കത്തോലിക്കാ സഭയുടെ ചരിത്രത്തിൽ ആദ്യത്തെ അമേരിക്കൻ വംശജനായ പോപ്പ് ലിയോ XIV-ന്റെ തിരഞ്ഞെടുപ്പിനെ ആഘോഷിക്കുകയാണ് ജന്മനാട്. പാപ്പയുടെ സ്വന്തം ഷിക്കാഗോ അതിരൂപത ജൂൺ 14-ന് റേറ്റ് ഫീൽഡിൽ ഒരു മഹത്തായ ആഘോഷവും ആയിരക്കണക്കിന് ജനങ്ങൾ പങ്കെടുക്കുന്ന ദിവ്യബലിയും നടത്താനൊരുങ്ങുകയാണ്. അന്നേ ദിനം ഷിക്കാഗോ അതിരൂപത ഒട്ടാകെ “ജീവിതത്തിൽ ഒരിക്കൽ മാത്രം പങ്കെടുക്കാൻ സാധിക്കുന്ന മഹത്തായ ആഘോഷത്തിനായി” വൈറ്റ് സോക്സിന്റെ സ്റ്റേഡിയത്തിൽ ഒരുമിച്ചുചേരും.
സംഗീതനിശയും ആരവങ്ങളുമായി വിപുലമായ ആഘോഷങ്ങളാണ് അതിരൂപത ഒരുക്കുന്നത്. വിശ്വാസത്തിന്റെ ശക്തമായ സന്ദേശങ്ങൾ പങ്കുവയ്ക്കുന്ന സാക്ഷ്യപത്രങ്ങൾ ഈ വിശുദ്ധ ചടങ്ങിന് കൂടുതൽ മഹത്വം നൽകും. ആഘോഷത്തിന് ഉജ്ജ്വലമായ അവസാനഘട്ടം കൃതജഞതാ ദിവ്യബലി ആയിരിക്കും.
പോപ്പ് ലിയോ XIV, എന്ന റോബർട്ട് ഫ്രാൻസിസ് പ്രെവോസ്റ്റ്, വൈറ്റ് സോക്സിന്റെ ദീർഘകാല ആരാധകനായിരുന്നു. 2005-ലെ വേൾഡ് സീരീസ് മത്സരത്തിൽ ടീമിനെ പിന്തുണച്ചതിന്റെ 20 വർഷം പഴക്കമുള്ള വീഡിയോ ഇതിനകം ഒട്ടേറെ പേർ കണ്ടിരുന്നു. ചിക്കാഗോ തിയോളജിക്കൽ യൂണിയനിൽ നിന്ന് ദിവ്യത്വത്തിൽ മാസ്റ്റേഴ്‌സ് ബിരുദം നേടിയ അദ്ദേഹം, അഗസ്റ്റീനിയൻ മിഷനറിയായി സേവനം ചെയ്തു.
അതിരൂപത പുറത്തിറക്കിയ പ്രസ്താവനയിൽ, പോപ്പിന്റെ സ്ഥാനരോഹണ സന്ദേശം ലോകമെമ്പാടുമുള്ള ഹൃദയങ്ങളെ സ്പർശിച്ചു എന്ന് വ്യക്തമാക്കുന്നു. സമാധാനവും ഐക്യവുമെന്തെന്ന് വ്യക്തമാക്കുന്ന ഈ ആഘോഷം ജനങ്ങളെ ഒരുമിപ്പിക്കാൻ സഹായിക്കും. നഗരത്തിലും അതിർത്തികൾക്കപ്പുറത്തുമുള്ള എല്ലാവർക്കും അഭിമാനത്തോടെ ഒത്തുചേരുന്നതിനുള്ള അപൂർവ അവസരമാണിത്.
പരിപാടിയുടെ കൂടുതൽ വിശദാംശങ്ങൾ, ടിക്കറ്റിംഗ് വിവരങ്ങൾ എന്നിവ അടുത്ത ആഴ്ചയിൽ പ്രഖ്യാപിക്കും. ഈ ചരിത്രപരമായ ആഘോഷത്തില് പങ്കെടുക്കാൻ താൽപ്പര്യമുള്ളവർ വരും ദിവസങ്ങളിലായി പുറത്തുവിടുന്ന അറിയിപ്പുകൾ ശ്രദ്ധിക്കണമെന്ന് അതിരൂപത അറിയിച്ചു. ഷിക്കാഗോ നഗരത്തിന്റെ ഹൃദയത്തിൽ നടക്കുന്ന ഈ മഹത്തായ ആഘോഷം വലിയൊരു വിശ്വാസ പ്രഖ്യാപനം തന്നെയായിരിക്കും!
Leave a Comment
Your email address will not be published. Required fields are marked with *