Follow Us On

01

July

2025

Tuesday

സുപ്രധാന നിയമനങ്ങള്‍ നടത്തി ലിയോ പതിനാലാമന്‍ പാപ്പാ

സുപ്രധാന നിയമനങ്ങള്‍ നടത്തി ലിയോ പതിനാലാമന്‍ പാപ്പാ

വത്തിക്കാന്‍ സിറ്റി: വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പേരില്‍ സ്ഥാപിതമായ, കുടുംബം, വിവാഹം എന്നിവയെ സംബന്ധിക്കുന്ന കത്തോലിക്കാ സഭയുടെ പഠനങ്ങളെ  പ്രോത്സാഹിപ്പിക്കുന്ന, ജോണ്‍ പോള്‍ രണ്ടാമന്‍ പൊന്തിഫിക്കല്‍ തിയോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഗ്രാന്‍ഡ് ചാന്‍സലറായി, റോമന്‍ രൂപതയുടെ പാപ്പായുടെ വികാരി ജനറാളും, പൊന്തിഫിക്കല്‍ ലാറ്ററന്‍ സര്‍വ്വകലാശാലയുടെ ചാന്‍സലറുമായ കര്‍ദിനാള്‍  ബാല്‍ദസാരെ റെയ്‌നയെ ലിയോ പതിനാലാമന്‍ പാപ്പാ നിയമിച്ചു. ഇതുസംബന്ധിച്ച അറിയിപ്പ് മെയ് മാസം പത്തൊന്‍പതാം തീയതിയാണ് പരിശുദ്ധ സിംഹാസനം അറിയിച്ചത്.

അതേസമയം, 2025 ജൂണ്‍ 27 ന് ഫ്രാന്‍സിലെ പാരായ് ലെ മോണിയല്‍ തീര്‍ത്ഥാടനകേന്ദ്രത്തില്‍ വച്ച് നടക്കുന്ന, വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയ ദര്‍ശനം ലഭിച്ചതിന്റെ 350ാം വാര്‍ഷികത്തിന്റെ സമാപന ആഘോഷങ്ങളില്‍ തന്റെ പ്രത്യേക പ്രതിനിധിയായി അജാക്‌സിയോ രൂപതയുടെ മെത്രാന്‍, ഫ്രാങ്ക്‌സ്‌വെ സവിയെ ബുസ്തില്ലിയോയെയും, പരിശുദ്ധ പിതാവ് മെയ് മാസം പത്തൊന്‍പതാം തീയതി നിയമിച്ചു.

വിശുദ്ധ മാര്‍ഗരറ്റ് മേരി അലക്കോക്കിന് യേശുവിന്റെ തിരുഹൃദയ ദര്‍ശനം ലഭിച്ചതിന്റെ 350ാം വാര്‍ഷികത്തോടനുബന്ധിച്ചാണ്, ഫ്രാന്‍സിസ് പാപ്പാ ഡിലെക്‌സിത്ത് നോസ് എന്ന തന്റെ അവസാന ചാക്രിക ലേഖനം രചിച്ചത്. 1673 ഡിസംബര്‍ 27 നും 1675 ജൂണ്‍ 18 നും ഇടയില്‍ ഫ്രഞ്ച് സന്യാസിനിയായിരുന്ന മാര്‍ഗരറ്റ് മേരി അലക്കോക്കിനു ലഭിച്ച  ദര്‍ശനങ്ങളാണ്  തിരുഹൃദയ ഭക്തി ലോകം മുഴുവന്‍ വ്യാപാരിക്കുന്നതിനു കാരണമായത്.

ഈ തിരുഹൃദയഭക്തി ലോകത്തിന്റെ എല്ലാ കോണുകളിലേക്കും പ്രചരിപ്പിക്കണമെന്നത് അലക്കോക്കിനു ദൈവം നല്‍കിയ നിര്‍ദേശമായിരുന്നു. 2023 ലാണ് ആദ്യ ദര്‍ശനത്തിന്റെ മുന്നൂറ്റിയന്‍പതാമത് വാര്‍ഷികം ആഘോഷിക്കപ്പെട്ടത്. ഇതേതുടര്‍ന്ന് ഈ ഭക്തിയുടെ പ്രചാരം ലോകത്തിലെങ്ങും കൂടുതല്‍ തീക്ഷ്ണതയോടുകൂടി മുന്‍പോട്ടു കൊണ്ടുപോകുവാന്‍ തക്കവണ്ണം ഒരു രേഖ പ്രസിദ്ധീകരിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പാ ആലോചിക്കുകയും, മുന്‍കാലത്തിലെ പഠനരേഖകളുടെയും, തിരുവചനഭാഗങ്ങളുടെയും, ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ താന്‍ പുതിയ ഒരു രേഖ തയ്യാറാക്കുന്നുവെന്ന സന്തോഷകരമായ വാര്‍ത്ത 2024 ജൂണ്‍ മാസം ഇതുസംബന്ധിച്ച വിവരങ്ങള്‍ പൊതുസമൂഹത്തെ അറിയിക്കുകയും ചെയ്തു.

ഹൃദയം നഷ്ടപ്പെട്ട ഒരു ലോകത്ത് അര്‍ത്ഥവത്തായ സന്ദേശം നല്‍കുവാന്‍ തിരുഹൃദയ ഭക്തി സഹായകരമാകുമെന്നു എടുത്തു പറഞ്ഞുകൊണ്ടാണ് പാപ്പാ ഈ ചാക്രികലേഖനത്തിനു രൂപം നല്‍കുന്നത്. 2024 ഒക്ടോബര്‍  മാസം ഇരുപതിനാലാം തീയതിയാണ് ഫ്രാന്‍സിസ് പാപ്പായുടെ ഈ നാലാമത്തെ ചാക്രികലേഖനം പ്രസിദ്ധീകരിക്കപ്പെടുന്നത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Related Posts

Latest Postss

Don’t want to skip an update or a post?