വത്തിക്കാന്‍ സിറ്റി: ജൂണില്‍ എല്ലാ ഞായറാഴ്ചയും ലിയോ പതിനാലാമന്‍ മാര്‍പാപ്പ ദിവ്യബലിയില്‍ മുഖ്യ കാര്‍മികത്വം വഹിക്കും. കൂടാതെ വിശുദ്ധരുടെ നാമകരണനടപടികളിലുള്ള വോട്ടെടുപ്പിനായി കര്‍ദിനാള്‍മാരുടെ ഒരു കണ്‍സിസ്റ്ററി നടത്തുമെന്നും പാപ്പയുടെ ആരാധനക്രമ ആഘോഷങ്ങളുടെ ചുമതല വഹിക്കുന്ന ഓഫീസ് വ്യക്തമാക്കി.
ജൂണ്‍ 1 ഞായറാഴ്ച രാവിലെ 10:30 ന് കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശിമാരുടെയും വൃദ്ധരുടെയും ജൂബിലി ആഘോഷിക്കുന്നതിനായി സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ ദിവ്യബലിയര്‍പ്പിക്കും. ജൂണ്‍ 8 പന്തക്കുസ്താ തിരുനാള്‍ ദിനത്തില്‍, സഭാ പ്രസ്ഥാനങ്ങളുടെയും സംഘടനകളുടെയും പുതിയ സമൂഹങ്ങളുടെയും ജൂബിലിക്കായി രാവിലെ 10:30 ന് വത്തിക്കാന്‍ ചത്വരത്തില്‍ പാപ്പയുടെ കാര്‍മികത്വത്തില്‍ ദിവ്യബലി ഉണ്ടായിരിക്കും. ജൂണ്‍ 13 വെള്ളിയാഴ്ചയാണ് വിശുദ്ധരുടെ നാമകരണനടപടികളിലുള്ള വോട്ടെടുപ്പിനായി കര്‍ദിനാള്‍മാരുടെ കണ്‍സിസ്റ്ററി നടക്കുന്നത്.
ജൂണ്‍ 22 കോര്‍പ്പസ് ക്രിസ്റ്റി തിരുനാള്‍ ദിനത്തില്‍ വൈകുന്നേരം 5:00 ന് സെന്റ് ജോണ്‍ ലാറ്ററന്‍ ബസിലിക്കയില്‍ ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ ദിവ്യബലിയര്‍പ്പിക്കും. ജൂണ്‍ 27 വെള്ളിയാഴ്ച, യേശുവിന്റെ തിരുഹൃദയ തിരുനാള്‍ ദിനത്തില്‍ സെന്റ് പീറ്റേഴ്സ് ചത്വരത്തില്‍ രാവിലെ 9:00 മണിക്ക് പാപ്പ ദിവ്യബലി അര്‍പ്പിക്കും.
ജൂണ്‍ 29 ഞായറാഴ്ച, അപ്പോസ്തലന്മാരായ വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും തിരുനാള്‍ദിനത്തില്‍ രാവിലെ 9:30 ന് വിശുദ്ധ പത്രോസിന്റെ ബസിലിക്കയില്‍ നടക്കുന്ന ദിവ്യബലിയില്‍ മാര്‍പാപ്പ കാര്‍മികത്വം വഹിക്കും.
Leave a Comment
Your email address will not be published. Required fields are marked with *