച്ചു.
· ബിഷപ്പായപ്പോള്‍ അദ്ദേഹം തിരഞ്ഞെടുത്ത എപ്പിസ്‌കോപ്പല്‍ മുദ്രാവാക്യം ‘ഇന്‍ ഇല്ലോ യുനോ യുനം’ എന്നാണ്, അതായത് ‘ക്രിസ്തുവില്‍ നമ്മള്‍ ഒന്നാണ്’ എന്നതാണ്. ഇത് ഐക്യത്തോടുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധതയെ കാണിക്കുന്നു.
· മാര്‍പ്പാപ്പയാകും മുമ്പ്, അദ്ദേഹത്തിന് സജീവമായ സോഷ്യല്‍ മീഡിയ x അക്കൗണ്ട് (ട്വിറ്റര്‍) ഉണ്ടായിരുന്നു. പോപ്പാകുന്നതിന് മുമ്പ് സ്വന്തമായി സോഷ്യല്‍ മീഡിയ അക്കൗണ്ട് ഉള്ള ആദ്യ മാര്‍പ്പാപ്പയാണ് അദ്ദേഹം എന്ന പ്രത്യേകതയും ഉണ്ട്.
Leave a Comment
Your email address will not be published. Required fields are marked with *