ആലപ്പുഴ: ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ചാപ്ലിനായി ആലപ്പുഴ രൂപതാംഗം ഫാ. ജോണ്‍ ബോയയെ മാര്‍പാപ്പ നിയമിച്ചു. നിലവില്‍ ആഫ്രിക്കയില്‍ വത്തിക്കാന്‍ സ്ഥാനപതിയുടെ ചുമതല വഹിക്കുകയാണ് 42-കാരനായ ഫാ. ജോണ്‍ ബോയ. നയതന്ത്ര സേവനത്തിനുള്ള അംഗീകാരമായാണ് ചാപ്ലിന്‍ പദവി നല്‍കിയത്.
മാര്‍പാപ്പയുടെ ചാപ്ലിന്‍ എന്നത് മോണ്‍സിഞ്ഞോര്‍ എന്ന ഓണററി പദവിയാണ്. പേരിനൊപ്പം മോണ്‍സിഞ്ഞോര്‍ എന്നെഴുതുകയും ചുവപ്പ് അരപ്പട്ട ധരിക്കുകയും ചെയ്യും. വത്തിക്കാനില്‍ നിന്നുള്ള ഉത്തരവ് ആലപ്പുഴ രൂപത ബിഷപ് ഡോ. ജയിംസ് ആനാപറമ്പില്‍ മുഖേനയാണ് ഫാ. ബോയയെ അറിയിച്ചത്.
ആലപ്പുഴ വെള്ളാപ്പള്ളി കനാല്‍ വാര്‍ഡ് വെളിയില്‍ പരേതനായ ജോണിന്റെയും ലില്ലിയുടെയും മകനാണ്. 2014 സെപ്റ്റംബര്‍ 18 ന് വൈദികനായശേഷം വത്തിക്കാനില്‍ ഉന്നതപഠനം നടത്തി. തിരിച്ചെത്തി ആലപ്പുഴ രൂപതയില്‍ സേവനം ചെയ്യുന്നതിനിടെ 2021 ജനുവരിയിലാണ് വത്തിക്കാനില്‍ നയതന്ത്ര വിഭാഗത്തില്‍ സേവനത്തിന് നിയോഗിക്കപ്പെട്ടത്. കഴിഞ്ഞ ഏഴുമാസമായി ആഫ്രിക്കയിലെ ബുര്‍ക്കിനഫാസോയില്‍ സ്ഥാനപതിയുടെ ചുമതല വഹിക്കുന്നു.
Leave a Comment
Your email address will not be published. Required fields are marked with *