ഫാ. ആന്റണി പിസോ, മിഡ്‌വെസ്റ്റിലെ അഗസ്റ്റീനിയന്‍ സന്യാസ സഭയുടെ പ്രിയറാണ്. അദ്ദേഹം ഇപ്പോഴത്തെ മാര്‍പാപ്പ ലിയോ XIV ആയ റോബര്‍ട്ട് പ്രെവോസ്റ്റിനെ വളരെ അടുത്തറിയുന്ന സുഹൃത്തുക്കളില്‍ ഒരാളാണ്. പാപ്പയെക്കുറിച്ചുള്ള ഓര്‍മകള്‍ അദ്ദേഹം വത്തിക്കാന്‍ ന്യൂസിനോട് പങ്കുവച്ചു.
‘ഞങ്ങള്‍ 1974 മുതല്‍ പരിചയമുള്ളവരാണ്. ഒരുമിച്ച് സര്‍വകലാശാലയില്‍ പഠിച്ചു, ഞങ്ങള്‍ക്കിടയില്‍ ഒരു വര്‍ഷത്തിന്റെ വ്യത്യാസമുണ്ട്. അദ്ദേഹം ഒരു വര്‍ഷം സീനിയറാണ്. ഞങ്ങളുടെ സഹപ്രവര്‍ത്തകരോടൊപ്പം മതപരവും അക്കാദമികവുമായ പഠനത്തില്‍ ഞങ്ങളൊന്നിച്ച് ഏറെ സമയം ചെലവഴിച്ചു. അന്നുമുതല്‍ ഞങ്ങള്‍ സുഹൃത്തുക്കളാണ്..
റോബര്‍ട്ട് പ്രെവോസ്റ്റ് അഗസ്റ്റീനിയന്‍ സന്യാസ സഭയില്‍ പ്രൊവിന്‍ഷ്യല്‍ പ്രിയറായും ജനറല്‍ പ്രിയറായും ബിഷപ്പായുമെല്ലാം ഉയര്‍ന്നപ്പോഴും, അന്നും ഇന്നുമെല്ലാം ഒരേപോലെയാണ് അദ്ദേഹത്തെ ഞാന്‍ ഓര്‍ക്കുന്നത്. വളരെ സൗഹൃദപരനായ, ബഹുമാന്യനായ, സമഗ്രതയുള്ള ഒരാള്‍. ഓരോ വ്യക്തിയുടെയും അന്തസ്സിനെ ബഹുമാനിക്കുന്ന വ്യക്തിത്വം. അദ്ദേഹം എല്ലാവരെയും ശ്രദ്ധയോടെ കേള്‍ക്കുന്നു, പുഞ്ചിരിയോടെ പ്രതികരിക്കുന്നു. ഏതു കാഴ്ചപ്പാടിനെയും ആദരവോടെ കാണുന്നു, എന്നാല്‍ അതിനര്‍ത്ഥം അദ്ദേഹം എല്ലാം അംഗീകരിക്കുന്നു എന്നല്ല മറിച്ച്, ബഹുമാനത്തോടെ പ്രതികരിക്കുകയാണ്.
അദ്ദേഹം വ്യക്തമായ നിലപാടുകള്‍ ഉള്ളവനാണ്, ഇരുകാലുമുറപ്പിച്ച് നില്‍ക്കുന്ന ഒരാള്‍. സഭയ്ക്ക് സേവനം ചെയ്യുക, ക്രിസ്തുവിന്റെ സാന്നിധ്യം പകര്‍ന്നു നല്‍കുക, ആത്മീയതയോടെയും വിനയത്തോടെയും ജീവിക്കുക ഇതാണ് അദ്ദേഹത്തിന്റെ ലക്ഷ്യം.
ഒരു സുഹൃത്ത് എന്ന നിലയില്‍ റോബര്‍ട്ട് പ്രെവോസ്റ്റ് വളരെ വിശ്വസ്തനും വിദ്യാര്‍ത്ഥി എന്ന നിലയില്‍ അസാധാരണമാംവിധം ബുദ്ധിമാനും ആണ്, ഈ രണ്ട് കാര്യങ്ങളും പരസ്പര വിരുദ്ധമല്ല. പുരോഗമനവാദിയെന്നോ യാഥാസ്ഥിതികനെന്നോ ഉള്ള മുദ്രകള്‍ അദ്ദേഹത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാന്‍ കഴിയില്ല. എല്ലാ കാര്യങ്ങളിലും അദ്ദേഹത്തിന് സമതുലിതമായ ഒരു വീക്ഷണമുണ്ട് എന്ന് ഞാന്‍ വിശ്വസിക്കുന്നു. അദ്ദേഹം നമ്മെ ശ്രദ്ധാപൂര്‍വ്വം കേള്‍ക്കുന്നു, ആലോചിച്ച് ഫലപ്രദമായി പ്രതികരിക്കുന്നു. അദ്ദേഹത്തിന്റെ അടിത്തറ എല്ലായ്‌പ്പോഴും ക്രിസ്തുവിന്റെ സുവിശേഷത്തില്‍ വേരൂന്നിയതാണ്. ലിയോ പാപ്പായുടെ ചിരകാലസുഹൃത്ത് പങ്കുവച്ചു.
Leave a Comment
Your email address will not be published. Required fields are marked with *